ADVERTISEMENT

ന്യൂഡൽഹി ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും തമ്മിലൊരു സാമ്യമുണ്ട്. ഇരുവരും മുൻപു കോമഡി താരങ്ങളായിരുന്നു. ഇരുവരും ചെറുപ്പം– മാൻ 48 വയസ്സ്, സെലെൻസ്കി 44.

പഞ്ചാബി ശീലുകളും തമാശകളുമായി രാഷ്ട്രീയലോകത്തു തിളങ്ങുന്ന മാനിന്റെ ജ‌ന‌പ്രീതി ആം ആദ്മിക്കു വോട്ടായി മാറിയെന്നു നിസ്സംശയം പറയാം. ഡിജിറ്റൽ, വിഡിയോ കാലത്തിനു മുൻപ് ഒട്ടേറെ കോമഡി കസെറ്റുകളുമായി തരംഗമായിരുന്നു ഭഗവന്ത് സിങ് മാൻ. പഞ്ചാബിലെ സംഗ്‌രൂരിലുള്ള സതോജ് ഗ്രാമത്തിൽ 1973 ഒക്ടോബർ 17നാണു ജനനം. 15 ഏക്കറിലേറെ ഭൂമിയുള്ള കർഷക കുടുംബത്തിന്റെ രാഷ്ട്രീയ ചായ്‌വ് അകാലിദളിനോടായിരുന്നു. 1991 ൽ ഷഹീദ് ഉധംസിങ് സർക്കാർ കോളജിൽ ചേർന്ന മാൻ കോളജ് ഫെസ്റ്റിവലുകളിൽ സ്റ്റാൻഡപ് കോമഡി അവതരിപ്പിച്ചുതുടങ്ങി. ഒരു വർഷം കഴിഞ്ഞ് പഠനം നിർത്തി കോമഡിയിൽ കരിയർ തേടിയിറങ്ങി. 19–ാം വയസ്സിൽ ആദ്യ കസെറ്റ് പുറത്തിറക്കി. പിന്നാലെ ടിവി സീരിയലുകളും സിനിമകളും.

അകാലിദളിൽനിന്നു പിണങ്ങിപ്പിരിഞ്ഞ മൻപ്രീത് ബാദലിന്റെ പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിലൂടെ 2011 ലായിരുന്നു രാഷ്ട്രീയത്തുടക്കം. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലെഹ്റ മണ്ഡലത്തിൽ മത്സരിച്ചു മൂന്നാമതായി.

bhagwant-mann-aap-punjab-election-3

2014 ൽ എഎപിയിൽ ചേർന്ന മാൻ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഗ്‌രൂരിൽ അകാലിദളിന്റെ തലമുതിർന്ന നേതാവ് സുഖ്‍ദേവ് സിങ് ധിൻസയെ 2 ലക്ഷത്തിലേറെ വോട്ടുകൾക്കു തോൽപിച്ചു. 2019 ൽ ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെയായി കുറഞ്ഞെങ്കിലും എഎപിയുടെ ഏക എംപിയായി വീണ്ടും ലോക്സഭയിലെത്തി.

വിവാദങ്ങൾക്കു മാൻ അന്യനല്ല. പരസ്യ മദ്യപാനം ഏറെ വിമർശനത്തിനു കാരണമായിട്ടുണ്ട്. പഞ്ചാബിന്റെ നന്മയ്ക്കു വേണ്ടി മാൻ മദ്യം ഉപേക്ഷിച്ചതായി 2019 ൽ ബർണാലയിലെ റാലിക്കിടെ അരവിന്ദ് കേജ്‍രിവാൾ പ്രഖ്യാപിച്ചു. മാനിന്റെ അമ്മ ഹർപാൽ കൗറിനെ സാക്ഷി നിർത്തിയായിരുന്നു പ്രഖ്യാപനം. എന്നാൽ പിന്നീടും മാനിനെതിരെ ആരോപണങ്ങളുയർന്നു.

2014 ൽ എംപിയായി മാസങ്ങൾക്കുള്ളിലായിരുന്നു വിവാഹമോചനം. അതുസംബന്ധിച്ചു ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ – ‘ദീർഘകാലമായുള്ള ഒരു വിഷയം പരിഹരിച്ചിരിക്കുന്നു. 2 കുടുംബങ്ങളിൽ ഏതു തിരഞ്ഞെടുക്കണമെന്ന പ്രതിസന്ധിയിലായിരുന്നു ഞാൻ. ഒടുവിൽ പഞ്ചാബിനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.’

 

English Summary: Bhagwant Mann from comedian to CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com