അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്തമാകും. യുപിയിലെ 403 സീറ്റുകളിലെയും ഫലം വൈകുന്നേരത്തോടെ ലഭ്യമാകും. മറ്റിടങ്ങളിൽ ഉച്ചയോടെ ഫലം വരുമെന്നാണ് കരുതുന്നത്.
പഞ്ചാബിൽ 117, ഉത്തരാഖണ്ഡിൽ 70, മണിപ്പുരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. പഞ്ചാബിൽ കോൺഗ്രസും മറ്റിടങ്ങളിൽ ബിജെപിയുമാണ് അധികാരത്തിലുള്ളത്. എക്സിറ്റ് പോളുകളിൽ യുപിയിലും മണിപ്പുരിലും ബിജെപിക്കും പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുമാണു സാധ്യത പ്രവചിക്കുന്നത്. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. യുപിയിൽ ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിലും പഞ്ചാബിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുമായിരുന്നു മുഖ്യ മത്സരം. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം.
English Summary: Assembly election result today