ADVERTISEMENT

ചെന്നൈ ∙ വിദ്യാഭ്യാസ വിദഗ്ധയും ലിംഗനീതി പ്രവർത്തകയും കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥന്റെ ഭാര്യയുമായ മീന (89) അന്തരിച്ചു. സംസ്കാരം നടത്തി. കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ സന്നദ്ധ സ്ഥാപനമായ മൊബൈൽ ക്രച്ചസിന്റെ സ്ഥാപകാംഗവും ഡൽഹി സോഷ്യൽ വെൽഫെയർ ബോർഡിന്റെ മുൻ അധ്യക്ഷയുമാണ്. എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷന്റെ ഇമെരിറ്റസ് ട്രസ്റ്റി, സെന്റർ ഫോർ വിമൻസ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ സ്ഥാപക അംഗം എന്നീ പദവികളും വഹിച്ചിരുന്നു.

യുനെസ്കോയുടെയും യുണിസെഫിന്റെയും കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. 1970ൽ സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എജ്യുക്കേഷൻ പ്രീ-സ്കൂൾ ചൈൽഡ് ഡവലപ്മെന്റ് സമിതിയുടെ അധ്യക്ഷയായിരുന്നപ്പോൾ സമർപ്പിച്ച റിപ്പോർട്ടാണ് സംയോജിത ശിശു വികസന പദ്ധതി (ഐസിഡിഎസ്) എന്നറിയപ്പെടുന്ന അങ്കണവാടികളുടെ പ്രവർത്തനമാറ്റത്തിന് അടിസ്ഥാനമായത്. ദേശീയ പാഠ്യപദ്ധതി തയാറാക്കിയ സമിതിയുടെ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.

കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങൾ തയാറാക്കിയിട്ടുണ്ട്. ലിംഗസമത്വത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ മീന ഇൗ മേഖലയിൽ സജീവമായി പ്രവർത്തിച്ചു. ദ് ഫസ്റ്റ് ത്രീ ഇയേഴ്‌സ് (1989), പ്ലേ ആക്‌റ്റിവിറ്റീസ് ഫോർ ചൈൽഡ് ഡവലപ്മെന്റ് (2008), ഹൂ കെയേഴ്സ്? (1985) തുടങ്ങിയ മീനയുടെ പുസ്തകങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

മക്കൾ: ഡോ. സൗമ്യ സ്വാമിനാഥൻ (ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ്), മധുര സ്വാമിനാഥൻ, നിത്യ റാവു.

English Summary: Mina Swaminathan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com