ADVERTISEMENT

ഭോപാൽ ∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ് ഇനി ജ്വലിക്കുന്ന ഓർമ. പൂർണ ഔദ്യോഗിക– സൈനിക ബഹുമതികളോടെ ഭോപാലിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. ഉത്തർപ്രദേശിലെ ഘസിയാബാദാണ് വരുണിന്റെ ജന്മനാട്.

സൈനിക ആശുപത്രിയിൽ നിന്ന് പുഷ്പാലംകൃതമായ വാഹനത്തിൽ ദേശീയ പതാക പുതപ്പിച്ച മൃതദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാൻ വഴിയോരത്ത് ജനം കാത്തു നിന്നു. ‘‘ഭാരത് മാതാ കീ ജെയ്.ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ് അമർ രഹെ’’ വിളികൾ മുഴങ്ങി. സംസ്കാരവേദിയിൽ സേനയുടെ ഗാർഡ് ഓഫ് ഓണർ നൽകിയതിനു ശേഷം മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പൂക്കളർപ്പിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മന്ത്രി വിശ്വാസ് സാരംഗ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

നേരത്തെ സംസ്ഥാന സർക്കാർ കുടുംബത്തിന് ഒരുകോടി രൂപയും സംസ്ഥാന സർവീസിൽ ഒരാൾക്ക് ജോലിയും നൽകുമെന്നറിയിച്ചിരുന്നു. കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് വരുണിന്റെ പ്രതിമ സ്ഥാപിക്കുമെന്നും ഭോപാലിൽ ഒരു പ്രധാന സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരു നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അച്ഛന്, ധീരന്...: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം ഭോപാലിൽ നടക്കുമ്പോൾ തൊഴുകൈകളുമായി മകൾ ആരാധ്യ സിങ്.  ചിത്രം: പിടിഐ
അച്ഛന്, ധീരന്...: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം ഭോപാലിൽ നടക്കുമ്പോൾ തൊഴുകൈകളുമായി മകൾ ആരാധ്യ സിങ്. ചിത്രം: പിടിഐ

വരുൺസിങ്ങിന്റെ ഇളയ സഹോദരനും നാവികസേനയിൽ ലഫ്.കമാൻഡറുമായ തനൂജ് സിങ്, മകൻ എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. വരുണിന്റെ പിതാവ് കേണൽ കെ.പി.സിങ്, അമ്മ ഉമ, ഭാര്യ എന്നിവർ നിറകണ്ണുകളോടെ അന്ത്യകർമങ്ങൾക്കു സാക്ഷിയായി. 

കഴിഞ്ഞ 8ന് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ബെംഗളൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു വരുൺ സിങ്. പ്രാർഥനകൾ വിഫലമാക്കി 14 ന് അദ്ദേഹവും മരിച്ചു.

English Summary: Group Captain Varun Singh Who Died Of Chopper Crash Wounds Gets Moving Send-Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com