ജനറൽ റാവത്തിന്റെ മരണം: കോപ്റ്റർ മലയിൽ ഇടിച്ചത് കാഴ്ചമറഞ്ഞതു മൂലം
Mail This Article
ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കൂനൂർ അപകടത്തിനു പിന്നിൽ അട്ടിമറി, സാങ്കേതിക തകരാർ, പൈലറ്റിന്റെ വീഴ്ച എന്നിവ ഉണ്ടായിട്ടില്ലെന്നാണു പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. കാഴ്ച മറഞ്ഞതു മൂലം മലയിലോ മരങ്ങളിലോ കോപ്റ്റർ ചെന്നിടിക്കുന്ന ‘സി ഫിറ്റ്’(കൺട്രോൾഡ് ഫ്ലൈറ്റ് ഇന്റു ടെറെയ്ൻ) എന്ന അവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷൻ വിഭാഗങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ മന്ത്രാലയം വിശദ അന്വേഷണത്തിലേക്കു കടക്കും. ഡിസംബർ 8ന് തമിഴ്നാട്ടിലെ കൂനുരിലുണ്ടായ അപകടത്തിൽ ബിപിൻ റാവത്തും ഭാര്യയും ഒപ്പമുണ്ടായിരുന്ന മുഴുവൻ ക്രൂ അംഗങ്ങളും മരിച്ചതു സേനയ്ക്കും ഞെട്ടലായിരുന്നു.
കാലാവസ്ഥയിൽ അപ്രതീക്ഷിതമായി വന്ന മാറ്റം മൂലം മേഘങ്ങളിലേക്കു കോപ്റ്റർ കയറിയതാണ് സ്ഥിതി അപകടത്തിലാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. കോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നടത്തിയ ഫൊറൻസിക് പരിശോധനയ്ക്കും ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ, കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്നിവയുടെ പരിശോധനയ്ക്കും ശേഷമാണ് വിദഗ്ധർ ഈ നിഗമനത്തിലെത്തിയത്.
ഇതിനു പുറമേ, യാത്രയ്ക്കു മുന്നോടിയായി നടന്ന സംഭവങ്ങളും കോപ്റ്ററിന്റെ സാങ്കേതിക വിശദാംശങ്ങളും അപകടദിവസത്തെ കാലാവസ്ഥ ഉൾപ്പെടെയുള്ള സാഹചര്യങ്ങളും ശേഖരിച്ചായിരുന്നു അന്വേഷണം. അട്ടിമറി ഉൾപ്പെടെയുള്ള സാധ്യതകൾ അന്വേഷണ സംഘം തള്ളിക്കളഞ്ഞതായി ഇന്ത്യൻ വ്യോമസേന പത്രക്കുറിപ്പിൽ അറിയിച്ചു. അന്വേഷണത്തിനു നേതൃത്വം നൽകിയ എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ മേൽനോട്ടത്തിലുള്ള സംഘം കഴിഞ്ഞദിവസം പ്രതിരോധ മന്ത്രാലയത്തെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
English Summary: General Bipin Rawat chopper crash