ADVERTISEMENT

നിഘാസൻ (യുപി) ∙ ‘ചെറുപ്രായത്തിൽ മക്കളെ നഷ്ടപ്പെട്ടവരുടെ ദുഃഖം പല നേതാക്കൾക്കും മനസ്സിലാകില്ല. വിധി പറയുന്ന ന്യായാധിപനും അതു മനസ്സിലാവുന്നില്ലെങ്കിൽ ഞങ്ങളെന്തു ചെയ്യും?’ സങ്കടവും രോഷവും കലർന്ന സ്വരത്തിൽ രാംദുലാരി കശ്യപ് ചോദിക്കുന്നു. ലഖിംപുർ ഖേരിയിൽ ബിജെപി നേതാവ് ആശിഷ് മിശ്ര സഞ്ചരിച്ച വാഹനം കയറി കർഷകർക്കൊപ്പം കൊല്ലപ്പെട്ട പ്രാദേശിക പത്രപ്രവർത്തകൻ രമൺ കശ്യപിന്റെ പിതാവാണ് രാംദുലാരി. 

രാംദുലാരി മാത്രമല്ല, അന്നു കൊല്ലപ്പെട്ട ലവ്പ്രീത് സിങ് സിഖ് യുവാവിന്റെ കുടുംബവും രോഷാകുലരാണ്. മാധ്യമങ്ങളോടു സംസാരിക്കാൻ താൽപര്യമില്ലെന്ന് ലവ്പ്രീതിന്റെ അച്ഛൻ സത്‌നാം സിങ് പറഞ്ഞു. ‘എന്തിനാണ് നിങ്ങൾ ഞങ്ങളുടെ സങ്കടം കേൾക്കുന്നത്. നിങ്ങൾ മോദിയോടു ചോദിക്കൂ. കൊലയാളികളെ സംരക്ഷിക്കുന്നത് അവരല്ലേ? നീതി കിട്ടിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് ഞങ്ങൾക്കറിയാം’. സർക്കാരും നീതിന്യായ വ്യവസ്ഥയും ഒത്തുകളിക്കുകയാണെന്ന ആരോപണവും അദ്ദേഹമുന്നയിച്ചു. 

‘സുപ്രീംകോടതിയിലാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ’ എന്നാണ് രാംദുലാരി പറയുന്നത്. ‘വിശദമായ തെളിവുകളുണ്ട്. വിഡിയോകളുണ്ട്. 5000 പേജിലെറേയുള്ള കുറ്റപത്രമുണ്ട്. എന്നിട്ടും 5 പേരെ കൊന്നയാളെ ജാമ്യത്തിൽ വിട്ടതിന്റെ കാരണം മനസ്സിലാവുന്നില്ല’– അദ്ദേഹം പറയുന്നു. ആശിഷ് മിശ്രയെ കഴിഞ്ഞയാഴ്ച അലഹാബാദ് ഹൈക്കോടതി ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണു കുടുംബം. കർഷക സംഘടനകളും സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

യുപി സർക്കാരിൽനിന്നു നീതി കിട്ടുമെന്നു വിശ്വാസമില്ലെന്നു രാംദുലാരിയും രമണിന്റെ അനുജൻ പവനും ‘മനോരമ’യോടു പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനമാണു പ്രകടനത്തിന് ഇടയിലേക്ക് ഓടിച്ചു കയറ്റിയത്. എന്നിട്ട് എന്തു നടപടിയാണ് മന്ത്രിക്കെതിരെ ഉണ്ടായതെന്നും അവർ ചോദിക്കുന്നു. 

സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന രമൺ (33) മധ്യപ്രദേശിലെ സാധന ടിവി ചാനലിന്റെ പ്രാദേശിക ലേഖകനായിരുന്നു. പത്രങ്ങൾക്കും വാർത്ത നൽകിയിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് ടികുനിയയിലെ കർഷക പ്രക്ഷോഭത്തിന്റെ വിഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളുടെ വാഹനങ്ങൾ രമണിനെ അടക്കം ഇടിച്ചു വീഴ്ത്തിയത്. ഭാര്യ ആരാധനയും വൈഷ്ണവി (11), അഭിനവ് (രണ്ടര) എന്നീ മക്കളുമാണ് രമണിന്റെ കുടുംബത്തിലുള്ളത്. 

പഞ്ചാബിലെയും ഛത്തീസ്ഗഡിലെയും കോൺഗ്രസ് സർക്കാരുകൾ നൽകിയ ഒരു കോടിയോളം രൂപ നഷ്ടപരിഹാരമായി കിട്ടി. യുപി സർക്കാർ 45,000 രൂപയാണ് കൊടുത്തത്. സർക്കാർ ജോലി വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇപ്പോൾ കരിമ്പുകർഷക സഹകരണ സംഘത്തിൽ ജോലി നൽകാമെന്നാണു പറയുന്നതെന്ന് പവൻ പറഞ്ഞു. അതിൽ സ്ഥിരവരുമാനമില്ലാത്തതിനാൽ കുടുംബം വേണ്ടെന്നു പറഞ്ഞിരിക്കുകയാണ്. മരിച്ച കർഷകരുടെ കുടുംബാംഗങ്ങളും ആ ജോലി നിഷേധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 

Content Highlights: Uttar Pradesh Assembly Elections 2022, Lakhimpur kheri 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com