ADVERTISEMENT

ന്യൂഡൽഹി ∙ 2024 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശ് ഉൾപ്പെടെ നാലിടത്ത് ബിജെപിക്കു മിന്നും ജയം. 

പഞ്ചാബിൽ കോൺഗ്രസിനെ തുരത്തി തരംഗമായി ഭരണം പിടിച്ച ആം ആദ്മി പാർട്ടി ദേശീയ തലത്തിലേക്കു ചുവടുവച്ചു. യുപിക്കു പുറമേ ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലും ബിജെപി ഭരണം നിലനിർത്തി. പഞ്ചാബും ഉത്തർപ്രദേശും ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലും കോൺഗ്രസിനു വൻ തോൽവി. 

മോടി കൂടി യോഗി

ഉത്തർപ്രദേശിൽ 5 വർഷം കാലാവധി പൂർത്തിയാക്കിയ ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് (49) ചരിത്രമെഴുതി. 2017ലെ 312 സീറ്റ് എന്ന റെക്കോർഡ് ആവർത്തിക്കാനായില്ലെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഉജ്വല വിജയമാണ് യോഗിയും ബിജെപിയും നേടിയത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിരാതുവിൽ 7337 വോട്ടിനു പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പിൽ വലിയ വോട്ടിങ് ശതമാനമില്ലാതിരുന്നത് ഭരണവിരുദ്ധ വികാരമില്ല എന്നതിന്റെ തെളിവാണെന്ന ബിജെപിയുടെ കണക്കുകൂട്ടലിന്റെ കൂടി വിജയമായി ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുഫലം. കർഷക പ്രക്ഷോഭവും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം വെല്ലുവിളികളായി ഉയർന്നപ്പോഴാണ് യോഗി ആദിത്യനാഥിന്റെ നായകത്വത്തിൽ പാർട്ടി ജയം നേടിയതെന്നതും ശ്രദ്ധേയം. 

കർഷക സമരത്തിന്റെ അലയൊലികളുണ്ടായ പടിഞ്ഞാറൻ യുപിയിലും കർഷകരെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ ലഖിംപുർ ഖേരി മേഖലയിലും ബിജെപിക്ക് വലിയ കോട്ടമുണ്ടായില്ല. ലഖിംപുർ ഖേരിയിലെ നിഘാസൻ അടക്കം 8 സീറ്റുകളിലും ബിജെപിക്കാണ് നേട്ടം.  ഭരണകൂട വിരുദ്ധ സമരങ്ങൾ  അലയൊലികൾ തീർത്ത ഹാത്രസിലും ഉന്നാവിലുമെല്ലാം ബിജെപി വൻ ഭൂരിപക്ഷം നേടി. 

സമാജ്‌വാദി പാർട്ടിക്ക് കഴിഞ്ഞ തവണത്തെക്കാൾ സീറ്റുകളുടെ എണ്ണം കൂട്ടി കരുത്തുകാട്ടാനായെങ്കിലും ഭരണം കയ്യെത്താദൂരത്തായി. അഖിലേഷ് യാദവ് കർഹേലിൽ നിന്നു വിജയിച്ചു. എസ്പി നിലമെച്ചപ്പെടുത്തിയപ്പോൾ ബിഎസ്പിയും കോൺഗ്രസും തകർന്നു. 

കോൺഗ്രസിന് കിട്ടിയത് 2 സീറ്റു മാത്രം. പരമ്പരാഗത മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് വൻ തോൽവി നേരിട്ടു. അമേഠിയിൽ എസ്പിയും റായ്ബറേലിയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അദിതി സിങ്ങുമാണു ജയിച്ചത്. 

സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ബിജെപിക്കു വോട്ടുശതമാനം കൂടി. കോൺഗ്രസിന്റെയും ബിഎസ്പിയുടെയും ദയനീയ പ്രകടനവും  പ്രതിപക്ഷ വോട്ടുകൾ ചിതറിയതും ബിജെപിക്കു ഗുണം ചെയ്തു. വികസന മുദ്രാവാക്യം ബിജെപി ഫലപ്രദമായി ഉപയോഗിച്ചു. 

