കൂനൂർ അപകട കാരണം മോശം കാലാവസ്ഥ; അട്ടിമറി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തൽ
Mail This Article
ന്യൂഡൽഹി ∙ ഹെലികോപ്റ്റർ പറത്തിയിരുന്നവർക്ക് പ്രതികൂല കാലാവസ്ഥയിൽ സ്ഥലവും സാഹചര്യവും കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വന്നതാകാം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കൂനൂർ അപകടത്തിന്റെ കാരണമെന്നു വിലയിരുത്തലിലേക്ക് അന്വേഷണ സംഘം.
അട്ടിമറി ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിക്കും വിധമാണ് കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷൻ വിഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം എത്തിയത്. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. അപകടത്തിൽ ബിപിൻ റാവത്തും ഭാര്യയും ഒപ്പമുണ്ടായിരുന്ന മുഴുവൻ ക്രൂ അംഗങ്ങളും മരിച്ചതു സേനയ്ക്കും ഞെട്ടലായിരുന്നു.
കോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നടത്തിയ ഫൊറൻസിക് പരിശോധന, ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ (ബ്ലാക്ക് ബോക്സ്), കോക്പിറ്റ് വോയ്സ് റിക്കോർഡർ തുടങ്ങിയവയും അന്വേഷണസംഘം പരിശോധിച്ചു. യാത്രയ്ക്കു മുന്നോടിയായി നടന്ന സംഭവങ്ങളും കോപ്റ്ററിന്റെ സാങ്കേതിക വിശദാംശങ്ങളും കാലാവസ്ഥയും പഠിച്ചു.
English Summary: Foggy weather may’ve led to disorientation of pilots in Bipin Rawat copter