മന്ത്രി ബിജെപി വിട്ടു; പാർട്ടി വിട്ടത് ജലവിഭവ വകുപ്പു മന്ത്രി ഫിലിപ് നേരി റോഡ്രിഗ്സ്
Mail This Article
പനജി ∙ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാവും ജലവിഭവ വകുപ്പു മന്ത്രിയുമായ ഫിലിപ് നേരി റോഡ്രിഗ്സ്. എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു. പാർട്ടി വിടുന്ന എട്ടാമത്തെ എംഎൽഎയും മൂന്നാമത്തെ മന്ത്രിയുമാണ് ഇദ്ദേഹം. എൻസിപിയിൽ ചേർന്നേക്കും. 2019 ൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറിയ 10 എംഎൽഎമാരിൽ ഒരാളാണ് റോഡ്രിഗ്സ്. സീറ്റ് ലഭിക്കാതെ വന്നതോടെ തൃണമൂൽ കോൺഗ്രസ് നേതാവും പാർട്ടി വിട്ടു. ടിഎംസി ഗോവയിൽ പ്രവർത്തനമാരംഭിച്ച വേളയിൽ ചേർന്ന യതീഷ് നായിക്കാണ് രാജിവച്ചത്.
ഗോവയിൽ ബിജെപിക്ക് മുൻതൂക്കമെന്ന് സർവേ
മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഭരണത്തുടർച്ച ലഭിച്ചേക്കാമെന്ന സൂചനയുമായി അഭിപ്രായ സർവേകൾ. 40 അംഗ സഭയിൽ ബിെജപി 15 മുതൽ 19 വരെ സീറ്റുകൾ നേടാമെന്ന് റിപ്പബ്ലിക് ടിവി പറയുന്നു. കോൺഗ്രസിന് 10–14 സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടി 5–9 സീറ്റും തൃണമൂൽ കോൺഗ്രസ് 1–5 സീറ്റും നേടിയേക്കാം. മറ്റുള്ളവർക്ക് 1–5 സീറ്റുകൾ. ആം ആദ്മി, തൃണമൂൽ പാർട്ടികളുടെ സാന്നിധ്യം കോൺഗ്രസിന്റെ മേൽക്കോയ്മ ഇല്ലാതാക്കുന്നതിന്റെ സൂചനയാണ് അഭിപ്രായ സർവേ നൽകുന്നത്.
നേരത്തെ എബിപി–സി വോട്ടർ, ഇന്ത്യ എഹെഡ്, ന്യൂസ് എക്സ്, ടൈംസ് നൗ എന്നിവ നടത്തിയ സർവേകളിലും 16നും 23നും ഇടയിൽ സീറ്റുകൾ ബിജെപി നേടിയേക്കാമെന്നാണ് പ്രവചിച്ചിരുന്നത്. 4 മുതൽ 13 വരെ സീറ്റുകളാണ് കോൺഗ്രസിനു പറഞ്ഞിരുന്നത്. നാലിനും 11നും ഇടയിൽ സീറ്റുകൾ ആം ആദ്മി പാർട്ടിക്കും.
English Summary: BJP minister in Goa quits party