ജാട്ട് വോട്ടുകൾ നഷ്ടമാകാതിരിക്കാൻ അമിത് ഷാ നേരിട്ടു നടത്തിയ നീക്കങ്ങളും നിർണായകമായി. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ പോലും കൃത്യമായ നീക്കങ്ങളിലൂടെ മറികടക്കാൻ കഴിഞ്ഞു. 

ഉത്തരാഖണ്ഡിൽ ഉത്തരം ബിജെപി

ഇഞ്ചോടിഞ്ചു മത്സരമെന്നു വിലയിരുത്തപ്പെട്ട ഉത്തരാഖണ്ഡിൽ ബിജെപിക്കു മൂന്നിൽ രണ്ടു ഭൂരിപക്ഷം. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ കടുത്ത പോരാട്ടമായിരുന്നെങ്കിലും താമസിയാതെ ബിജെപി മുൻതൂക്കം നേടി. സംസ്ഥാനത്തു ഭരണം നിലനിർത്തുന്ന ആദ്യ പാർട്ടിയാണു ബിജെപി. ഖാട്ടിമ മണ്ഡലത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ തോൽവി കല്ലുകടിയായി. 

കോൺഗ്രസിലെ ഉൾപ്പോരിനെത്തുടർന്ന് റാംനഗറിൽനിന്നു ലാൽകുവയിലേക്കു മണ്ഡലം മാറി മത്സരിച്ച മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അജയ് കോട്യാൽ എന്നിവരും തോറ്റു. എഎപിയും ബിഎസ്പിയും പിടിച്ച വോട്ടുകളും കോൺഗ്രസിനു വിനയായി.

മണിപ്പുരിൽ ആധികാരിക ജയം

മണിപ്പുരിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്. 60 അംഗ നിയമസഭയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ ബിജെപി സർക്കാർ രൂപീകരണത്തിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിനെയും (എൻപിഎഫ്) ഒപ്പംകൂട്ടുമെന്നാണു സൂചന. എന്നാൽ, നിലവിൽ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിയെ (എൻപിപി) മന്ത്രിസഭയിൽ ചേർക്കാൻ സാധ്യതയില്ല. ഈ പാർട്ടികളെല്ലാം ഒറ്റയ്ക്കാണു മത്സരിച്ചത്. സർക്കാരിനെ ആരു നയിക്കുമെന്നതിൽ ഔദ്യോഗിക പ്രഖ്യാനമായിട്ടില്ലെങ്കിലും നിലവിലെ മുഖ്യമന്ത്രി ബിരേൻ സിങ്ങിനുതന്നെയാണു സാധ്യത.

കഴിഞ്ഞ തവണ 28 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് ഒറ്റസംഖ്യയിലേക്കു ചുരുങ്ങി. സംസ്ഥാനം കൂടുതൽ കാലം ഭരിച്ച കോൺഗ്രസ്, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. സിപിഐ, സിപിഎം, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, ജനതാദൾ(എസ്) എന്നിവയെ ഉൾപ്പെടുത്തി കോൺഗ്രസ് രൂപീകരിച്ച പുരോഗമന മതനിരപേക്ഷ സഖ്യം വൻ പരാജയമായി. സ്ഥാനാർഥിയെ കിട്ടാത്തതിനാൽ സിപിഎം മത്സരരംഗത്തുണ്ടായിരുന്നില്ല. സിപിഐ ആകട്ടെ മത്സരിച്ച 2 സീറ്റിലും പരാജയപ്പെട്ടു. ഒറ്റയ്ക്കു മത്സരിച്ച ജനതാദൾ(യു) മികച്ച നേട്ടം സ്വന്തമാക്കി. പുതുതായി രൂപംകൊണ്ട കുക്കി പീപ്പിൾസ് അലയൻസും അക്കൗണ്ട് തുറന്നു.

