ADVERTISEMENT

ഇല്ല, പ്രിയ ജനറൽ, ഇനിയൊരു സല്യൂട്ട് ഞങ്ങൾക്കു നൽകാനാകില്ല... ബുധനാഴ്ച രാവിലെ ഉപചാരപൂർവം സല്യൂട്ട് നൽകി കൂനൂർ വെല്ലിങ്ടണിലേക്കു യാത്രയയച്ച ജനറൽ ബിപിൻ റാവത്തിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ ഇന്നലെ ഉച്ചകഴിഞ്ഞ് സൂലൂരിൽ അന്തിമാഭിവാദ്യം അർപ്പിക്കുമ്പോൾ സേനാംഗങ്ങളുടെ മനസ്സു പിടഞ്ഞു.

ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലികയുടെയും 11 സൈനിക ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങൾ സൂലൂർ വ്യോമതാവളത്തിൽ എത്തിക്കുമ്പോൾ പുറത്തു നൂറുകണക്കിനാളുകൾ പുഷ്പവൃഷ്ടിയുമായി വീരവണക്കം മുഴക്കുകയായിരുന്നു.

സൂലൂർ, ബുധൻ പകൽ

വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലേക്ക് പോകുന്നതിനായി ബുധനാഴ്ച പത്തരയോടെയാണു ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടുന്ന സംഘം സൂലൂരിലെത്തിയത്. പതിവുള്ള പോലെ ‘കൂൾ മൂഡിൽ’ തന്നെയായിരുന്നത്രേ ജനറൽ. 11.47നു ജനറലിനെയും സംഘത്തെയും വഹിച്ച ഹെലികോപ്റ്റർ പറന്നുയർന്നതോടെ സൂലൂർ താവളം പതിവു തിരക്കുകളിൽ മുങ്ങി.

12.08– അതായിരുന്നു ആ ദുരന്തനിമിഷം. ഹെലികോപ്റ്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നു. വയർലെസ് സന്ദേശങ്ങളും ഫോൺ സന്ദേശങ്ങളും തലങ്ങും വിലങ്ങും പാഞ്ഞു. ജനറൽ സഞ്ചരിച്ച കോപ്റ്റർ ഊട്ടിക്കു സമീപം കൂനൂരിൽ തകർന്ന വിവരം 12.25നു സ്ഥിരീകരിക്കുന്നു.

വെല്ലിങ്ടൺ, വ്യാഴം പകൽ

തലേന്നു ജനറലിനെ ഔദ്യോഗികമായി സ്വീകരിക്കാൻ കാത്തിരുന്ന വെല്ലിങ്ടണിലെത്തിയത് ചേതനയറ്റ ശരീരങ്ങൾ. ബുധനാഴ്ച രാത്രി 8നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ വെല്ലിങ്ടൺ കോളജിൽ യോഗം ചേർന്ന് അന്തിമ ചടങ്ങുകൾക്കു രൂപം നൽകിയിരുന്നു.

പത്തരയോടെ മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ച ഭൗതികശരീരങ്ങൾ അന്തിമോപചാരങ്ങൾക്കു ശേഷം ഡൽഹിയിലേക്കു കൊണ്ടുപോകുന്നതിനായി സൂലൂരിലേക്ക്. പാതയോരത്തു നൂറു കണക്കിനാളുകൾ കാത്തുനിന്നു. വഴിയിലെങ്ങും ജനറലിന്റെയും മരിച്ച സൈനികരുടെയും ചിത്രങ്ങളുള്ള ബോർഡുകൾ. ആംബുലൻസുകൾ കടന്നുപോകുമ്പോൾ ആളുകൾ പുഷ്പവൃഷ്ടി നടത്തി. യാത്രയ്ക്കിടയിൽ ഊട്ടി ചുരത്തിൽ പൊലീസ് ജീപ്പും മേട്ടുപ്പാളയത്തിനു സമീപം ആംബുലൻസും അപകടത്തിൽപെട്ടതു യാത്രയിൽ തടസ്സമുണ്ടാക്കി.

സൂലൂർ, വ്യാഴം പകൽ

സൂലൂരിൽ അന്ത്യാഞ്ജലിക്ക് അവസരം ലഭിക്കുമെന്നു കരുതി നൂറുകണക്കിനാളുകൾ പുറത്തു കാത്തുനിൽക്കുകയായിരുന്നു. 2.35ന് രണ്ട് ആംബുലൻസുകളെത്തി. തുടർന്ന് ബാക്കി 11 ആംബുലൻസുകളും. 3 മണിയോടെ, ആംബുലൻസുകൾ മുഴുവൻ അകത്തു കടന്നപ്പോൾ വലിയ ഗേറ്റ് അടഞ്ഞു. തുടർന്ന്, സേനാംഗങ്ങൾക്കു യാത്രാമൊഴി നൽകാനുള്ള സമയം.

English Summary: Crowds pay homage, floral tribute in Tamil Nadu as mortal remains are taken to Sulur Air Base

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com