പ്രളയം: ആന്ധ്രയിൽ മരണം 40; തിരുപ്പതി ക്ഷേത്രത്തിലെ പ്രളയഭീഷണി ഒഴിഞ്ഞു
Mail This Article
അമരാവതി ∙ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ആന്ധ്രപ്രദേശിൽ മരിച്ചവരുടെ എണ്ണം 40 ആയി. നെല്ലൂർ, ചിറ്റൂർ, കടപ്പ ജില്ലകൾ വൻ പ്രതിസന്ധിയിലാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തും ഗതാഗതം നിലച്ചു. ദേശീയപാതകളിൽ നൂറുകണക്കിനു വാഹനങ്ങളും ആയിരക്കണക്കിനു യാത്രക്കാരും കുടുങ്ങി. നൂറിലേറെ ട്രെയിനുകൾ റദ്ദാക്കി. ഏതാനും പാലങ്ങളും തകർന്നിട്ടുണ്ട്.
ചെന്നൈ–കൊൽക്കത്ത എൻഎച്ച് 16 നെല്ലൂരിനും വിജയവാഡയ്ക്കുമിടയിൽ തകർന്നു. റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള റോഡുകളും പലയിടത്തും തകർന്നു. നെല്ലൂരിനു സമീപം റെയിൽപാത തകർന്നതിനാൽ ഇതുവഴിയുള്ള 29 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.
വിജയവാഡ വഴി പോകുന്ന കേരളത്തിൽനിന്നുള്ള 9 ട്രെയിനുകളും റദ്ദാക്കിയതിൽ പെടുന്നു. കടപ്പ ജില്ലയിൽ മാത്രം 18 പേർ മരിച്ചു. വൻതോതിൽ കൃഷിനാശവുമുണ്ടായി. നൂറുകണക്കിനു വളർത്തുമൃഗങ്ങൾ മുങ്ങിച്ചത്തു. തിരുപ്പതി ക്ഷേത്രത്തിൽ പ്രളയഭീഷണി മാറിയെങ്കിലും നഗരത്തിൽ വെള്ളക്കെട്ടാണ്.
അന്നമയ അണക്കെട്ടിൽ നിറഞ്ഞത് കണ്ണീര്
കടപ്പ (ആന്ധ്രപ്രദേശ്)∙ അന്നമയ അണക്കെട്ടിനുണ്ടായ വിള്ളലാണ് കടപ്പ ജില്ലയിൽ ചെയ്യാർ നദിയെ കണ്ണീർപ്പുഴയാക്കിയത്. രാജംപേട് നിയമസഭാ മണ്ഡലത്തിലുള്ള ഇവിടെ വെള്ളം കുത്തിയൊഴുകി ബണ്ട് തകർന്നാണ് 18 പേർ മരിച്ചത്. ഒട്ടേറെപ്പേരെ കാണാനുണ്ട്. തിരച്ചിൽ തുടരുകയാണ്. തോഗുരുപെട്ട, മണ്ഡപള്ളി, പുലാപ്പത്തൂർ,ഗുണ്ട്‌ലുർ എന്നീ ഗ്രാമങ്ങൾ പാടേ തകർന്നു. നിന്നനിൽപ്പിൽ ജലനിരപ്പുയർന്നതോടെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയായിരുന്നു.
ജലനിരപ്പ് പത്തടി കവിഞ്ഞപ്പോൾ തന്നെ സ്ഥിതി രൂക്ഷമായി. ഡാമിൽ വിള്ളലുണ്ടായതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഇടത്തരം ജലസേചന പദ്ധതിയായ അന്നമയ അണക്കെട്ട് 22,550 ഏക്കർ ഭൂമിയിലേക്കുള്ള കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. പെണ്ണാ നദിയുടെ കൈവഴിയാണ് ചെയ്യാർ.
English Summary: Heavy rain in Andhra Pradesh