അഭിനന്ദന് വർധമാന് വീർചക്ര സമ്മാനിച്ചു
Mail This Article
ന്യൂഡൽഹി∙ രാജ്യത്തിനു വേണ്ടി പോരാടിയ ധീര സേനാംഗങ്ങൾക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് സേനാ പുരസ്കാരങ്ങൾ സമ്മാനിച്ചു. 2019 ഫെബ്രുവരിയിൽ ജമ്മു കശ്മീർ അതിർത്തിയിൽ പാക്ക് വ്യോമാക്രമണം ചെറുക്കുകയും പിന്നീട് പാക്ക് സേനയുടെ പിടിയിലാവുകയും ചെയ്ത യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാന് വീർചക്ര സമ്മാനിച്ചു.
2019ൽ കശ്മീരിലെ പുൽവാമയിൽ 5 ഭീകരരെ വധിച്ച ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മേജർ വിഭൂതി ശങ്കർ ധൗണ്ഡിയാലിനുള്ള മരണാനന്തര ശൗര്യചക്ര അദ്ദേഹത്തിന്റെ ഭാര്യ ലഫ്. നിതിക കൗൾ, അമ്മ സരോജ് ദൗണ്ഡിയാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായാണു നിതിക സേനയിൽ ചേർന്നത്.
2019ൽ കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച നായിബ് സുബേദാർ സോംബീറിനുള്ള മരണാനന്തര ശൗര്യചക്ര അദ്ദേഹത്തിന്റെ ഭാര്യ സുമൻ ദേവിയും അമ്മ രാജേന്ദരി ദേവിയും ഏറ്റുവാങ്ങി. മലയാളികളായ വൈസ് അഡ്മിറൽ (റിട്ട) ജി. അശോക് കുമാർ, ലഫ്. ജനറൽ (റിട്ട) ആർ.ഗോപാൽ എന്നിവർ പരമവിശിഷ്ട സേവാ മെഡലും വൈസ് അഡ്മിറൽ ശ്രീകുമാർ നായർ, റിയർ അഡ്മിറൽ ഫിലിപ്പോസ് ജി.പൈനുംമൂട്ടിൽ, ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ എന്നിവർ അതിവിശിഷ്ട സേവാ മെഡലും ഏറ്റുവാങ്ങി.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ 2 കീർത്തിചക്ര, ഒരു വീർചക്ര, 23 ശൗര്യ ചക്ര, 26 പരമവിശിഷ്ട സേവാ മെഡൽ, 4 ഉത്തം യുദ്ധ് സേവാ മെഡൽ, 49 അതിവിശിഷ്ട സേവാ മെഡൽ എന്നിവ സമ്മാനിച്ചു.
English Summary: Group Captain Abhinandan Varthaman, Who Shot Down Pak Jet, Receives Vir Chakra