കേന്ദ്രത്തിന്റെ ഊന്നൽ: വികസന പദ്ധതികളിൽ സംസ്ഥാന പങ്കാളിത്തം
Mail This Article
ന്യൂഡൽഹി ∙ വികസന പദ്ധതികളിൽ സംസ്ഥാന പങ്കാളിത്തത്തിനു ബജറ്റ് ഊന്നൽ നൽകുന്നത്, കേന്ദ്ര നയത്തിലേക്ക് സംസ്ഥാനങ്ങളും നീങ്ങുക എന്ന നിലപാടിനെയാണു സൂചിപ്പിക്കുന്നത്. സജീവ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനവും വളർച്ചയും എന്നതിനാണു കേന്ദ്രം ശ്രദ്ധ നൽകുന്നത്.
പിഎം ഗതിശക്തി പദ്ധതികളിലുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ബജറ്റ് ആവശ്യപ്പെടുന്നു. ഉൽപാദനപരമായ മുതൽമുടക്കാണ് സംസ്ഥാനങ്ങൾ നടത്തേണ്ടത്. പുതിയ കാലത്തിനനുസരിച്ച് നഗരങ്ങൾ രൂപകൽപന ചെയ്യുന്നതിലും പങ്കാളിത്തം താൽപര്യപ്പെടുന്നു.
കാർഷിക മേഖലയെ ജൈവകൃഷി ഉൾപ്പെടെ രീതികളിലേക്ക് നയിക്കാൻ സർവകലാശാലകളിലെ സിലബസ് മാറ്റുകയെന്നത് സംസ്ഥാനങ്ങളോടുള്ള നിർദേശമാണ്. ഭക്ഷ്യസംസ്കരണ മേഖലയുടെ വികസനത്തിനും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെടുന്നു. എന്നാൽ, കേന്ദ്രത്തിനു സംസ്ഥാനങ്ങളുമായി വിഹിതം പങ്കിടേണ്ടതില്ലാത്ത സെസ്, സർചാർജ് തുടങ്ങിയവയിൽ മാറ്റം വരുത്താൻ തയാറായിട്ടുമില്ല.
പോസ്റ്റ് ഓഫിസുകൾ കോർ ബാങ്കിങ് ശ്രംഖലയിലേക്ക്
ന്യൂഡൽഹി∙ രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകളും കോർ–ബാങ്കിങ് ശൃംഖലയുടെ ഭാഗമാകും. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റ് ഓഫിസ് അക്കൗണ്ട് ഓൺലൈനായി പ്രവർത്തിപ്പിക്കാനും മറ്റു ബാങ്കുകളുമായും പോസ്റ്റ്‍ ഓഫിസുകളുമായും പണം കൈമാറാനും കഴിയും. ഗ്രാമീണ മേഖലയിൽ ബാങ്കിങ് സമ്പ്രദായം ശക്തിപ്പെടുത്താൻ ഇതുപകരിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
Content Highlight: Union Budget 2022