ഒരു ശരാശരിക്കാരന് ചിറകുകൾ കിട്ടിയ കഥ; പ്രചോദനം വരുണ് പ്രിന്സിപ്പലിന് അയച്ച കത്ത്
Mail This Article
കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ഗുരുതര പരുക്കുകളേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബെംഗളൂരുവിലെ ആശുപത്രിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ വർഷം തേജസ്സ് യുദ്ധവിമാനം പറത്തുന്നതിനിടെ സാങ്കേതിക തകരാറുണ്ടായപ്പോൾ, സമയോചിതമായി ഇടപെട്ട് വിമാനം സുരക്ഷിതമായി ഇറക്കിയ വരുണിനെ രാജ്യം ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം നൽകി ആദരിച്ചു. ആ അഭിമാനവേളയിൽ താൻ പഠിച്ച ഹരിയാനയിലെ ചാന്ദിമന്ദിർ ആർമി പബ്ലിക് സ്കൂൾ പ്രിൻസിപ്പലിന് വരുൺ അയച്ച കത്താണിത്. ഒരു ശരാശരി വിദ്യാർഥി മികച്ച യുദ്ധപൈലറ്റായി മാറിയതിന്റെ കഥ പങ്കുവയ്ക്കുന്ന ഈ കത്ത് എല്ലാവർക്കും, പ്രത്യേകിച്ചു കുട്ടികൾക്ക് വലിയ പ്രചോദനമാകും.
സെപ്റ്റംബർ 18, 2021
പ്രിയപ്പെട്ട മാഡം,
ഞാൻ സ്കൂളിലെ 2000 ബാച്ചിലെ പൂർവ വിദ്യാർഥിയാണ്. സ്കൂൾ പഠനത്തിനു ശേഷം ഞാൻ നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് (എൻഡിഎ) തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എയർഫോഴ്സിൽ ഫ്ലൈയിങ് ഫൈറ്റർ വിഭാഗത്തിൽ ചേർന്നു.
ഞാനിതെഴുതുന്നത് അഭിമാനത്തോടെയും വിനയത്തോടെയുമാണ്. ഈ വർഷം ഓഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കൈയിൽനിന്ന് ഞാൻ ശൗര്യചക്ര പുരസ്കാരം സ്വീകരിച്ചു. 2020 ഓഗസ്റ്റ് 12ന് യുദ്ധവിമാനം പറത്തുന്നതിനിടെ സാങ്കേതിക തകരാർ ഉണ്ടായപ്പോൾ ഞാൻ കാണിച്ച ധീരതയ്ക്കുള്ള അംഗീകാരമായിരുന്നു അത്. ഈ അഭിമാനകരമായ പുരസ്കാരം നേടാനായതിന്റെ കടപ്പാട് സ്കൂളിലും എൻഡിഎയിലും എയർഫോഴ്സിലും എന്നോടു സഹകരിച്ചവരോടാണ്. അധ്യാപകരും സഹപാഠികളും നൽകിയ പരിശീലനവും പിന്തുണയും കാരണമാണ് നിർണായക ഘട്ടത്തിൽ ധീരതയോടെ പ്രവർത്തിക്കാനായതെന്ന് ഞാൻ കരുതുന്നു.
ജീവിതത്തിലെ ചില അനുഭവങ്ങൾ ഇവിടെ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കടുത്ത മത്സരത്തിന്റെ ഈ കാലത്ത് ശരാശരിക്കാരായി ഒതുങ്ങിപ്പോകുമെന്നു ഭയക്കുന്നവരെ അതു പ്രചോദിപ്പിക്കുമെന്ന് ഞാൻ കരുതുന്നു.
