ADVERTISEMENT

ന്യൂഡൽഹി ∙ എയർ ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ 125 വിമാനങ്ങൾ ടാറ്റയ്ക്കു ലഭിക്കും. പാട്ടത്തിനെടുത്ത 32 എണ്ണം ഉൾപ്പെടെ എയർ ഇന്ത്യയ്ക്ക് 101 വിമാനങ്ങളാണുള്ളത്. എയർ ഇന്ത്യ എക്സ്പ്രസിന് 24 എണ്ണവും. വിമാനങ്ങൾക്കു പുറമേ മുപ്പതിലധികം രാജ്യങ്ങളിലെ 103 നഗരങ്ങളിലേക്കുള്ള റൂട്ടുകളും ആ വിമാനത്താവളങ്ങളിലെ പാർക്കിങ് സ്ലോട്ടുകളും ടാറ്റയ്ക്കു ലഭിക്കും. ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ, ന്യൂയോർക്ക്, പാരിസ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യയ്ക്ക് പാർക്കിങ് സ്ലോട്ടുണ്ട്.

ഇന്ത്യയ്ക്കകത്ത് 58 സ്ഥലങ്ങളിലേക്കുള്ള നൂറോളം റൂട്ടുകളും ടാറ്റയ്ക്കു ലഭിക്കും. യാത്രക്കാർ ഏറെയുള്ള റൂട്ടുകളും പാർക്കിങ് സ്ലോട്ടുകളും ലഭിക്കുന്നതു ടാറ്റയ്ക്കു നേട്ടമാകും. എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ എന്നിവ കേന്ദ്ര സർക്കാർ ഏറ്റെടുക്കും.

ബോയിങ് ഡ്രീംലൈനർ 27 എണ്ണം

9 തരം വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. എയർബസ് 319, എ 320 – 214, എയർബസ് 321, ബോയിങ് 747 – 400, ബോയിങ് 777 – 200, ബോയിങ് 777 – 300 ഇആർ, ബോയിങ് 787 ഡ്രീംലൈനർ, എടിആർ 42 – 320, എടിആർ 72 – 600 എന്നീ മോഡൽ വിമാനങ്ങളാണു നിലവിൽ സർവീസ് നടത്തുന്നത്. ഏറ്റവുമധികമുള്ളത് ബോയിങ് ഡ്രീംലൈനർ – 27 എണ്ണം; ഇതിൽ ആറെണ്ണം എയർ ഇന്ത്യയുടെ സ്വന്തമാണ്. ബാക്കിയുള്ളവ പാട്ടത്തിനെടുത്തതും.

എയർ ഇന്ത്യ എക്സ്പ്രസിന്റെ 24 വിമാനങ്ങളും ബോയിങ് 737 – 800 മോഡലാണ്. ഇതിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്തുന്നു. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ ഒഴിവാക്കിയേക്കും. എയർ ഇന്ത്യയുടെ കടം വീട്ടാൻ വിമാനങ്ങളിൽ ചിലതു വിൽക്കാനും നടപടിയെടുത്തേക്കും.

air-india-boing

ടാറ്റ ഏറ്റെടുക്കുമ്പോൾ എയർ ഇന്ത്യ വണ്ണിന് എന്തു സംഭവിക്കും?

രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർ വിദേശയാത്രകൾക്കായി കഴിഞ്ഞ വർഷം വരെ ഉപയോഗിച്ചിരുന്നത് എയർ ഇന്ത്യ വിമാനങ്ങളാണ് (ബോയിങ് നിർമിത 747 – 400 മോഡൽ). ഇവർ യാത്ര ചെയ്യുമ്പോൾ 2 വിമാനങ്ങൾ എയർ ഇന്ത്യ വിട്ടുനൽകുകയായിരുന്നു രീതി. ഈ വിഭാഗത്തിലുള്ള 4 വിമാനങ്ങളാണ് എയർ ഇന്ത്യയുടെ പക്കലുള്ളത്. വിഐപികളുടെ യാത്രയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കി ഉൾഭാഗത്തു താൽക്കാലിക മാറ്റങ്ങൾ വരുത്തിയാണു വിമാനങ്ങൾ നൽകിയിരുന്നത്. അവ പറത്തിയിരുന്നത് എയർ ഇന്ത്യയുടെ പൈലറ്റുമാരായിരുന്നു.

