ADVERTISEMENT

മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ഗോവയിൽ ബിജെപി മന്ത്രിയും എംഎൽഎയും രാജിവച്ചു. തുറമുഖ വകുപ്പു മന്ത്രി മൈക്കിൾ ലോബോയും എംഎൽഎ പ്രവീൺ സാന്റെയുമാണ് പാർട്ടിയും പദവിയും വിട്ടത്. ഒരു മാസത്തിനിടെ 4 എംഎൽഎമാരാണ് ബിജെപിയിൽനിന്നു രാജിവച്ചത്. മൈക്കിൾ ലോബോ കോൺഗ്രസിലും പ്രവീൺ സാന്റെ മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയിലും (എംജിപി) ചേർന്നേക്കുമെന്നാണു സൂചന. തൃണമൂൽ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ് എംജിപി. 

കഴിഞ്ഞ മാസം വാസ്കോ എംഎൽഎ കാർലോസ് അൽമേഡ കോൺഗ്രസിലേക്കും ദക്ഷിണ ഗോവ എംഎൽഎയും മുൻ വനംമന്ത്രിയുമായ അലിന സൽദാന ആം ആദ്മി പാർട്ടിയിലേക്കും ചേക്കേറിയിരുന്നു. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മരണശേഷം ബിജെപി തങ്ങളെ അവഗണിക്കുകയാണെന്നാണു ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവരുടെ ആരോപണം. രാജിവച്ച 3 പേർ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളവരാണ്. 

അതിനിടെ, ഞായറാഴ്ച രാജിവച്ച സ്വതന്ത്ര എംഎൽഎ പ്രസാദ് ഗാവ്കറും ബിജെപി വിട്ട യുവമോർച്ച ദേശീയ നിർവാഹക സമിതിയംഗം ഗജാനൻ തിൽവെയും കോൺഗ്രസിൽ ചേർന്നു. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽനിന്നു രാജിവയ്ക്കുന്ന ആദ്യമന്ത്രിയാണ് മൈക്കിൾ ലോബോ. 7 നിയമസഭാ മണ്ഡലങ്ങളുള്ള ബർദേസ് താലൂക്കിൽ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. 

40 അംഗ നിയമസഭയിലേക്ക് അടുത്ത മാസം 14ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും ആം ആദ്മി പാർട്ടിയും ഒറ്റയ്ക്കു മത്സരിക്കുമ്പോൾ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് കളത്തിലിറങ്ങുന്നത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായുള്ള സഖ്യമാണ് കന്നിയങ്കത്തിന് ഇറങ്ങുന്ന തൃണമൂൽ കോൺഗ്രസിന്റെ ബലം. കോൺഗ്രസ് ഉൾപ്പെടുന്ന വിശാല സഖ്യമെന്ന നിർദേശം തൃണമൂൽ കോൺഗ്രസ് മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ചർച്ചകൾ ആരംഭിക്കാനിരിക്കുന്നതേയുള്ളു. 

ഗോവ: കോൺഗ്രസിന് 7 സ്ഥാനാർഥികൾക്കൂടി

മുംൈബ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. ഏഴു പേരുടെ പട്ടികയാണ് ഇന്നലെ പുറത്തു വിട്ടത്. നേരത്തെ 8 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.

English Summary: Goa bjp minister and mla resigns from party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com