വെർച്വൽ കോടതിക്കിടെ കോള കുടിച്ച് പൊലീസ്; 100 അഭിഭാഷകർക്ക് കോള കൊടുക്കാൻ വിധി!
Mail This Article
ന്യൂഡൽഹി∙ കോടതിയുടെ വെർച്വൽ ഹിയറിങ് നടക്കുന്നതിനിടെ ശീതളപാനീയം കുടിച്ച പൊലീസ് ഉദ്യോഗസ്ഥനോട് ബാർ അസോസിയേഷനിലെ അഭിഭാഷകർക്ക് 100 കാൻ കൊക്കോ–കോള വാങ്ങി നൽകാൻ ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസമാണു സംഭവം. എ.എം.റാത്തോഡ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ വിഡിയോ കോൺഫറൻസിനിടയിൽ എന്തോ കുടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണു ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവർ ഇടപെട്ടത്.
ട്രാഫിക് ജംക‍്ഷനിൽ റാത്തോഡ് 2 സ്ത്രീകളോട് അപമര്യാദായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നതിനിടെയാണിത്. ‘കോടതിയിലായിരുന്നെങ്കിൽ ഇദ്ദേഹം കൊക്കോ–കോള കാനുമായി വരുമായിരുന്നോ?’ എന്ന് അസിസ്റ്റന്റ് ഗവ.പ്ലീഡർ ഡി.എം ദേവ്നാനിയോടു കോടതി ചോദിച്ചു. റാത്തോഡിനു വേണ്ടി ദേവ്നാനി മാപ്പ് പറഞ്ഞു.
കൊക്കോ–കോളയുടെ കാനിൽനിന്നു കുടിക്കുന്നതാണു താൻ കണ്ടത് എന്നാൽ അതിനുള്ളിൽ എന്താണെന്നു തനിക്കുറപ്പില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിൽ വച്ച് റാത്തോഡ് കൊക്കോ–കോള വിതരണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ നിർദേശിച്ചു.
Content Highlight: Gujarat High Court