നിയന്ത്രണം വിട്ടു പാഞ്ഞ ‘തേജസ്സി’നെ വരുതിയിലാക്കി; മികച്ച യുദ്ധവിമാന പൈലറ്റ്
Mail This Article
ന്യൂഡൽഹി ∙ ആകാശത്ത് നിയന്ത്രണം വിട്ട് പാഞ്ഞ തേജസ്സ് യുദ്ധവിമാനത്തെ ചങ്കൂറ്റത്തിന്റെ ബലത്തിൽ സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാജ്യത്തിനു നഷ്ടമാകുന്നത് വ്യോമസേനയിലെ ഏറ്റവും മികച്ച യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളെ.
2020 ഒക്ടോബർ 12നാണ് വരുൺ പറത്തിയ യുദ്ധവിമാനം സാങ്കേതിക തകരാർ മൂലം നിയന്ത്രണം വിട്ട് കുതിച്ചത്. ഈ ഘട്ടത്തിൽ, വിമാനം ഉപേക്ഷിച്ച് പാരഷൂട്ടിൽ സുരക്ഷിതമായി ഇറങ്ങാനാണ് സാധാരണ നിലയിൽ പൈലറ്റുമാർ ശ്രമിക്കാറുള്ളത്. എന്നാൽ, വിമാനം ഉപേക്ഷിക്കാൻ വരുൺ തയാറായിരുന്നില്ല. സെക്കന്റുകൾക്കിടയിൽ നടത്തിയ പലതരം സാങ്കേതിക പ്രവർത്തനങ്ങളിലൂടെ അദ്ദേഹം നിയന്ത്രണം വീണ്ടെടുത്തു. പിന്നാലെ സുരക്ഷിതമായി നിലത്തിറക്കി. ആ ധീരപ്രവൃത്തിക്കുള്ള അംഗീകാരമായി രാജ്യം നൽകിയ ശൗര്യചക്ര പുരസ്കാരം കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി.
മധ്യപ്രദേശിലെ ഭോപാൽ സ്വദേശിയായ വരുണിന്റെ വീട് നിറയെ സേനാംഗങ്ങളായിരുന്നു– അച്ഛൻ കേണൽ കെ.പി.സിങ്ങും അമ്മാവൻ കേണൽ ആർ.പി. സിങ്ങും മുൻ കരസേനാംഗങ്ങൾ, സഹോദരൻ കമാൻഡർ തനുജ് സിങ് നാവികസേനാംഗം.
2003 ൽ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) നിന്നു പാസായ വരുൺ, കുടുംബത്തിൽ നിന്നുള്ള ആദ്യ വ്യോമസേനാംഗമായി. 2004 ൽ യുദ്ധവിമാന പൈലറ്റായി വ്യോമസേനയിൽ ചേർന്നു. തേജസ്സ്, ജാഗ്വർ വിമാനങ്ങളുടെ പരീക്ഷണ പൈലറ്റായിരുന്നു അദ്ദേഹം. സേനയിലെ ഏറ്റവും മികച്ച പൈലറ്റുമാരെയാണു യുദ്ധവിമാനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള പരീക്ഷണ പൈലറ്റുമാരായി നിയോഗിക്കുന്നത്.
2019 ൽ ഐഎസ്ആർഒ പ്രഖ്യാപിച്ച ഗഗൻയാൻ പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങളാൽ പിന്നീട് ഒഴിവാക്കി. ഹരിയാനയിൽ പഠിച്ച ചാന്ദിമന്ദിർ ആർമി പബ്ലിക് സ്കൂളിലെ കുട്ടികൾക്കായി അദ്ദേഹം എഴുതിയ കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരാശരി വിദ്യാർഥിയിൽ നിന്ന് മികച്ച യുദ്ധവിമാന പൈലറ്റായി മാറിയ കഥ പങ്കുവയ്ക്കുന്ന കത്ത് ശൗര്യചക്ര നേടിയ വേളയിലാണ് എഴുതിയത്.
വാക്കുകൾ മുറിഞ്ഞ് പ്രതിരോധമന്ത്രി
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ മരണവിവരം അറിയിക്കുന്നതിനിടെ വികാരാധീനനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഡെറാഡൂണിൽ മുൻ സേനാംഗങ്ങൾക്കായി ബിജെപി നടത്തിയ പരിപാടിയിൽ പ്രസംഗിക്കവേയാണു മരണവിവരം രാജ്നാഥ് അറിഞ്ഞത്. അൽപനേരം മൗനം പാലിച്ച രാജ്നാഥ് പിന്നാലെ വിവരം സദസ്സിനെ അറിയിച്ചു. എല്ലാവരോടും എഴുന്നേറ്റ് നിന്ന് ഒരു നിമിഷം പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സംസാരിക്കാനാവില്ലെന്നു പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
English Summary: Group captain Varun Singh