പ്രതിപക്ഷം ചിതറി; ഗോവ ബിജെപിക്ക്

ഗോവയിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. 40 അംഗ നിയമസഭയിലെ 20 സീറ്റ് നേടിയ ബിജെപിക്ക് 2 സീറ്റുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനുള്ള ഭൂരിപക്ഷമായി. 3 സ്വതന്ത്രരുടെ പിന്തുണയും  ഉറപ്പിച്ചു. ഇതോടെ നാൽപതംഗ സഭയിൽ 25 പേരുടെ പിന്തുണയായി. തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച പാർട്ടിയാണ് എംജിപി. 

ഗോവയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷം ഭിന്നിച്ചത് ബിജെപിക്കു ഗുണമായി. 40 സീറ്റിലും ബിജെപി ഒറ്റയ്ക്കു മത്സരിച്ചപ്പോൾ പ്രതിപക്ഷം കോൺഗ്രസ്– ഗോവ ഫോർവേഡ് പാർട്ടി സഖ്യം, തൃണമൂൽ– എംജിപി സഖ്യം, എൻസിപി– ശിവസേന സഖ്യം, ആം ആദ്മി പാർട്ടി എന്നിങ്ങനെ വെവ്വേറെയാണു മത്സരിച്ചത്. 

ബിജെപിക്കെതിരെ വിശാലസഖ്യമെന്ന തൃണമൂലിന്റെയും ആം ആദ്മിയുടെയും നിർദേശം കോൺഗ്രസ് തള്ളിയിരുന്നു. ഗോവയിൽ കന്നിയങ്കത്തിനിറങ്ങിയ തൃണമൂലിന് ഒരു സീറ്റ്പോലും കിട്ടിയില്ല. 

2 സീറ്റുകൾ ലഭിച്ചത് ആം ആദ്മിക്കു നേട്ടമായി. ഡൽഹിക്കും പഞ്ചാബിനും പുറമേ ആപ് സാന്നിധ്യമറിയിച്ച സംസ്ഥാനമായി ഗോവ. 

എക്സിറ്റ് പോളുകളെല്ലാം ത്രിശങ്കുസഭയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചതെങ്കിലും അതെല്ലാം അസ്ഥാനത്താക്കിയാണ് ബിജെപിയുടെ ജയം. 

ചൂലെടുത്ത് പഞ്ചാബ്

ചൂൽ ചിഹ്നത്തിൽ മത്സരിച്ച ആം ആദ്മി പാർട്ടി പഞ്ചാബ് തൂത്തുവാരി. 117 സീറ്റിൽ 92 എണ്ണവുമായി നാലിൽ മൂന്നു ഭൂരിപക്ഷം. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 18 സീറ്റിൽ ഒതുങ്ങി. 2017 ൽ കോൺഗ്രസിന് 77 സീറ്റും ആം ആദ്മിക്ക് 20 സീറ്റുമായിരുന്നു. 

നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി മത്സരിച്ച 2 സീറ്റിലും തോറ്റതിനൊപ്പം ഉപമുഖ്യമന്ത്രി ഒ.പി.സോണിയും പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവും തോറ്റത് കോൺഗ്രസിന് നാണക്കേടായി. മുൻ മുഖ്യന്ത്രിമാരായ ക്യാപ്റ്റൻ അമരിന്ദർ സിങ്ങും (79) അകാലിദൾ പാർട്ടിയുടെ കാരണവർ സ്ഥാനത്തുള്ള പ്രകാശ് സിങ് ബാദലും (94) മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലും പരാജിതരായി. 

അതേസമയം, ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാൻ (48) അരലക്ഷത്തിലേറെ വോട്ടിനു ജയിച്ചു. കർഷക സംഘടനകൾ രൂപീകരിച്ച സംയുക്ത സമാജ് മോർച്ചയ്ക്ക് ചലനമുണ്ടാക്കാനായില്ല. 

കോൺഗ്രസും അകാലിദളും മാറി മാറി ഭരിച്ച സംസ്ഥാനത്ത് ആദ്യമായാണ് മൂന്നാമതൊരു കക്ഷി അധികാരത്തിലേറുന്നത്.

English Summary: Assembly elections 2022 results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com