ആർജെഡിയിൽ എൽജെഡി ലയനം ഇന്ന്; വേറിട്ട് കേരള ഘടകം
Mail This Article
പട്ന ∙ ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ഇന്നു ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ന്യൂഡൽഹിയിൽ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിൽ രാവിലെ ലയന യോഗത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുക്കും.
ലയനം കേരള ഘടകം അംഗീകരിക്കുന്നില്ലെന്നു സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറും ജനറൽ സെക്രട്ടറി സലിം മടവൂർ അറിയിച്ചു. കേരള ഘടകത്തിന്റെ ഭാവിപരിപാടികൾ ആലോചിക്കാൻ സംസ്ഥാന കമ്മിറ്റി വൈകാതെ വിളിച്ചുചേർക്കുമെന്നും ഇരുവരും അറിയിച്ചു.
എൽജെഡി രൂപീകരിക്കുമ്പോൾ ജെഡിയുവിന്റെ രാജ്യസഭാംഗമായിരുന്ന ശരദ് യാദവ് നിയമക്കുരുക്കു മൂലം പുതിയ പാർട്ടിയിൽ ഭാരവാഹിത്വമേറ്റിരുന്നില്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശരദ് യാദവ് ആർജെഡി ടിക്കറ്റിൽ മത്സരിച്ചപ്പോൾ പാർട്ടിയിൽ ലയിക്കാമെന്ന ധാരണയിലെത്തിയിരുന്നു. ശരദ് യാദവ് തിരഞ്ഞെടുപ്പിൽ തോൽക്കുകയും പാർട്ടിയിലെ അഭിപ്രായഭിന്നതകൾ കാരണം ലയനം നീണ്ടുപോകുകയും ചെയ്തു. ശരദ് യാദവിനു ആർജെഡി രാജ്യസഭാ സീറ്റ് നൽകിയേക്കുമെന്നാണു സൂചന.
English Summary: LJD to merge with RJD