ഡൽഹിയിലെ രാജാവിനെ എനിക്ക് ഭയമില്ല: രാഹുൽ; ആവേശം പകർന്ന് പ്രചാരണം
Mail This Article
‘മോദി വിചാരിക്കുന്നത് എല്ലാവർക്കും അദ്ദേഹത്തെ ഭയമാണെന്നാണ്. എനിക്ക് അദ്ദേഹത്തെ ഭയമില്ല’. രാഹുലിന്റെ വാക്കുകൾ തടിച്ചുകൂടിയ ജനങ്ങൾക്ക് ആവേശമായി. മംഗ്ലൂർ ഖ്വാസിവാലബാഗിൽ ‘ഉത്തരാഖണ്ഡി സ്വാഭിമാൻ റാലി’യിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
വിശാലമായ വയലിലാണ് റാലി സംഘടിപ്പിച്ചത്. വാഹനങ്ങളിൽ സ്പീക്കറുകൾ ഘടിപ്പിച്ച് തട്ടുപൊളിപ്പൻ സിനിമാ ഗാനങ്ങൾക്കൊപ്പം ചുവടുവച്ചാണ് ചെറുപ്പക്കാരുടെയും കുട്ടികളുടെയും സംഘങ്ങൾ റാലിക്ക് എത്തിയത്. ഉച്ചയ്ക്ക് 12.10ന് രാഹുൽ എത്തിയപ്പോൾ പാർട്ടി പതാക വീശിയും തപ്പുകൊട്ടിയും മുദ്രാവാക്യം വിളിച്ചും കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദമിരമ്പി.
ബിഎസ്പിയിൽ നിന്നു കോൺഗ്രസിലെത്തിയ ഖ്വാസി മുഹമ്മദ് നിസാമുദ്ദീനാണ് സിറ്റിങ് എംഎൽഎ. കോൺഗ്രസ് സ്ഥാനാർഥിയായി ഇക്കുറിയും അദ്ദേഹമാണ്. പ്രദേശത്ത് വിളയുന്ന കരിമ്പ് ഉപയോഗിച്ച് തയാറാക്കിയ ശർക്കര നൽകിയാണ് സ്ഥാനാർഥി രാഹുലിനെ സ്വീകരിച്ചത്. അതിൽ ഒരു കഷണം സ്ഥാനാർഥിക്ക് നൽകിയ രാഹുൽ, സ്വയം രുചിച്ചു നോക്കി.
ഡൽഹിയിൽ ഭരണം നടത്തുന്നത് പ്രധാനമന്ത്രിയല്ല രാജാവാണെന്നും പാവപ്പെട്ടവരുടെയും പണക്കാരുടെയും രണ്ട് ഇന്ത്യയാണ് നിലവിലുള്ളതെന്നും രാഹുൽ ആരോപിച്ചു. ‘നോട്ടു നിരോധനത്തിലൂടെ മോദി രാജ്യത്തെ നശിപ്പിച്ചു. ചൈന ഇന്ത്യയുടെ സ്ഥലം കയ്യേറിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ല. കോവിഡ് പിടിമുറുക്കിയപ്പോൾ പാത്രത്തിൽ കൊട്ടാനും മൊബൈൽ ഫോണിൽ ലൈറ്റ് തെളിയിക്കാനും പറഞ്ഞ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്’- രാഹുൽ പരിഹസിച്ചു. ഉത്തരാഖണ്ഡിൽ 5 വർഷത്തിനിടെ 3 മുഖ്യമന്ത്രിമാരെ വാഴിച്ചതിനു കാരണം അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ 4 ലക്ഷം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുമെന്നും ഗ്യാസ് സിലിണ്ടറിന്റെ വില 500 രൂപയിൽ താഴെ നിർത്തുമെന്നും വാഗ്ദാനം നൽകിയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. അൽമോറയിലും രാഹുൽ പ്രചാരണത്തിനെത്തി.
Content Highlight: Uttarakhand Assembly Elections 2022