ഗോവ, ഉത്തരാഖണ്ഡ് ഭരണപ്രതീക്ഷയിൽ കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരക്കിനിടെ, മുൻ മന്ത്രി അശ്വനി കുമാർ രാജിവച്ചത് വലിയൊരു സംഭവമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഉത്തരാഖണ്ഡിലും ഗോവയിലും മാത്രമല്ല മണിപ്പുരിലും വിജയപ്രതീക്ഷയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പഞ്ചാബിൽ കടുത്ത മത്സരമെന്നാണ് വിലയിരുത്തൽ.
അശ്വനി കുമാർ, മകൻ ആശിഷ് കുമാറിന് പഞ്ചാബിൽ ടിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആശിഷിന്റെ പേര് സംസ്ഥാനത്തുനിന്നു നിർദേശിക്കപ്പെട്ട പട്ടികയിൽ ഇല്ലായിരുന്നു. അശ്വനി കുമാർ തന്നെ ജനപിന്തുണയുള്ള നേതാവല്ലാത്ത സ്ഥിതിക്ക് ആശിഷിനായി ഡൽഹിയിലും ആരും വാദിച്ചില്ല. ഇതിൽ പ്രകോപിതനായാണ് അശ്വനി കുമാർ രാജിവച്ചതെന്നാണ് സൂചന.
പാർട്ടിയിലെ വിമതപക്ഷമായ ജി–23യുടെ വിമർശകനായിരുന്നു അശ്വനി കുമാർ. എന്നാൽ, രാജിവച്ചശേഷം അദ്ദേഹം സംസാരിച്ചത് ജി–23യുടെ വാദങ്ങൾ കടമെടുത്താണ്. ബിജെപിയിൽ ചേരുമെന്നോ ചേരില്ലെന്നോ പറയാനാവില്ലെന്നും ആരോടും തൊട്ടുകൂടായ്മില്ലെന്നും അശ്വനികുമാർ പറഞ്ഞു.
ഉത്തരാഖണ്ഡിലും ഗോവയിലും ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിനു പ്രതീക്ഷ നൽകുന്നത്. രണ്ടിടത്തും വലിയ വിജയമുണ്ടാകുമെന്ന് അവകാശവാദമുന്നയിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ പോലും തയാറായിട്ടില്ല. ഗോവയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാനുള്ള സാധ്യത മാത്രമാണ് കോൺഗ്രസ് കാണുന്ന ഭീഷണി.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിനുശേഷം നടത്തിയ അട്ടിമറിയിലൂടെയാണ് മണിപ്പുരിൽ കൂട്ടുകക്ഷി സർക്കാരുണ്ടാക്കാൻ ബിജെപിക്കു സാധിച്ചത്. 60 അംഗ സഭയിൽ 28 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോൺഗ്രസ്. ഭരണപക്ഷ ഭാഗമായിരുന്ന നാഷനൽ പീപ്പിൾസ് പാർട്ടിയും നാഗാ പീപ്പിൾസ് ഫ്രണ്ടും ഇത്തവണ തനിച്ചു മത്സരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഭരണസാധ്യതയുള്ള വലിയ കക്ഷിയുമായി സഹകരിക്കുകയെന്നതാണ് ഈ കക്ഷികളുടെ രീതി. പ്രതിപക്ഷത്താണെങ്കിലും, പാർട്ടിഅടിത്തറ ശക്തമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
പഞ്ചാബിൽ കർഷകർ ഒറ്റക്കെട്ടായി ഏതെങ്കിലും കക്ഷിയുടെ കൂടെ നിൽക്കുന്നില്ലെന്നതാണു സ്ഥിതി. കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും അകാലി ദളിനുമായി അവരുടെ പിന്തുണ ഭിന്നിച്ചിരിക്കുന്നു. ഒപ്പം, കർഷക നേതാക്കളും മത്സരരംഗത്തുണ്ട്. ഏതാനും ദിവസം മുൻപുവരെ സ്ഥിതി തങ്ങൾക്ക് ഏറെ അനുകൂലമായിരുന്നെങ്കിൽ, ഇപ്പോൾ ആം ആദ്മി സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ സൂചനയുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ, ആം ആദ്മി ഭരണം പിടിക്കുന്നത് അകാലി ദളോ ബിജെപിയോ താൽപര്യപ്പെടുന്നില്ലെന്നതും ഫലത്തിൽ കോൺഗ്രസിന് അനുകൂലമായ സംഗതിയാണ്. ഉത്തർപ്രദേശിൽ പ്രധാന പോരാട്ടം ബിജെപിയും സമാജ്‌വാദിയും തമ്മിലാണെങ്കിലും തങ്ങളുടെ വോട്ടു ശതമാനം വർധിക്കുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്.
English Summary: Congress confident of winning in Goa and Uttarakhand