ADVERTISEMENT

അമൃത്‌സർ ∙ പഞ്ചാബിലെ ജലന്തറിലെ ക്ഷേത്രം സന്ദർശിക്കാൻ, പ്രാദേശിക ഭരണകൂടത്തിന്റെ അനാസ്ഥ കാരണം തനിക്കു സാധിച്ചില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസമാദ്യം ഫിറോസ്പുരിൽ റോഡ് യാത്രയ്ക്കിടെ തടസ്സം നേരിട്ടതിനെത്തുടർന്ന് മടങ്ങിയ ശേഷം പഞ്ചാബിലേക്കുള്ള മോദിയുടെ ആദ്യ യാത്രയായിരുന്നു ഇന്നലത്തേത്. 

ത്രിപുരമാലിനി ദേവീ ക്ഷേത്രത്തിൽ പോകാനാണ് മോദി പദ്ധതിയിട്ടിരുന്നത്. ‘‘പഞ്ചാബിലെ സ്ഥിതി ഇത്രയ്ക്കു മോശമാണ്. ക്ഷേത്രത്തിലെത്തി പ്രാർഥിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാൽ, പൊലീസിനും ഭരണസംവിധാനത്തിനും അതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല. സുരക്ഷയൊരുക്കാനാവില്ലെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. ഹെലികോപ്റ്ററിൽ പോകാനാണ് അവർ എന്നോടു പറഞ്ഞത്. ഞാൻ ഇനിയും വരും. ക്ഷേത്രത്തിലെത്തും’’ – ജലന്തറിലെ തിരഞ്ഞെടുപ്പു യോഗത്തിൽ മോദി പറഞ്ഞു. 

‘‘നേതാക്കൾ പരസ്പരം തമ്മിലടിക്കുന്ന കോൺഗ്രസിന് സ്ഥിരതയുള്ള ഭരണം പഞ്ചാബിനു നൽകാനാവില്ല. സിഖ് വിരുദ്ധ കലാപം നടത്തിയവരാണു കോൺഗ്രസ്. കോൺഗ്രസിലെ കുടുംബത്തിനു പഞ്ചാബിനോടുള്ള പക ഇപ്പോഴുമുണ്ട്. ആ കുടുംബം കോൺഗ്രസിനെ നിയന്ത്രിക്കുന്നിടത്തോളം കാലം പഞ്ചാബിനെ ഉപദ്രവിക്കും.

2014ൽ തിരഞ്ഞെടുപ്പിനു മുൻപ് പഠാൻകോട്ടിലേക്കും ഹിമാചൽപ്രദേശിലേക്കുമുള്ള എന്റെ യാത്ര കോൺഗ്രസിലെ യുവരാജാവ് (രാഹുൽ ഗാന്ധി) തടഞ്ഞു. അദ്ദേഹത്തിന് എവിടേക്കോ പറക്കാൻ എന്റെ വിമാനയാത്ര തടസ്സപ്പെടുത്തി. പഞ്ചാബിന്റെ വികസനത്തിനായി കേന്ദ്ര സർക്കാരുമായി സഹകരിച്ചു പ്രവർത്തിച്ചപ്പോഴാണു ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കിയത്. കേന്ദ്രത്തിൽ ബിജെപിയുള്ളപ്പോൾ, പഞ്ചാബിലും എൻഡിഎ സർക്കാർ ആവശ്യമാണ്; ഇരട്ട എൻജിൻ സർക്കാരായിരിക്കും അത്’’ – മോദി പറഞ്ഞു. 

നരേന്ദ്ര മോദിക്കു പുറമേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാളും ഇന്നലെ പഞ്ചാബി‍ൽ പ്രചാരണത്തിനിറങ്ങി. ഗുർദാസ്പുരിലെ സമ്മേളനത്തിൽ ബിജെപിയെയും ആം ആദ്മിയെയും രാഹുൽ ലക്ഷ്യമിട്ടു. മോദിയും രാഹുലും ശിരോമണി അകാലിദളിനെ കാര്യമായി ഗൗനിച്ചില്ലെന്നതും ശ്രദ്ധേയം. കോൺഗ്രസിനെയും അകാലിദളിനെയും അമൃത്സറിൽ കേജ്‍രിവാൾ വിമർശിച്ചു. 

Content Highlight: Punjab Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com