ഒന്നാം ക്ലാസു മുതൽ 12 വരെ ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു ഞാൻ. 12 ൽ ക്ലാസ് ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടതുമാത്രമാണ് അപവാദം. സ്പോർട്സിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും ശരാശരിക്കാരൻ തന്നെയായിരുന്നു. പക്ഷേ, വിമാനങ്ങളുടെ കാര്യങ്ങളിൽ എനിക്കു പ്രത്യേക അഭിനിവേശം ഉണ്ടായിരുന്നു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ക്വിസ് മത്സത്തിൽ 2 തവണ സ്കൂളിനെ പ്രതിനിധീകരിച്ചു സമ്മാനം വാങ്ങാനായി.
എൻഡിഎയിൽ ഓഫിസർ കെഡറ്റ് ആയാണ് ഞാൻ പഠിച്ചിറങ്ങിയത്. അവിടെയും ശോഭിച്ചില്ല. എന്നാൽ എയർഫോഴ്സ് അക്കാദമിയിൽ വിമാനങ്ങളോടുള്ള കമ്പം എനിക്ക് ഗുണംചെയ്തു. അപ്പോഴും ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ശരാശരിക്കാരൻ മാത്രമാണെന്ന ചിന്തയാണ് ആത്മവിശ്വാസം ഇല്ലാതാക്കിയത്. മുന്നിലെത്താൻ പരിശ്രമിക്കുന്നതിൽ കാര്യമില്ലെന്നും ഒന്നിലും മികവു തെളിയിക്കാൻ കഴിയില്ലെന്നുമായിരുന്നു ഞാൻ കരുതിയത്. എന്നാൽ, യുദ്ധവിമാനങ്ങളുടെ സ്ക്വാഡ്രനിൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് ആയി നിയമനം കിട്ടിയപ്പോൾ മനസ്സും ശരീരവും അർപ്പിച്ചാൽ ജോലിയിൽ തിളങ്ങാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ജോലിയിലും ജീവിതത്തിലും കാര്യങ്ങൾ അനുകൂലമാകാൻ തുടങ്ങിയത് അപ്പോൾ മുതലാണ്. ഓരോ ചുമതലയും ഏറ്റവും മികച്ച രീതിയിൽ ചെയ്യാൻ തുടങ്ങി. വൈകാതെ വെല്ലുവിളികൾ നിറഞ്ഞ ഫ്ലൈയിങ് ഇൻസ്ട്രക്ടേഴ്സ് കോഴ്സിലേക്ക് തിരഞ്ഞെടുത്തു. അവിടെ ആകെയുള്ള 5 ട്രോഫികളിൽ രണ്ടെണ്ണം കരസ്ഥമാക്കിയാണ് ഞാൻ തിരിച്ചെത്തിയത്.
തുടർന്ന് കഠിനമായ പരിശീലനങ്ങൾ ഉള്ള എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റ് കോഴ്സിലേക്കാണു പോയത്. 4 ഘട്ടങ്ങളുള്ള ആ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത 59 പൈലറ്റുമാരിൽ 7 പേർക്കു മാത്രമാണ് സിലക‍്ഷൻ ലഭിച്ചത്. 11 മാസം നീണ്ട കഠിനമായ പരിശീലനമായിരുന്നു അവിടെ. തുടർന്നു വിദേശത്തെ പ്രശസ്തമായ സ്റ്റാഫ് കോളജിലേക്കാണ് എന്നെ അയച്ചത്. മടങ്ങിവന്ന എന്നെ തേജസ്സ് എയർക്രാഫ്റ്റ് സ്ക്വാഡ്രനിൽ നിയമിച്ചു.
2019 ൽ ഐഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിലേക്കു തിരഞ്ഞെടുക്കപ്പെട്ട 12 പേരിൽ ഒരാൾ ഞാനായിരുന്നു. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടു. 2020 ഓഗസ്റ്റ് 12ന് ഞാൻ പറത്തിയ യുദ്ധ വിമാനത്തിൽ ഗുരുതരമായ സാങ്കേതിക പിഴവു കണ്ടെത്തി. വ്യോമസേനയുടെ നിയമാവലി അനുസരിച്ച്, വിമാനം ഉപേക്ഷിച്ച് പുറത്തുചാടി രക്ഷപ്പെടുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്.എന്നാൽ, അപകട സാധ്യതയുണ്ടായിട്ടും അതു നേരിട്ടുകൊണ്ട് പെട്ടെന്നു ചില തീരുമാനങ്ങളെടുത്ത് ഞാൻ വിമാനം അപകടം കൂടാതെ നിലത്തിറക്കി.
