ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ തുടർച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുക എന്ന ലക്ഷ്യമാണ് ബിജെപിക്ക്. ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയാതെ വലയുന്ന അവസ്ഥയിലാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോയ കോൺഗ്രസ് കൂടുതൽ ദുർബലമാണെന്നത് ബിജെപിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. കോൺഗ്രസിൽ നിന്ന് വൻ തോതിൽ നേതാക്കളെയും അണികളെയും ബിജെപി ചോർത്തിയെടുത്തു കഴിഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടിയ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭൂരിപക്ഷത്തിന് 3 സീറ്റ് മാത്രം മതിയായിരുന്നു കോൺഗ്രസിന്. പക്ഷേ, 21 സീറ്റ് നേടിയ ബിജെപി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുടെ പിന്തുണയോടെ സർക്കാരുണ്ടാക്കി. എൻപിപി, എൻപിഎഫ് എന്നിവർക്ക് 4 വീതം സീറ്റ് ലഭിച്ചപ്പോൾ എൽജെപിക്ക് ഒരു സീറ്റ് ലഭിച്ചു. 5 വർഷത്തെ ഭരണം പൂർത്തിയാകുമ്പോൾ എംഎൽഎമാരുടെ കാലുമാറ്റം മൂലം കോൺഗ്രസ് അംഗസംഖ്യ 15 ആയി ചുരുങ്ങി. 

കരുത്തുകൂട്ടി ബിജെപി

വിഭാഗീയതയുടെ അസ്കിതകളുണ്ടെങ്കിലും ബിജെപി കൂടുതൽ കരുത്തു നേടിയിട്ടുണ്ട്. 2020 ൽ ഉപമുഖ്യമന്ത്രി ഉൾപ്പെടെ 9 എംഎൽഎമാർ ഭരണകക്ഷിക്കുള്ള പിന്തുണ പിൻവലിച്ചതോടെ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ  പ്രതിസന്ധി നേരിട്ടിരുന്നെങ്കിലും ഇതിനെ സമർഥമായി നേരിടാൻ ബിജെപി നേതൃത്വത്തിനു കഴിഞ്ഞു. ഇത്തവണ ബിജെപിയെ ആര് നയിക്കും എന്നതിന് കൃത്യതയില്ല. ഫുട്ബോളറായിരുന ബിരേൻ സിങ്ങിനൊപ്പം ആർഎസ്എസ് പിന്തുണയുള്ള തൊങ്ഗം ബിശ്വജിത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്.

വികസനവും സമാധാനവും എന്ന മുദ്രാവാക്യമാണ് ബിജെപി ഉയർത്തുന്നത്. റോഡ്, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ 4800 കോടിയുടെ പദ്ധതി നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. കോൺഗ്രസ് ഭരണകാലത്ത് വികസനം മുരടിച്ചതായും മണിപ്പുരിൽ അക്രമികൾ അഴിഞ്ഞാടിയതായും ബിജെപി ആരോപിക്കുന്നു. എന്നാൽ, അസം റൈഫിൾസിന്റെ കമാൻഡിങ് ഓഫിസറും കുടുംബവും ജവാൻമാരും തീവ്രവാദി ആക്രമണത്തിൽ കഴിഞ്ഞ വർഷവാവസാനം കൊല്ലപ്പെട്ടത് ബിജെപിയുടെ സമാധാന അവകാശവാദങ്ങളുടെ മുനയൊടിക്കുകയാണ്.അധികാരമുള്ളയിടത്തേക്ക് ചായുന്നതാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയം. അതിനാൽ ബിജെപി കടുത്ത ആത്മവിശ്വാസത്തിലാണ്.   

വീണ്ടും തളർന്ന് കോൺഗ്രസ്

കോൺഗ്രസ് കൂടുതൽ ദുർബലമായിരിക്കുകയാണ്. സീനിയർ എംഎൽഎമാരിൽ പലരും ബിജെപിയിലും എൻപിപിയിലും ചേർന്നു. 6 തവണ എംഎൽഎയും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ ഗോവിങ്ദാസ് കൊന്തൗജം ബിജെപിയിൽ ചേർന്നതോടെ പാർട്ടി പാടേ ദുർബലമായി.  3 ടേം സംസ്ഥാനം ഭരിച്ച ഇബോബി സിങ് (73) ആണ് ഇന്നും കോൺഗ്രസിന്റെ പ്രധാന മുഖം. ആരോഗ്യ പ്രശ്നങ്ങൾമൂലം ഇബോബി സിങ്ങിനെ വർഷങ്ങളായി പൊതുവേദിയിൽ കാണാറില്ല. കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് ഇബോബി സിങ്ങിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ് നടക്കുകയാണ്. 15 വർഷം സംസ്ഥാനം ഭരിച്ചിട്ടും കോൺഗ്രസ് സംഘടനാപരമായി ദുർബലമാണ്.

പ്രത്യേക സായുധസേനാധികാര നിയമത്തിനെതിരേ 16 വർഷം നിരാഹാരമിരുന്ന ഇറോം ചാനു ശർമിള മത്സരിച്ച തിരഞ്ഞെടുപ്പ് എന്ന സവിശേഷത കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. പക്ഷേ, വൻ പരാജയമാണ് അവർക്കുണ്ടായത്. സിപിഎം, സിപിഐ പാർട്ടികളുമായി സഖ്യമുണ്ടാക്കാനായി ഡൽഹിയിൽ കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. സിപിഐക്ക് 0.74% വോട്ടും സിപിഎമ്മിന് 0.01% വോട്ടുമാണു കഴിഞ്ഞ തവണ ലഭിച്ചത്.

മുഖ്യപോരാളികൾ

ബിരേൻ സിങ്: നിലവിൽ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിലെ നായകനെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. 

ഇബോബി സിങ്: 3തവണ മുഖ്യമന്ത്രി. കോൺഗ്രസിന്റെ പ്രധാന മുഖമെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷം.

English Summary: Manipur Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com