കഴിഞ്ഞ വർഷം ഇതിൽ മാറ്റം വന്നു. ഇവരുടെ യാത്രയ്ക്കു വേണ്ടി മാത്രമായി 777 – 300 ഇആർ വിഭാഗത്തിലുള്ള 2 വിമാനങ്ങൾ ഇന്ത്യ ബോയിങ്ങിൽനിന്നു വാങ്ങി. അവ പറത്തുന്നതിന്റെ ചുമതല വ്യോമസേനാ പൈലറ്റുമാർക്കാണ്. വിമാനത്തിന്റെ അറ്റകുറ്റ പണികൾ നടത്തിയിരുന്നത് എയർ ഇന്ത്യയിലെ എൻ‍‍‌ജിനീയർമാരായിരുന്നു. അതിന്റെ ചുമതല ഇനി വ്യോമസേന ഏറ്റെടുത്തേക്കും. ‘എയർ ഇന്ത്യ വൺ’ എന്നാണ് വിഐപികൾ സഞ്ചരിക്കുന്ന വിമാനത്തിന്റെ വിശേഷണം (കോൾ സൈൻ). എയർ ഇന്ത്യ ടാറ്റയുടെ സ്വന്തമാകുന്നതോടെ ഈ കോൾ സൈനിൽ മാറ്റം വന്നേക്കും.

air-india

രക്ഷാദൗത്യങ്ങൾ ഇനി എങ്ങനെ?

അടിയന്തര ഘട്ടങ്ങളിൽ വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ ആശ്രയിച്ചിരുന്നത് എയർ ഇന്ത്യയെയാണ്. കേന്ദ്രത്തിൽനിന്നു പണം ഈടാക്കിയാണ് കോവിഡ് വേളയിൽ എയർ ഇന്ത്യ രക്ഷാദൗത്യ സർവീസുകൾ നടത്തിയത്. ഭാവിയിൽ ഇത്തരം സർവീസുകൾക്കായി എയർ ഇന്ത്യയടക്കമുള്ള സ്വകാര്യ വിമാന കമ്പനികളെ കേന്ദ്രം സമീപിക്കും.

ഹജ് സർവീസ് എങ്ങനെ?

ഏറ്റവും കുറഞ്ഞ ചെലവിൽ ഹജ് വിമാന സർവീസ് നടത്താൻ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ വിമാന കമ്പനിക്കു അതിനുള്ള അവകാശം കേന്ദ്രം കൈമാറും. അടുത്ത വർഷത്തോടെ ഹജ് സർവീസുകൾക്കുള്ള സബ്സിഡി കേന്ദ്രം നിർത്തലാക്കും.

ടാറ്റയ്ക്ക് വിമാന സർവീസുകൾ 4

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ കൂടി ചേരുമ്പോൾ ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാന സർവീസുകളുടെ എണ്ണം നാലാകും; ഭാഗിക ഉടമസ്ഥാവകാശമുള്ള വിസ്താര, എയർ ഏഷ്യ എന്നിവയാണു മറ്റുള്ളവ. ഇന്ത്യയ്ക്കകത്ത് 150ൽ അധികം റൂട്ടുകളിൽ ഇവ നാലും ചേർന്നു സർവീസ് നടത്തുന്നുണ്ട്. പരസ്പരം മത്സരിക്കുന്ന നില വരാത്ത രീതിയിൽ അവയുടെ സർവീസ് സമയങ്ങളും റൂട്ടുകളും നിശ്ചയിക്കേണ്ടി വരും. 

  എയർ ഏഷ്യയെ എയർ ഇന്ത്യയിൽ ലയിപ്പിക്കുന്നത് ടാറ്റയുടെ പരിഗണനയിലുണ്ട്. വിസ്താരയുടെ കാര്യത്തിൽ, സഹ ഉടമസ്ഥാവകാശം വഹിക്കുന്ന സിംഗപ്പൂർ എയർലൈൻസ് ലയനത്തിന് എതിരാണ്.

English summary: Air India assets to Tata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com