തിരിച്ചുപിടിക്കാൻ കോൺഗ്രസ്, നിലനിർത്താൻ ബിജെപി; അമേഠിയിലെ അഭിമാന പോരാട്ടം
Mail This Article
അമേഠി(യുപി)∙ സ്മൃതി ഇറാനിയിലൂടെ ബിജെപി തകർത്ത കോട്ട തിരിച്ചുപിടിക്കാൻ കോൺഗ്രസിനാവുമോ? അമേഠിയടക്കമുള്ള മണ്ഡലങ്ങളിൽ യുപി തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം ഇന്നു നടക്കുകയാണ്. രാജ്യം ഉറ്റുനോക്കുന്ന മത്സരമാണ് നെഹ്റു–ഗാന്ധി കുടുംബത്തോടു പേരു ചേർത്തു വച്ച അമേഠി മണ്ഡലത്തിൽ നടക്കുന്നത്. നെഹ്റു കുടുംബത്തിന്റെ ഉറ്റ സുഹൃത്തും അമേഠി രാജകുടുംബാംഗവുമായ സഞ്ജയ് സിങാണ് അമേഠി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. 2019ൽ രാജ്യസഭാംഗത്വം രാജിവച്ച് കോൺഗ്രസ് വിട്ട സഞ്ജയ് സിങിന്റെ പേര് ബിജെപി പ്രഖ്യാപിച്ചയുടനെ മണ്ഡലത്തിലെ പ്രമുഖ ബിജെപി നേതാവ് ആശിഷ് ശുക്ലയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഠാക്കൂറായ സഞ്ജയ് സിങിനെ എതിരിടാൻ ബ്രാഹ്മണനായ ആശിഷ് വന്നതോടെ പോരു കടുത്തതായാണു വിലയിരുത്തൽ.
2017ൽ അമേഠി ജില്ലയിലെ 5 മണ്ഡലങ്ങളിലും കോൺഗ്രസ് തോറ്റെങ്കിലും പാർട്ടിക്ക് ഇപ്പോഴും ശക്തമായ വേരോട്ടമുള്ള സ്ഥലമാണിത്. കോൺഗ്രസിന്റെ പതാകകളും ഓഫിസുകളും മിക്കയിടത്തും കാണാം. അമേഠി നഗരത്തിൽ കണ്ട ചിലരും കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവരാണ്. എല്ലാ വിഭാഗക്കാർക്കും ജീവിതം ബുദ്ധിമുട്ടായതാണു കാരണമെന്ന് കർഷകനായ ദിനേശ് മിശ്ര പറയുന്നു. കൃഷി ഇല്ലാതായി. പിന്നെങ്ങനെയാണ് കർഷകരുടെ വരുമാനം കൂട്ടുമെന്ന് പറയുന്നത്. ‘ഒന്നിന് 55 രൂപ വച്ച് ഞാൻ കുറേ പപ്പായ തൈകൾ നട്ടു. അലഞ്ഞു തിരിയുന്ന കന്നുകാലികൾ കയറി അതു മുഴുവൻ തിന്നു നശിപ്പിച്ചു. ഇത് ആരോടു പറയും. നഷ്ടം ആരു നികത്തും. ഒരു ബോധവുമില്ലാതെയാണ് ഓരോ പദ്ധതികൾ നടപ്പാക്കുന്നത്’ യുപിയുടെ പല ഭാഗങ്ങളിലും കേൾക്കുന്ന ഈ പരാതി ദിനേശ് ശർമയും ആവർത്തിക്കുമ്പോൾ അശോക് സിങ് എന്ന മറ്റൊരു കർഷകനും അതു ശരിവയ്ക്കുന്നു.
