ADVERTISEMENT

ജലന്തർ∙ പ്രതിരോധ താരം കൂടിയായ ക്യാപ്റ്റനെ നേരിടാൻ ഗോൾക്ഷാമം നേരിട്ടിട്ടില്ലാത്ത സെന്റർ ഫോർവേഡ് എന്നതാണ് ജലന്ധർ കന്റോൺമെന്റിലെ അവസ്ഥ. ഹോക്കി ഒളിംപ്യൻമാർ പൊരിഞ്ഞ പോരാട്ടത്തിലാണ്. സീറ്റ് നിലനിർത്താൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ പർഗത് സിങ് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ. തോൽപിക്കാൻ ശ്രമിക്കുന്ന ആംആദ്മി പാർട്ടിയുടെ സുരീന്ദർ സിങ് സോധി ആകട്ടെ ഇന്ത്യയുടെ മുൻ സെന്റർ ഫോർവേഡ്. 

പർഗത് സിങ് ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണെങ്കിൽ സോധി എതിരാളികളെ വിറപ്പിച്ചിരുന്ന മുന്നേറ്റ താരമാണ്. ആ വാശി മത്സരത്തിനുമുണ്ട്. ഇരുവരും അർജുന പുരസ്കാര ജേതാക്കളുമാണ്. 

ഹോക്കി ബന്ധം ഇവരിൽ അവസാനിക്കുന്നില്ല. കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമാജ് മോർച്ചയുടെ സ്ഥാനാർഥി ജസ്വിന്ദർ സംഘയും സർവകലാശാല മുൻ ഹോക്കി താരമാണ്. മൂവരും ജലന്ധർ ല്യാൽപുർ ഖൽസ കോളജിലെ പൂർവ വിദ്യാർഥികൾ. 

പ്രതിരോധ താരത്തെ വെട്ടിച്ച് ഗോളടിക്കാൻ തനിക്കറിയാമെന്ന് പർഗതിനെ സൂചിപ്പിച്ച് സോധി പറയുന്നു. ഇന്ത്യ സ്വർണ മെഡൽ നേടിയ 1980ലെ മോസ്കോ ഒളിംപിക്സിൽ 15 ഗോളുകളാണ് സോധി അടിച്ചുകൂട്ടിയത്. ബാർസിലോണ (1992), അറ്റ്ലാന്റ (1996) ഒളിംപിക്സുകളിൽ ഇന്ത്യയുടെ നായകനായിരുന്ന പർഗത്, ഏതു മുന്നേറ്റവും തടയാൻ തനിക്കു കെൽപുണ്ടെന്ന ആത്മവിശ്വാസത്തിൽ നെഞ്ചുവിരിച്ചു നിൽക്കുന്നു. 

സംസ്ഥാന മന്ത്രിയായ പർഗത് സിങ് കഴിഞ്ഞ 2 തവണയും ഈ മണ്ഡലത്തിൽ വിജയിച്ചു. 2012ൽ ശിരോമണി അകാലിദളിന്റെ ബാനറിലും 2017ൽ കോൺഗ്രസുകാരനായും. 

ഹോക്കിയിൽ നിന്നു ലഭിച്ച നേതൃഗുണമാണു രാഷ്ട്രീയത്തിലും തനിക്കു കരുത്തേകുന്നതെന്നും സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. 

2012ൽ പർഗത് തോൽപിച്ച മുൻ കോൺഗ്രസ് നേതാവ് ജഗ്ബീർ സിങ് ബ്രാർ ഇക്കുറി അകാലിദൾ ടിക്കറ്റിൽ രംഗത്തുണ്ട്. 52,000 ദലിത് വോട്ടുള്ള മണ്ഡലത്തിൽ ബിഎസ്പിയുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് അകാലിദളിന്റെ കണക്കുകൂട്ടൽ. 

രാജ്യത്തിന് ഏറ്റവുമധികം ഹോക്കി താരങ്ങളെ സംഭാവന ചെയ്ത പ്രദേശമാണിത്. മണ്ഡലത്തിലുൾപ്പെട്ട സൻസാർപുർ ഗ്രാമത്തിലുള്ളത് 14 ഹോക്കി ഒളിംപ്യൻമാർ! ‘തിരഞ്ഞെടുപ്പ് ഒളിംപിക്സിൽ’ ആരു സ്വർണം നേടുമെന്നു കാണാൻ കാത്തിരിക്കുകയാണ് പഞ്ചാബ്. 

English Summary: Former hockey olympians contest in Jalandhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com