ADVERTISEMENT

പട്യാല∙ ‘പഞ്ചാബിന്റെ സിംഹം, പട്യാലയുടെ മഹാരാജ, നമ്മുടെ ക്യാപ്റ്റൻ സാബ്...സിന്ദാബാദ്’. ആരവങ്ങൾക്കിടയിലേക്ക് അമരിന്ദർ സിങ് തലയെടുപ്പോടെ വന്നു നിന്നു. കയ്യിൽ ഹോക്കി സ്റ്റിക്കും അതിലുറപ്പിച്ച ബോളും; ഏതാനും മാസം മുൻപ് രൂപം നൽകിയ പഞ്ചാബ് ലോക് കോൺഗ്രസിന്റെ ചിഹ്നം കയ്യിലേന്തി നിന്ന ക്യാപ്റ്റന് ജനം തൊണ്ടകീറി ജയ്‌വിളിച്ചു. സമീപം നിന്ന ബിജെപി നേതാവ് മൈക്കിലൂടെ വിളിച്ചുചോദിച്ചു; ആരുണ്ടിവിടെ ഞങ്ങളെ തോൽപിക്കാൻ ? പഞ്ചാബുകാർക്കു കണ്ടു പരിചയമില്ലാത്ത കാഴ്ചയാണത് – ബിജെപിയെ ചേർത്തു നിർത്തുന്ന അമരിന്ദറിനെ.

മുഖ്യമന്ത്രി പദവിയിൽനിന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് നീക്കിയതിനു പിന്നാലെ, കഴിഞ്ഞ നവംബറിലാണ് പഞ്ചാബ് ലോക് കോൺഗ്രസിന് അമരിന്ദർ രൂപം നൽകിയത്. പിന്നാലെ ബിജെപിയുമായി സഖ്യമുണ്ടാക്കി. 2017ൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ച് കോൺഗ്രസിനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റൻ ഇക്കുറി മോദിക്കൊപ്പമാണ്. പഞ്ചാബിൽ ബിജെപിക്കെതിരായ കർഷക രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. അവരുമായി കൂട്ടുകൂടിയ അമരിന്ദറിനു മുന്നിൽ വെല്ലുവിളികളേറെയുണ്ട്. സ്വന്തം പാർട്ടിയെ മാത്രമല്ല, ബിജെപിയെ കൂടി മുന്നോട്ടു നയിക്കേണ്ട ഉത്തരവാദിത്വവും ക്യാപ്റ്റന്റെ ചുമലിലാണ്.

പ്രചാരണത്തിനിടെ അമരിന്ദർ സിങ് ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖം:

∙ കോൺഗ്രസിനെ വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ താങ്കൾ പഴയ ബദ്ധശത്രുവായ ബിജെപിക്കൊപ്പം ചേർന്നത് എന്തിനാണ് ?

പഞ്ചാബിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള എന്റെ പ്രവർത്തനം തുടരാനാണു ബിജെപിക്കൊപ്പം ചേർന്നത്. കേന്ദ്രത്തിൽ ബിജെപി സർക്കാരുള്ളപ്പോൾ, പഞ്ചാബിലും അവരുടെ പങ്കാളിത്തമുള്ള സർക്കാർ വരണം. പഞ്ചാബിന്റെ ആവശ്യങ്ങൾക്കു കേന്ദ്രത്തിന്റെ ഫണ്ടും പിന്തുണയും ആവശ്യമാണ്.

∙ 4 മുന്നണികളാണു മത്സരരംഗത്തുള്ളത്. താങ്കളുടെ വിജയപ്രതീക്ഷ ?

ഞാൻ വലിയ ആത്മവിശ്വാസത്തിലാണ്. പ്രചാരണ യോഗങ്ങളിലേക്ക് ജനം ഒഴുകിയെത്തുകയാണ്. ബിജെപിയെ പോലൊരു ദേശീയ പാർട്ടിയാണ് ഒപ്പമുള്ളത്. സംയുക്ത ശിരോമണി അകാലിദളും സഖ്യത്തിലുണ്ട്. ബിജെപിക്ക് അനുകൂലമായി വികാരം സംസ്ഥാനത്തുയരുന്നുണ്ട്.

∙ കർഷകർക്ക് കേന്ദ്ര സർക്കാരിനോടും ബിജെപിയോടുമുള്ള എതിർപ്പ് താങ്കളിലേക്കും നീളുകയല്ലേ?

കർഷകർക്ക് എതിർപ്പുണ്ടായിരുന്ന 3 വിവാദ കൃഷി നിയമങ്ങളും കേന്ദ്രം പിൻവലിച്ചു. അവരുടെ മറ്റ് ആവശ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ ഉറപ്പുകൾ നൽകിയിട്ടുണ്ട്. വിളകൾക്കുള്ള താങ്ങുവില സംബന്ധിച്ച് മോദി പാർലമെന്റിൽ പ്രസ്താവന നടത്തി. താങ്ങുവില ഉറപ്പാക്കും. ചില കർഷകർ യാഥാർഥ്യം മനസ്സിലാക്കാതെയാണ് എതിർപ്പുന്നയിക്കുന്നത്.

∙ ദലിത് വിഭാഗത്തിൽ നിന്നുള്ള ചരൺജിത് സിങ് ഛന്നിയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി. സംസ്ഥാനത്തെ ദലിത് വോട്ട് ബാങ്ക് കോൺഗ്രസ് പിടിക്കുമോ?

ദലിതനോ ഉയർന്ന ജാതിക്കാരനോ ആരുമാവട്ടെ. പഞ്ചാബിൽ ഞങ്ങളെല്ലാം ഒരു കുടുംബമാണ്. ജാതി വ്യവസ്ഥയിലൂന്നിയുള്ള രാഷ്ട്രീയം പഞ്ചാബിലില്ല. ഇവിടുത്തുകാർക്ക് പരിചിതമല്ലാത്ത പഞ്ചാബാക്കി ഈ പ്രദേശത്തെ മാറ്റാൻ അനുവദിക്കില്ല. കോൺഗ്രസും ആം ആദ്മിയും അകാലിദളും സംസ്ഥാനത്ത് മതസ്പർധ വളർത്താനാണു ശ്രമിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി പഞ്ചാബിന്റെ സമാധാനം, സുരക്ഷ എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടികൾ തിരിച്ചടി നേരിടും.

∙ താങ്കളുടെ പഴയ പാർട്ടിയായ കോൺഗ്രസിന്റെ സാധ്യതകളെക്കുറിച്ച് ?

കോൺഗ്രസിൽ ഉൾപ്പാർട്ടി പോര് രൂക്ഷമാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായ ഛന്നിക്ക് അനധികൃത മണൽ മാഫിയയുമായി ബന്ധമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അനന്തരവനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണൽ മാഫിയയുമായി ബന്ധമുള്ള എല്ലാ എംഎൽഎമാർക്കും കോൺഗ്രസ് വീണ്ടും ടിക്കറ്റ് നൽകി. പാർട്ടിക്കുള്ളിലെ വ്യാപക അഴിമതിക്കു തെളിവാണത്.

Content Highlights: Punjab Assembly Elections 2022, Amarinder Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com