ജൂഹി ചൗളയുടെ പിഴ 2 ലക്ഷമാക്കി
Mail This Article
ന്യൂഡൽഹി ∙ ബോളിവുഡ് നടി ജൂഹി ചൗളയ്ക്കു ചുമത്തിയ 20 ലക്ഷം രൂപ പിഴ 2 ലക്ഷം രൂപയായി കുറയ്ക്കാമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി നടിയും രണ്ടു സാമൂഹിക പ്രവർത്തകരും നൽകിയ ഹർജി തള്ളുകയും പിഴ ചുമത്തുകയും ചെയ്തതു ചോദ്യം ചെയ്തു നൽകിയ അപ്പീൽ പരിഗണിക്കവെയാണിത്.
പ്രശസ്തി ലക്ഷ്യമിട്ടാണു ഹർജിയെന്നു കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജൂൺ 4നാണു ഹർജി തള്ളിയത്. 20 ലക്ഷം രൂപ പിഴയൊടുക്കാനും നിർദേശിച്ചിരുന്നു. അപ്പീൽ പരിഗണിച്ച ജസ്റ്റിസുമാരായ വിപിൻ സാംഘി, ജസ്മീത് സിങ് എന്നിവരുടെ ബെഞ്ച് പിഴ 2 ലക്ഷം രൂപയായി കുറയ്ക്കാമെന്നും എന്നാൽ ഏതാനും ദിവസം സാമൂഹിക സേവനത്തിനു തയാറാകണമെന്നും നിർദേശിക്കുകയായിരുന്നു. നടിയുടെ അഭിപ്രായം തേടിയ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ്, ഇതിനു സമ്മതമാണെന്നു കോടതിയെ അറിയിച്ചു.
വിഷയത്തിൽ ഡൽഹി സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുടെ (ഡിഎസ്എൽഎസ്എ) നിലപാടു തേടിയ ഹൈക്കോടതി ഹർജി നാളെ വീണ്ടും പരിഗണിക്കും. പിഴത്തുക നൽകിയില്ലെന്നു കാട്ടി ലീഗൽ സർവീസ് അതോറിറ്റി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
English Summary: HC proposes to reduce costs imposed on Juhi Chawla from Rs 20L to Rs 2L in 5G lawsuit