ADVERTISEMENT

സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ ആദ്യത്തെ സംയുക്ത സേനാമേധാവി എന്നതിലുപരി, ഏറ്റവും വിപുലമായ സൈനിക പരിഷ്കാരങ്ങൾക്കു ചുക്കാൻ പിടിച്ചയാൾ എന്ന നിലയിലാകും ജനറൽ ബിപിൻ റാവത്തിനെ ചരിത്രം ഓർക്കുക.

17 വ്യത്യസ്ത സൈനിക കമാൻഡുകളായി ചിതറിക്കിടക്കുന്ന ഇന്നത്തെ 3 സേനാവിഭാഗങ്ങളെയും സംയോജിപ്പിച്ച് എട്ടോ ഒൻപതോ തിയറ്റർ കമാൻഡുകളാക്കി രൂപപ്പെടുത്താനുള്ള പദ്ധതി തുടങ്ങിവച്ചത് റാവത്തിന്റെ പരിഷ്കാരങ്ങളിൽ ഒന്നുമാത്രം. നിലവിലുള്ള ആൻഡമാൻ കമാൻഡ്, സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്, സൈബർ ഡിവിഷൻ എന്നിവ കൂടാതെ സ്പെഷൽ ഫോഴ്സസ് ഡിവിഷൻ, സംയുക്ത മേഖലാ കമാൻഡുകൾ, എയർ ഡിഫൻസ് കമാൻഡ് തുടങ്ങി ഓരോ മേഖലയിലും അവിടത്തെ സുരക്ഷാ ആവശ്യത്തിനുതകുന്ന സേനാവിഭാഗത്തിനു പ്രാമുഖ്യം നൽകിക്കൊണ്ട് പുതിയ കമാൻഡുകൾ രൂപീകരിക്കാനുള്ള പദ്ധതിയാണിത്.

രണ്ടാം ലോകയുദ്ധം പോലുള്ള വിപുലമായ യുദ്ധങ്ങൾക്കുതകുന്ന പഴയ രീതിയിലുള്ള വൻ കോറുകൾക്കും ഡിവിഷനുകൾക്കും പകരം ബ്രിഗേഡ് വലുപ്പത്തിലുള്ളതും ദ്രുതഗതിയിൽ നീക്കങ്ങൾ നടത്താൻ കഴിയുന്നതുമായ സംയുക്തപോരാട്ട സംഘങ്ങൾ (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ) രൂപീകരിക്കാനുള്ള പദ്ധതിയാണു മറ്റൊന്ന്.

ഇവയുടെയൊന്നും ഉപജ്ഞാതാവെന്നു റാവത്തിനെ വിശേഷിപ്പിക്കാൻ സാധിക്കില്ലെങ്കിലും, കാർഗിൽ യുദ്ധത്തിന്റെ നടത്തിപ്പിനെക്കുറിച്ചു പഠനം നടത്തിയ കെ.സുബ്രഹ്മണ്യം സമിതിയും ആ പഠനം വിലയിരുത്തിയ മന്ത്രിസഭാസംഘവും നിർദേശിച്ച ഇത്തരം പരിഷ്കാരങ്ങൾക്കുവേണ്ടി ശക്തമായി വാദിച്ചതും അവ യാഥാർഥ്യമാക്കാനുള്ള മാർഗരേഖ തയാറാക്കിയതും റാവത്ത് ആയിരുന്നു.

വിവാദങ്ങളെ ഭയക്കാതെ

3 സേനാവിഭാഗങ്ങളുടെയും പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഏതെല്ലാം രീതിയിൽ ഏകോപനം സാധ്യമാകുമെന്നതിനെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു; അവ പ്രകടിപ്പിക്കുന്നതിൽ പലപ്പോഴും സംയമനം പാലിച്ചില്ലെങ്കിലും. ഉദാഹരണത്തിന്, പീരങ്കിപ്പടയെയും ടാങ്ക് പടയെയും വിശേഷിപ്പിക്കുന്നതുപോലെ വ്യോമസേനയെ പിന്തുണസേനയെന്ന് അദ്ദേഹം ഒരിക്കൽ വിളിച്ചത് അവർക്കിടയിൽ അലോസരമുണ്ടാക്കി. മൂന്നാമതൊരു വിമാനവാഹിനി വേണമെന്ന നാവികസേനയുടെ ആവശ്യത്തിനെതിരെ പലപ്പോഴും പരസ്യപ്രസ്താവന നടത്തിയതും ചെറിയ പ്രശ്നങ്ങളുണ്ടാക്കി. വിമാനവാഹിനിയെക്കാൾ ഇന്ത്യയ്ക്കുവേണ്ടത് ശക്തമായ തീരപ്രതിരോധ സംവിധാനങ്ങളും ദ്വീപുകളെ കേന്ദ്രീകരിച്ചുള്ള പ്രഹരകേന്ദ്രങ്ങളുമാണെന്ന് അദ്ദേഹം പരസ്യമായി വാദിച്ചു.