ഞാനിതെല്ലാം എഴുതിയത് എന്റെ നേട്ടങ്ങൾ കൊട്ടിഘോഷിക്കാനോ അഭിനന്ദനം പ്രതീക്ഷിച്ചോ അല്ല. എന്റെ അനുഭവങ്ങൾ ഭാവിയിൽ കുട്ടികൾക്ക് ഗുണം ചെയ്യുമെന്നതിനാലാണ്.
ശരാശരിക്കാരൻ എന്നതു കുറവായി കാണരുത്. സ്കൂളിൽ എല്ലാവരും മികച്ചവരാകുകയോ 90% മാർക്ക് നേടുന്നവരോ ആകില്ല. അങ്ങനെയാകുന്നത് നല്ലതാണ്. അങ്ങനെയല്ല എന്നതുകൊണ്ട് എക്കാലവും നിങ്ങൾ ശരാശരിക്കാരൻ ആകാൻ വിധിക്കപ്പെട്ടവരാണെന്നു ചിന്തിക്കരുത്. ലക്ഷ്യം എന്താണെന്ന് നിശ്ചയിക്കുക. അത് കലയോ സംഗീതമോ ഗ്രാഫിക് ഡിസൈനിങ്ങോ സാഹിത്യമോ അങ്ങനെ എന്തുമാകട്ടെ. അതിനായി സമർപ്പണത്തോടെ ചെയ്യുക. കൂടുതൽ നന്നായി ചെയ്യാമായിരുന്നു എന്ന ചിന്തയോടെ രാത്രി ഉറങ്ങാൻ ഇടവരുത്തരുത്.
പ്രതീക്ഷ കൈവിടരുത്. ലക്ഷ്യം എളുപ്പമാകണമെന്നില്ല. അതിന് കഠിനശ്രമം വേണ്ടിവരും. പലതും ത്യജിക്കേണ്ടിവരും. 12–ാം ക്ലാസിലെ മാർക്ക് ഭാവിയിൽ നിങ്ങൾ എന്തായിത്തീരും എന്നു തീരുമാനിക്കുമെന്ന് കരുതരുത്. നിങ്ങളിൽ വിശ്വസിക്കുക, ലക്ഷ്യം നേടാൻ പരിശ്രമിക്കുക.
ഞാൻ എഴുതിയ കാര്യങ്ങൾ കുട്ടികളോട് പങ്കുവയ്ക്കുകയാണെങ്കിൽ സന്തോഷം. സമ്മർദങ്ങളും വെല്ലുവിളികളും അനിശ്ചിതത്വവും നേരിടുന്നവരാണല്ലോ അവർ. അവരിൽ ഒരാളെയെങ്കിലും പ്രചോദിപ്പിക്കാൻ കഴിഞ്ഞാൽ ഈ കത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെട്ടതായി ഞാൻ കരുതും.
ഞാൻ ആവർത്തിക്കട്ടെ. ഈ ബഹുമതി എന്നെ വളർത്തിയെടുത്തവർക്കാണ്. ഓരോ അധ്യാപകനെയും അങ്ങേയറ്റം ബഹുമാനത്തോടെ ഞാൻ സ്മരിക്കുന്നു. ജീവിതത്തിലും ഉദ്യോഗത്തിലും കൈവരിച്ച നേട്ടങ്ങൾക്ക് അവരോടു നന്ദി പറയുന്നു.
ഹൃദയം നിറഞ്ഞ നന്ദിയോടെ
വരുൺ സിങ്.
English Summary: Group Captain Varun Singh letter