ഗോവയിൽ ചടുല നീക്കത്തിന് ഡി.കെ.ശിവകുമാർ എത്തുന്നു; സ്ഥാനാർഥികളെ ഹോട്ടലിലേക്കു മാറ്റും
Mail This Article
മുംബൈ ∙ ഗോവയിൽ എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന പ്രതീക്ഷയിൽ നീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. സർക്കാർ രൂപീകരണത്തിനു സാധ്യത തെളിഞ്ഞാൽ നടപടികൾ ഏകോപിപ്പിക്കാനുള്ള ചുമതല കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനു നൽകി. എല്ലാ സ്ഥാനാർഥികളെയും ഹോട്ടലിലേക്കു മാറ്റാനും തീരുമാനിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവുവും നിരീക്ഷകനായ പി.ചിദംബരവും ഞായറാഴ്ച മുതൽ ഗോവയിലുണ്ട്.
ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകൾക്കിടെ തൃണമൂൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാക്കളെ ബിജെപിയും കോൺഗ്രസും സമീപിച്ചിട്ടുണ്ട്. ആം ആദ്‌മി പാർട്ടിയുമായും തൃണമൂൽ–മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി സഖ്യവുമായും തിരഞ്ഞെടുപ്പിനു ശേഷം കൈകോർക്കാൻ കോൺഗ്രസ് തയാറാണെന്നു ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി.
ബിജെപി ക്യാംപിലും നീക്കങ്ങൾ സജീവമാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിച്ചു. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ ഗോവയുടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും ചർച്ച നടത്തി.
2017ലെ തെറ്റു തിരുത്തുമെന്നും തിരഞ്ഞെടുപ്പുഫലം വന്നാൽ കോൺഗ്രസ് ഒരു മിനിറ്റിനകം നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുമെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു. 2017ൽ 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ആരെ നിയമസഭാ കക്ഷി നേതാവാക്കുമെന്ന തർക്കം കോൺഗ്രസിൽ നീണ്ടപ്പോൾ മറ്റു പാർട്ടികളുടെ സഹായത്തോടെ ബിജെപി സർക്കാർ രൂപീകരിച്ചു.
Content Highlight: Goa Assembly elections 2022