സൈനിക നടത്തിപ്പിലും സുരക്ഷാസിദ്ധാന്തകാര്യങ്ങളിലും സുതാര്യതയും വിപുലമായ ചർച്ചകളും ആവശ്യമാണെന്നു റാവത്ത് വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓരോ വിവാദപ്രസ്താവനയും സൈന്യത്തിനുപുറത്തുള്ള വിദഗ്ധർക്കിടയിലും തിങ്ക്ടാങ്കുകളിലും മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെട്ടു. സൈനിക–സുരക്ഷാകാര്യങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ ഇത്തരം പ്രസ്താവനകളും ചർച്ചകളും ആവശ്യമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഇക്കാര്യങ്ങളിൽ മാധ്യമപ്രവർത്തകരുമായി അനൗപചാരിക കൂടിക്കാഴ്ചകൾ നടത്തി കാര്യങ്ങൾ വിശദീകരിക്കാനും അദ്ദേഹത്തിനു താൽപര്യമായിരുന്നു.

നിലപാടുകളിൽ മറയില്ലാതെ

സേനാമേധാവികൾ പൊതുവേ കൈകടത്താത്ത നയപരമായ കാര്യങ്ങളിലും പലപ്പോഴും തുറന്ന അഭിപ്രായപ്രകടനങ്ങളാണ് റാവത്ത് നടത്തിയത്. കശ്മീരിലെ സ്കൂൾ പഠനകാര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ കുടിയേറ്റനയത്തെക്കുറിച്ചുമെല്ലാം നടത്തിയ പരാമർശങ്ങൾ അതിരുകടന്നതായി അഭിപ്രായമുയർന്നിരുന്നു. വിവാദങ്ങളിലെല്ലാം തനിക്കു രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന പൂർണവിശ്വാസമാണ് റാവത്തിനെ മുന്നോട്ടുനയിച്ചത്. കരസേനാ മേധാവിയായുള്ള അദ്ദേഹത്തിന്റെ നിയമനം തന്നെ 2 സീനിയർ ലഫ്റ്റനന്റ് ജനറൽമാരെ മറികടന്നായിരുന്നു.

സൈനികസുരക്ഷാ സിദ്ധാന്തങ്ങളിൽ രാഷ്ട്രീയനേതൃത്വത്തിനുള്ള വീക്ഷണങ്ങൾ തന്നെയായിരുന്നു റാവത്തിനുമെന്നത് കാര്യങ്ങൾ എളുപ്പമാക്കി. ഉദാഹരണത്തിന്, അതിർത്തി കടന്നുവരുന്ന ഭീകരപ്രവർത്തനത്തെയും നുഴഞ്ഞുകയറ്റത്തെയും അതിർത്തികടന്നു ചെന്നു നേരിടണമെന്നു മാത്രമല്ല, അതു പ്രഖ്യാപിത നയമാക്കണമെന്നു മോദി സർക്കാരിനെപോലെ റാവത്തും വിശ്വസിച്ചു. മുൻ സർക്കാരുകളും അതിർത്തി കടന്ന് ഭീകരക്യാംപുകൾക്കെതിരെ മിന്നലാക്രമണം നടത്തിയിട്ടുണ്ടെങ്കിലും അവ സംബന്ധിച്ചു പ്രഖ്യാപനം നടത്തിയിരുന്നില്ല. മോദിയുടെയും റാവത്തിന്റെയും കാലത്താണ് അതിനു മാറ്റം വന്നത്. റാവത്ത് കൊൽക്കത്ത ആസ്ഥാനമായ കിഴക്കൻ കരസേനാ കമാൻഡിന്റെ മേധാവിയായിരിക്കെയാണ് 2015 ൽ കരസേന മ്യാൻമർ അതിർത്തി കടന്നു മിന്നലാക്രമണം നടത്തിയതായി ഇന്ത്യ അവകാശപ്പെട്ടത്. റാവത്ത് സേനാ മേധാവിയായിരിക്കെയാണ് സൈന്യത്തിലെ കമാൻഡോകൾ കശ്മീരിൽ നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണത്തിൽ ഭീകരക്യാംപുകൾ തകർത്തത്.

പട്ടാളക്കാർ മരിക്കില്ല, സാവധാനം മാഞ്ഞുപോകുകയേയുള്ളൂ എന്ന് ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട്. റാവത്ത് അങ്ങനെയല്ല – മിന്നൽപ്പിണർപോലെ വന്നു, മിന്നൽപ്പിണർ പോലെ പോയി.

English Summary: Bipin Rawat controled helm of Indian force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com