ADVERTISEMENT

ത്സരിക്കാൻ ആളില്ലാത്തതിനാൽ മണിപ്പുരിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സിപിഎം തീരുമാനം. മുൻപ് നിയമസഭയിലേക്ക് ജയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ വരെ മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മാറിനിൽക്കാനാണു പാർട്ടി തീരുമാനം.

സിപിഐ, സിപിഎം, ഫോർവേഡ് ബ്ലോക്, ആർഎസ്പി, ജനതാദൾ (എസ്) എന്നിവരെ ഉൾപ്പെടുത്തി കോൺഗ്രസ് രൂപീകരിച്ച പുരോഗമന മതനിരപേക്ഷ സഖ്യത്തിൽ പാർട്ടിക്ക് സീറ്റ് പരിഗണിച്ചിരുന്നു. പക്ഷേ മത്സരിക്കാൻ ആളെക്കിട്ടാത്തതിനാൽ വേണ്ടെന്നു വച്ചു. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ മണിപ്പുരിൽ വേരുകളുള്ള സിപിഐ ഇത്തവണ 2 സീറ്റിൽ മത്സരിക്കുന്നുണ്ട്.

ഒരു കാലത്ത് സംസ്ഥാനത്തെ രാഷ്ട്രീയഗതി തീരുമാനിച്ച പാർട്ടിയാണ് സിപിഐ. 2002 ൽ കോൺഗ്രസിന്റെ ഒക്രാം ഇബോബി സിങ്ങിനെ അധികാരത്തിലെത്തിച്ചതിൽ അന്ന് 5 സീറ്റിൽ ജയിച്ച സിപിഐക്ക് നിർണായക പങ്കുണ്ടായിരുന്നു. സെക്കുലർ പ്രോഗ്രസീവ് ഫ്രണ്ട് ( എസ്പിഎഫ്) എന്ന പേരിലായിരുന്നു കോൺഗ്രസ്- സിപിഐ സഖ്യ സർക്കാർ അറിയപ്പെട്ടിരുന്നത്.

എസ്പിഎഫ് 2007ലും അധികാരത്തിലെത്തി. അത്തവണ സിപിഐ എംഎൽഎമാരുടെ എണ്ണം 4 ആയി കുറഞ്ഞു. വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനം വിഘടിച്ചതോടെ സിപിഐയുടെ ശക്തി ക്ഷയിക്കുകയായിരുന്നു. 2007ന് ശേഷം വ്യാജ ഏറ്റുമുട്ടലുകളെ തുടർന്നുണ്ടായ ജനരോഷം കോൺഗ്രസിനൊപ്പം ചേർന്ന സിപിഐക്കും വിനയായി. കോൺഗ്രസുമായുള്ള സഖ്യം പിൻവലിക്കാൻ അന്നത്തെ പാർട്ടി സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും സിപിഐ എംഎൽഎമാർ വിസമ്മതിച്ചു.

ഇത്തവണ പാർട്ടി 11 സീറ്റാണ് കോൺഗ്രസിനോട് ചോദിച്ചത്. കിട്ടിയത് 2 സീറ്റ്. ഇതിൽ കുറൈ സീറ്റിൽ മാത്രമാണ് സിപിഐ പൊതുസ്ഥാനാർഥിയായുള്ളത്. രണ്ടാമത്തെ സീറ്റായ കാക്ചിങ് മണ്ഡലത്തിൽ കോൺഗ്രസും മത്സരിക്കുന്നുണ്ട്. ഫലത്തിൽ സിപിഐക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്.

ബിജെപിയെ പുറത്താക്കുകയാണു സിപിഐയുടെ പ്രഥമ ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി ലെയ്ഷ്റാം സോതിൻകുമാർ സിങ് മനോരമയോട് പറഞ്ഞു. പല മണ്ഡലങ്ങളിലും പാർട്ടിക്ക് 1000 മുതൽ 5000 വരെ വോട്ടുകളുണ്ട്. കുറൈ സീറ്റിൽ പാർട്ടി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഴുപതോളം ട്രേഡ് യൂണിയനുകൾ സിപിഐക്ക് കീഴിലുണ്ട്. അര ലക്ഷത്തോളം അംഗങ്ങളും പാർട്ടിക്കുണ്ടെന്നും സോതിൻകുമാർ പറഞ്ഞു.

കോൺഗ്രസുമായി സഖ്യമാണെങ്കിലും പല മണ്ഡലങ്ങളിലും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) യുമായി രഹസ്യധാരണയുമുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് ദുർബലമായ മണ്ഡലങ്ങളിലാണ് ഇത്. നിലവിലുള്ള ബിജെപി ഭരണത്തിന്റെ ഭാഗമാണെങ്കിലും എൻപിപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

ഈ മാസം 28നും മാർച്ച് 5നും ആണ് മണിപ്പുർ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ബിജെപിയാണ് സർക്കാർ രൂപീകരിച്ചത്.

English Summary: Cpm not contesting in Manipur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com