ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം; കേന്ദ്ര സർക്കാരിന് കർഷക മുന്നറിയിപ്പ്
Mail This Article
ന്യൂഡൽഹി ∙ വിവാദ കൃഷി നിയമം പിൻവലിച്ച വേളയിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്നു കേന്ദ്ര സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്. ഡിസംബർ 9നു രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കാൻ കേന്ദ്രത്തിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തയച്ചു. ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ ഇന്നലെ വഞ്ചനാദിനം ആചരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പ്രകടനം നടത്തി.
കാർഷിക വിളകൾക്കു താങ്ങുവില നിശ്ചയിക്കാൻ സമിതിയെ വയ്ക്കും, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കും, കർഷകർക്കെതിരായ കേസുകൾ റദ്ദാക്കും, പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരം നൽകും തുടങ്ങിയ ഉറപ്പുകൾ പാലിക്കാൻ കേന്ദ്രം തയാറായിട്ടില്ല. കിഴക്കൻ യുപിയിലെ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മുഖ്യപ്രതിയുടെ പിതാവ് അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി പദവിയിൽ തുടരുകയാണ്– കിസാൻ മോർച്ച ആരോപിച്ചു.
യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ ലക്ഷ്യമിട്ടു മുന്നോട്ടു പോകുമെന്ന് കിസാൻ മോർച്ച കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രചാരണ പരിപാടികൾ ഈ മാസം മൂന്നിനു പ്രഖ്യാപിക്കും.
English Summary: Farmers warning to Central Government