കാർഷിക ഉൽപാദന സംഘടനകൾക്ക് ഡ്രോണിന്റെ വിലയുടെ 75% വരെ സഹായം
Mail This Article
ന്യൂഡൽഹി∙ കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കാൻ കർഷക സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ധനസഹായം ലഭിക്കും. ഐസിഎആർ (ഇന്ത്യൻ അഗ്രിക്കൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) കേന്ദ്രങ്ങൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, സംസ്ഥാന കാർഷിക സർവകലാശാലകൾ എന്നിവയ്ക്ക് ഡ്രോണുകൾ വാങ്ങാൻ 10 ലക്ഷം രൂപ വരെ സഹായം നൽകും.
കാർഷിക ഉൽപാദന സംഘടനകൾക്ക് (എഫ്പിഒ) ഡ്രോണിന്റെ വിലയുടെ 75% വരെ കേന്ദ്രം നൽകും. ഡ്രോൺ വാടകയ്ക്ക് എടുക്കുന്ന ഏജൻസികൾക്ക് ഹെക്ടറിന് 6,000 രൂപ വീതം നൽകും. 2023 മാർച്ച് 31 വരെ സഹായം നൽകും.
കാർഷിക സഹകരണ സംഘങ്ങൾ, പ്രാദേശിക സംരംഭകർ തുടങ്ങിയവർക്ക് ഡ്രോണുകളുടെ 40% വിലയോ 4 ലക്ഷം രൂപയോ നൽകും. വാടകയ്ക്ക് നൽകാനായി ഡ്രോണുകൾ വാങ്ങുന്ന കൃഷിരംഗത്തെ ബിരുദധാരികൾക്ക് ഡ്രോണിന്റെ വിലയുടെ 50 ശതമാനമോ 5 ലക്ഷം രൂപയോ നൽകും.
ഡ്രോണുകൾ വാങ്ങുന്ന പ്രാദേശിക സംരംഭകർ പത്താം ക്ലാസ് പാസായവരും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ റിമോട്ട് പൈലറ്റ് ലൈസൻസുമുള്ളവരായിരിക്കണം. വിശദമായ മാർഗരേഖ ഉടനിറങ്ങും.
പ്രധാന നിർദേശങ്ങൾ
∙ ഡ്രോൺ പറത്തുന്നതിന് 8 മണിക്കൂർ മുൻപ് വരെ മദ്യപിക്കരുത്!
∙ ജലസ്രോതസ്സുകളുടെ 100 മീറ്റർ സമീപത്ത് കീടനാശിനി തളിക്കരുത്
∙ ഡ്രോൺ ഉപയോഗം പഞ്ചായത്ത് അധികൃതരെ 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണം.
∙ പറക്കുന്ന ഉയരം കണ്ടെത്തുന്ന ഓൾട്ടിറ്റ്യൂഡ് സെൻസർ ഡ്രോണിൽ നിർബന്ധം.
English Summary: Vivara Jalakam 24-01-2022