ADVERTISEMENT

ന്യൂഡൽഹി ∙ നോയിഡയിൽ വരുന്ന യുപി മുഖ്യമന്ത്രിമാർക്ക് അധികാരം നഷ്ടപ്പെടുമെന്ന അന്ധവിശ്വാസം കൂടിയാണ് യോഗി ആദിത്യനാഥ് തകർക്കുന്നത്. നോയിഡയിൽ വന്നാൽ അധികാരം പോകുമെന്നു ഭയന്ന് ഇതിനു മുൻപുള്ള മുഖ്യമന്ത്രിമാർ പലരും അങ്ങോട്ടു വന്നിരുന്നില്ല. 

2018 ൽ മെട്രോ മജന്ത ലൈനിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത യോഗി ആദിത്യനാഥ് പലവട്ടം പിന്നീടു നോയിഡയിലെത്തി. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോൾ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. 

1988 ൽ കോൺഗ്രസ് മുഖ്യമന്ത്രി വീർ ബഹാദൂർ സിങ് നോയിഡ സന്ദർശനം കഴിഞ്ഞയുടൻ രാജിവച്ചതോടെയാണ് ഈ കഥ പടർന്നത്. അതിനു ശേഷം വന്ന എൻ.ഡി.തിവാരിക്കും നോയിഡയിൽ വന്നു മടങ്ങിയതോടെ രാജിവയ്ക്കേണ്ടി വന്നു. മുലായം സിങ്, കല്യാൺ സിങ്, രാജ്നാഥ് സിങ് എന്നീ മുഖ്യമന്ത്രിമാർ ഗൗതംബുദ്ധ് നഗർ ജില്ലയുടെ ആസ്ഥാനമായ നോയിഡയിലേക്കു വന്നതേയില്ല. 

ഡൽഹി– നോയിഡ ഡയറക്ട് ഫ്ലൈവേ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി രാജ്നാഥ് ഡൽഹിയിലാണ് ഉദ്ഘാടനം നിർവഹിച്ചത്. പിന്നാലെ, 2011 ൽ നഗരത്തിലെത്തിയ മുഖ്യമന്ത്രി മായാവതി അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ തോറ്റു. അടുത്ത മുഖ്യമന്ത്രി അഖിലേഷ് യാദവും നോയിഡ തൊടാതെയാണു ഭരിച്ചത്. യമുന എക്സ്പ്രസ് വേ ഉദ്ഘാടനം നോയിഡയിൽ നിശ്ചയിച്ചത് ലക്നൗവിലേക്കു മാറ്റിയാണ് അഖിലേഷ് ‘മുഖ്യമന്ത്രിക്കസേര’ കാത്തത്. 

പ്രിയങ്കയുടെ  ടീമിനു തിരിച്ചടി 

ലക്നൗ ∙ വനിതകൾക്കു പ്രാമുഖ്യം നൽകി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപിയിൽ അവതരിപ്പിച്ച സ്ഥാനാർഥികൾക്കു തിരിച്ചടി. ആശാ വർക്കർമാരുടെ വേതനത്തിനുവേണ്ടി സമരം ചെയ്ത പൂനം പാണ്ഡെ, കലാകാരിയും ആക്ടിവിസ്റ്റുമായ സദാഫ് ജഫാർ, രാജ്യാന്തര ഷൂട്ടിങ് താരം പൂനം പണ്ഡിറ്റ്, നടിയും മോഡലുമായ അർച്ചന ഗൗതം, ഉന്നാവ് പെ‍ൺകുട്ടിയുടെ അമ്മ എന്നിവരെല്ലാം ചിത്രത്തിലേ ഇല്ലാത്തവിധം പരാജയം ഏറ്റുവാങ്ങി. 1500–3000 വോട്ടിനപ്പുറം നേടാൻ ഇവർക്കായില്ല. 

 

യുപിയിൽ ആംആദ്മിക്ക് നിരാശ 

ലക്നൗ ∙ പഞ്ചാബിൽ വീശിയടിച്ചെങ്കിലും യുപിയിൽ ആംആദ്മി പാർട്ടിക്ക് നിരാശ. മത്സരിച്ച എല്ലാ സീറ്റുകളിലും നിന്ന് ആകെ കിട്ടിയത് 0.34% വോട്ട്. ഇത്തവണ പാർട്ടിയുടെ സാന്നിധ്യമറിയിച്ചെന്നും പിഴവുകളിൽ നിന്നു പാഠം പഠിച്ച് മുന്നേറുമെന്നും പാർട്ടിയുടെ സംസ്ഥാനത്തിന്റെ ചുമതല വഹിച്ച സഞ്ജയ് സിങ് എംപി പറഞ്ഞു. 

 

ഉവൈസിയെ തഴഞ്ഞു, 0.43% വോട്ട് 

ലക്നൗ ∙ ഹൈദരാബാദിൽ നിന്നെത്തി യുപിയിൽ കാടിളക്കി പ്രചാരണം നടത്തിയെങ്കിലും അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎം സ്ഥാനാർഥികൾക്ക് ആകെ കിട്ടിയത് 0.43% വോട്ട്. മിക്ക സ്ഥലത്തും ആയിരത്തോളം വോട്ടുമാത്രം. മുസ്​ലിം വോട്ടർമാർക്ക് മുൻതൂക്കമുള്ള സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കുമെന്ന പാർട്ടിയുടെ അവകാശവാദം ഏശിയില്ല. 

 

കേജ്​രിവാളിനെ അഭിനന്ദിച്ച് ആനന്ദ് ശർമ

ന്യൂഡൽഹി ∙ പഞ്ചാബിലെ വിജയത്തിന് ആംആദ്മി പാർട്ടിയെ അനുമോദിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ആനന്ദ് ശർമ രംഗത്തെത്തിയത് ശ്രദ്ധേയമായി. കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് രംഗത്തുവന്ന 23 മുതിർന്ന നേതാക്കളിൽ (ജി 23) ഒരാളാണ് ശർമ. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയട്ടെ എന്ന് കേജ്​രിവാളിനെ അദ്ദേഹം അഭിനന്ദിച്ചു.

കോൺഗ്രസിന്റെ പതനത്തിന്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് അടുത്തിടെ കോൺഗ്രസ് വിട്ട പഞ്ചാബിൽ നിന്നുള്ള മുതിർന്ന നേതാവ് അശ്വനികുമാർ പ്രതികരിച്ചു. ആംആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസുമായിരിക്കും ദേശീയ രാഷ്ട്രീയത്തിൽ ബദൽ സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Yogi visit Noida and wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com