ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ വോട്ടെണ്ണൽ ഇന്നു നടക്കാനിരിക്കെ വോട്ടിങ് മെഷീനുകളിൽ തിരിമറിയെന്ന ആരോപണത്തെത്തുടർന്ന് 3 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് വാരാണസിയടക്കം മൂന്നിടങ്ങളിൽ തിരിമറി നടത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് ആരോപണമുയർത്തിയത്. വാരാണസിയിൽ വോട്ടിങ് യന്ത്രം കൊണ്ടുപോകുന്ന വാഹനം ജനങ്ങൾ തടയുന്ന വിഡിയോയും പാർട്ടി പോസ്റ്റ് ചെയ്തു.

വാരാണസി, സോൻഭദ്ര, ബറേലി ജില്ലകളിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ സസ്പെൻഡ് ചെയ്തത്. ഇവിടങ്ങളിൽ വോട്ടിങ് മെഷീനുകൾ പുറത്തു കൊണ്ടുപോയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. 

ബിജെപി വോട്ടിങ് മെഷീനുകൾ മോഷ്ടിച്ചു കടത്താൻ ശ്രമിക്കവേയാണ് ജനങ്ങൾ പിടികൂടിയതെന്ന് അഖിലേഷ് പറഞ്ഞു. രണ്ടാംഘട്ടം തിരഞ്ഞെടുപ്പു നടന്ന മുസഫർപുരിലും ഒരു വാഹനത്തിൽ ഇവിഎം കണ്ടെത്തിയതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. വോട്ടെണ്ണൽ പരിശീലനത്തിനുള്ള മെഷീനുകളായിരുന്നു വാരാണസിയിൽ ജനക്കൂട്ടം തടഞ്ഞ വാഹനത്തിലുള്ളതെന്നാണു ജില്ലാ കലക്ടറും യുപി തിരഞ്ഞെടുപ്പു കമ്മിഷനും ആദ്യം അറിയിച്ചത്. വോട്ടെടുപ്പിന് ഉപയോഗിച്ചവ സീൽ ചെയ്ത് സുരക്ഷിതമായ കേന്ദ്രങ്ങളിലാണ് ഉള്ളതെന്നും പാളിച്ചകളില്ലെന്നുമായിരുന്നു വിശദീകരണം. അതിനു പിന്നാലെയാണ് സോൻഭദ്രയിലും ബറേലിയിലും മെഷീനുകൾ പുറത്തു കണ്ടുവെന്ന പരാതിയുയർന്നത്.

ഇന്നു നടക്കുന്ന വോട്ടെണ്ണൽ എല്ലായിടത്തും വെബ്കാസ്റ്റ് ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടിയും തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

English Summary: Akhilesh Yadav alleges voting machine stolen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com