അടുത്തു നിന്നു പാൻ ചവയ്ക്കുന്ന ചന്ദ്രഭാനു പാണ്ഡെ ആ അഭിപ്രായക്കാരനല്ല. ബിജെപി സർക്കാർ കുറേക്കാര്യങ്ങൾ ചെയ്തിട്ടുണ്ട്. റേഷൻ തന്നു, അക്കൗണ്ടിൽ പണം തന്നു, ഗ്യാസ് സിലിണ്ടർ തന്നു എന്നൊക്കെ അദ്ദേഹം നേട്ടങ്ങൾ നിരത്തുമ്പോൾ ഗ്യാസിന്റെ വില കൂടി പറയണം എന്നു കോൺഗ്രസുകാർ കൂട്ടത്തോടെ പറഞ്ഞു. രാമക്ഷേത്രം ബിജെപി അല്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചന്ദ്രഭാനു പറയുന്നു. അയോധ്യയിൽ പൂജയ്ക്ക് അനുമതി നൽകിയത് രാജീവ് ഗാന്ധിയാണെന്ന് അശോക് സിങ്. രാമക്ഷേത്ര നിർമാണം തുടങ്ങിയതോടെ ആ വിഷയം അവസാനിച്ചുവെന്നാണ് കോൺഗ്രസുകാരുടെ പക്ഷം. എങ്കിലും കോൺഗ്രസിന്റെ എല്ലാ കാര്യങ്ങളും അത്ര പന്തിയല്ലെന്ന് ദിനേശ് ശുക്ല എന്നു പരിചയപ്പെടുത്തിയ കണ്ണടക്കാരൻ പറയുന്നു. കോൺഗ്രസുകാരനാണെങ്കിലും സ്ഥാനാർഥി നിർണയം വേഗത്തിലാക്കുന്നതിലും പാർട്ടിയെ സജീവമാക്കുന്നതിലും കുറേക്കൂടി കോൺഗ്രസ് മെച്ചപ്പെടാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
എന്നാൽ ബൂത്തുതലം മുതൽ പാർട്ടി ഒറ്റക്കെട്ടായി സജീവമാണെന്ന് കോൺഗ്രസ് സ്ഥാനാർഥി ആശിഷ് ശുക്ല അവകാശപ്പെട്ടു. ബിജെപിയുടെ തനിനിറം ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അമേഠിയിൽ ഒരു വയലിനു നടുക്കാണ് ആശിഷ് ശുക്ലയുടെ ഇനിയും പണി പൂർത്തിയാകാത്ത വീടുള്ളത്. നിരവധി പ്രവർത്തകർ അദ്ദേഹത്തെ ആനയിച്ചു കൊണ്ടുപോകുന്നുണ്ട്. ബിജെപി സ്ഥാനാർഥി സഞ്ജയ് സിങിന്റെ ആദ്യഭാര്യ ഗരിമ സിങ്ങാണ് സിറ്റിങ് എംഎൽഎ. സഞ്ജയിനോടൊപ്പം ബിജെപിയിലേക്കു പോയ രണ്ടാം ഭാര്യ അമീത സിങ്ങിനെയാണ് 2017ൽ അവർ തോൽപിച്ചത്. ഇത്തവണ ബിജെപി ടിക്കറ്റിനായി ഗരിമയും അമീതയും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവർ രണ്ടുപേരെയും തഴഞ്ഞ് ഭർത്താവിനെയാണ് ബിജെപി അമേഠി നിലനിർത്താൻ തിരഞ്ഞെടുത്തത്.
താൻ കൊണ്ടുവന്ന വികസന പദ്ധതികളിലും തൊഴിലവസരങ്ങളിലും ഊന്നിയാണ് സഞ്ജയ് സിങിന്റെ പ്രചാരണം. അമേഠി കോൺഗ്രസിന്റെ കോട്ടയെന്നതു വെറും പ്രചാരണമാണെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസ് തകർന്നു കഴിഞ്ഞു. മായാവതിയുടെ പാർട്ടി തകരുന്നു. സമാജ്‌വാദി പാർട്ടി ഏതാനും വർഷങ്ങൾ കൊണ്ട് ഇല്ലാതാവും. ഇനി ബിജെപിയുടെ കാലമാണെന്നും വിവേകമുള്ളവർ ബിജെപിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപി തിരഞ്ഞെടുപ്പിൽ ഇതുവരെ രാഹുൽഗാന്ധി പ്രചാരണം നടത്തിയ ഏക മണ്ഡലവും അമേഠിയാണ്. കുടുംബക്കാരോടു സംസാരിക്കാൻ എന്നു പറഞ്ഞാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു 2 വർഷത്തിനു ശേഷം രാഹുൽ മണ്ഡലത്തിലെത്തിയത്. പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയിരുന്നു.
മുൻ എംഎൽഎ ആയിരുന്ന ഗായത്രി പ്രജാപതിയുടെ ഭാര്യ മഹാരാജിയാണ് എസ്പിയുടെ സ്ഥാനാർഥി. പോക്സോ കേസിൽപ്പെട്ട് ഗായത്രി പ്രജാപതി ജയിലിലാണ്. ഭർത്താവിനെതിരെ കള്ളക്കേസെടുത്തു എന്നാണ് പ്രചാരണവേളയിൽ മഹാരാജിയും മക്കളും ഊന്നിപ്പറയുന്നത്. ബ്രാഹ്മണ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ പഴയ വിജയ മന്ത്രമായ ദലിത്–ബ്രാഹ്മണ ഐക്യം മുതലെടുക്കാന്‍ രാഗിണി തിവാരിയെയാണ് ബിഎസ്പി നിർത്തിയിരിക്കുന്നത്. ഈ പോരാട്ടത്തിൽ പ്രതിപക്ഷ വോട്ടുകൾ ചിതറുമെന്നത് അനുകൂലമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 3.48 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ 80,000ത്തോളം ബ്രാഹ്മണരുണ്ട്. 30,000 ഠാക്കൂർമാർ, 25,000 മുസ്‌ലിങ്ങൾ, ദലിതരും മറ്റു പിന്നാക്ക വിഭാഗക്കാരും ചേർന്ന് 1.55 ലക്ഷം പേരുമുണ്ടെന്നാണ് പാർട്ടികളുടെ കൈവശമുള്ള കണക്കുകൾ.
English Summary: UP Elections: Tough contest in Amethi