ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് രാഷ്ട്രീയത്തിൽ ആംആദ്മി പാർട്ടി ചരിത്രം രചിച്ചു. ചൂൽ ചിഹ്നത്തിൽ മത്സരിച്ച പാർട്ടി മറ്റു കക്ഷികളെ ‘തൂത്തെറിഞ്ഞു’. കോൺഗ്രസ്, ശിരോമണി അകാലിദൾ എന്നീ പാർട്ടികൾ മാത്രം ഭരിച്ചിട്ടുള്ള പഞ്ചാബിൽ ആംആദ്മി പാർട്ടി തേരോട്ടമാണ് നടത്തിയത്. അഴിമതിമുക്ത ‘ഡൽഹി മോ‍ഡൽ’ ഭരണം വാഗ്ദാനം ചെയ്ത പാർട്ടിയെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഡൽഹി മാതൃകയിൽ പഞ്ചാബിനായി പത്തിന വികസന മോഡൽ അവതരിപ്പിച്ച് നടത്തിയ പ്രചാരണവും ‘ഇക്കുറി ഞങ്ങൾക്ക് ഒരവസരം നൽകിക്കൂടേ’ എന്ന അഭ്യർഥനയും ജനം കേട്ടു. 

വിവാദ കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയപ്പോൾ ഒപ്പം നിന്ന ആം ആദ്മി പാർട്ടിയിൽ കർഷകർ വിശ്വാസമർപ്പിച്ചു. കർഷക നേതാവ് ബൽബീർ സിങ് രജേവാളിന്റെ നേതൃത്വത്തിൽ 32 കർഷക സംഘടനകളെ കോർത്തിണക്കി രൂപീകരിച്ച സംയുക്ത സമാജ് മോർച്ചയെ കർഷകർ ഗൗനിച്ചില്ല; മോർച്ച ഒരു സീറ്റ് പോലും നേടിയില്ല. 

തൊഴിലില്ലായ്മ, അഴിമതി എന്നിവയിൽ മനംമടുത്ത സാധാരണക്കാരും ആം ആദ്മിക്കു പിന്നിൽ അണിനിരന്നു. ഭഗവന്ത് സിങ് മാനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻകൂട്ടി പ്രഖ്യാപിച്ച് നടത്തിയ പ്രചാരണവും ഫലംകണ്ടു. 

തിരഞ്ഞെടുപ്പിന് 5 മാസം മുൻപ് ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ നീക്കി ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കി ദലിത് വോട്ടുകൾ പിടിക്കാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ പാളി. മത്സരിച്ച 2 സീറ്റിലും ഛന്നി തോറ്റു; പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു അമൃത്​സർ ഈസ്റ്റിൽ രണ്ടാം സ്ഥാനത്തായി. അമരിന്ദറിനെ നീക്കിയതിലൂടെ സ്വന്തം സർക്കാരിനെ തന്നെയാണു പാർട്ടി ഹൈക്കമാൻഡ് അട്ടിമറിച്ചതെന്ന ആക്ഷേപത്തിനു ബലംപകരുന്നതാണു തിരഞ്ഞെടുപ്പ് ഫലം. അതിന്റെ പേരിൽ വരും ദിവസങ്ങളിലുയരുന്ന ആക്ഷേപങ്ങളും ഹൈക്കമാൻഡിനെ വേട്ടയാടും. 

പഞ്ചാബിന്റെ സ്വന്തം പാർട്ടിയെന്ന പ്രതിഛായയുള്ള ശിരോമണി അകാലിദളും കടപുഴകി വീണു. മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും മകനും മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലും തോറ്റു. തുടർച്ചയായി രണ്ടാം വട്ടം ഭരണം നഷ്ടമായത്, പഞ്ചാബിലെ രാഷ്ട്രീയക്കളത്തിൽ അകാലിദളിന്റെ സ്വാധീനം കുറയ്ക്കും. പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ച് ബിജെപിക്കൊപ്പം പുതിയ രാഷ്ട്രീയ സമവാക്യമെഴുതാൻ ഇറങ്ങിത്തിരിച്ച അമരിന്ദർ സിങ്ങും പരാജയമേറ്റുവാങ്ങി.

English Summary: Punjab assembly election result; APP historical win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com