വിശാല സഖ്യം: ഗോവയിൽ മനസ്സു തുറന്ന് കോൺഗ്രസും
Mail This Article
മുംൈബ∙ ഗോവയിൽ വിശാലസഖ്യത്തിനു ശ്രമിക്കുമെന്നു തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരിക്കെ, ബിജെപിയെ പരാജയപ്പെടുത്താൻ ഏതു കക്ഷിയുടെ പിന്തുണയും സ്വീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അറിയിച്ചു.
മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായി തൃണമൂൽ സഖ്യത്തിലാണ്. ഗോവ ഫോർവേഡ് പാർട്ടിയും കോൺഗ്രസും തമ്മിലാണ് സഖ്യം. 4 പാർട്ടികളും ചേർന്നുള്ള മുന്നണിക്ക് സന്നദ്ധമാണെന്നു ഗോവയുടെ ചുമതല വഹിക്കുന്ന തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു.
എന്നാൽ, സഖ്യനീക്കവുമായി തൃണമൂൽ സമീപിച്ചിട്ടില്ലെന്ന് ചിദംബരം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് ഒറ്റയ്ക്കു സാധിക്കുമെന്നും എന്നാൽ, കക്ഷികൾ പിന്തുണ വാഗ്ദാനം ചെയ്താൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലും യുപിയിലും ഏതാനും സീറ്റുകളിൽ ശിവസേന മത്സരിക്കും. ഗോവയിൽ എൻസിപിയും ശിവസേനയും ധാരണയിലെത്തിയിട്ടുണ്ട്.
കോൺഗ്രസും ഒപ്പം ഉണ്ടാകണമെന്നതാണ് ആഗ്രഹമെന്നു മുതിർന്ന സേനാ നേതാവ് സഞ്ജയ് റാവത് പറഞ്ഞു. ഗോവയിൽ തൃണമൂൽ മത്സരിക്കുന്നത് ബിജെപിക്കു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര എംഎൽഎ കോൺഗ്രസിലേക്ക്
ഗോവയിൽ സ്വതന്ത്ര എംഎൽഎ പ്രസാദ് ഗാൻവകർ രാജിവച്ചു. കോൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം 14നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്മി പാർട്ടി സ്ഥാനാർഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കി. 10 സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
English Summary: Congress on Alliance in Goa