ഐസിഎംആർ നയം മാറി; സമ്പർക്കത്തിന്റെ പേരിൽ പരിശോധന വേണ്ട
Mail This Article
ന്യൂഡൽഹി ∙ കോവിഡ് ബാധിതരുമായി സമ്പർക്കത്തിലായതിന്റെ പേരിൽ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുതിയ പരിശോധനാ നയത്തിൽ പറയുന്നു. ഇവർ പ്രായം കൊണ്ടോ ഗുരുതര രോഗങ്ങൾ കൊണ്ടോ ‘റിസ്ക്’ വിഭാഗത്തിലാണെങ്കിലേ പരിശോധന ആവശ്യമുള്ളൂ. സമ്പർക്കപ്പട്ടികയിലുള്ളവരെ നിർബന്ധമായും പരിശോധിക്കണമെന്നാണ് ഐസിഎംആർ മുൻപു പറഞ്ഞിരുന്നത്.
കോവിഡ് ലക്ഷണമില്ലാത്ത ആർക്കും പരിശോധന വേണ്ടെന്നാണു പുതിയ നയത്തിൽ പറയുന്നത്. സംസ്ഥാനാന്തര യാത്രക്കാർക്കു പരിശോധന ആവശ്യമില്ല. (ചില സംസ്ഥാനങ്ങളിൽ നിലവിൽ ഇതു നിർബന്ധമാണ്). ഇടയ്ക്കുള്ള പരിശോധനകൾക്കോ പ്രസവത്തിനോ എത്തുന്ന ഗർഭിണികൾക്കും ലക്ഷണങ്ങളില്ലെങ്കിൽ പരിശോധന വേണ്ട.
ഹോം ടെസ്റ്റ് കിറ്റ്, ആന്റിജൻ പരിശോധന എന്നിവയിൽ പോസിറ്റീവായാൽ അന്തിമ സ്ഥിരീകരണത്തിന് ആർടിപിസിആർ ആവശ്യമില്ല. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായിട്ടും കോവിഡ് ലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ നടത്തണം. കോവിഡ് പരിശോധനയ്ക്ക് ആന്റിജൻ ടെസ്റ്റ് ആയാലും മതി. കോവിഡ് ബാധ വേഗം സ്ഥിരീകരിക്കാനും റിസ്ക് വിഭാഗക്കാരെ വേഗം ഐസലേഷനിലാക്കാനുമാണു മാറ്റങ്ങൾ നിർദേശിക്കുന്നതെന്ന് ഐസിഎംആർ അറിയിച്ചു.
English Summary: ICMR revised covid test criteria