ADVERTISEMENT

ഇംഫാൽ ∙ എൻ. ബിരേൻ സിങ് തന്നെ വീണ്ടും മണിപ്പുർ മുഖ്യമന്ത്രിയാവും. കേന്ദ്ര നിരീക്ഷകയായി എത്തിയ മന്ത്രി നിർമല സീതാരാമനാണ് ബിരേൻ സിങ്ങിന്റെ പേര് പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. യോഗം ബിരേൻ സിങ്ങിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിക്കു ഭൂരിപക്ഷം കിട്ടിയെങ്കിലും 10 ദിവസമായി മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിഞ്ഞിരുന്നില്ല. ബിരേൻ സിങ്ങും മുതിർന്ന എംഎൽഎ ബിശ്വജിത് സിങ്ങും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി തർക്കം ഉണ്ടായതോടെയാണിത്. ഇരുവരും ഡൽഹിയിലെത്തി കേന്ദ്രനേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഒടുവിൽ രണ്ടാമതും ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ ഇന്ന് നിശ്ചയിക്കും

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപി എംഎൽഎമാരുടെ യോഗം ഇന്നു ചേരും. ഇടക്കാല മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, മുൻ മുഖ്യമന്ത്രിമാരായ രമേഷ് പൊക്രിയാൽ, ത്രിവേന്ദ്രസിങ് റാവത്ത് എന്നിവരടക്കമുള്ളവർ കേന്ദ്ര മന്ത്രി അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. 

ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരും പങ്കെടുത്തു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങാണു നിരീക്ഷകൻ. പുഷ്കർ സിങ് ധാമി തുടരണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. അതേസമയം ധാമി ഇത്തവണ തോറ്റു എന്നതിനാൽ മറ്റുള്ളവരുടെ പേരും പരിഗണിക്കുന്നുണ്ട്. കേന്ദ്ര സഹമന്ത്രി അജയ് ഭട്ട്, പൊക്രിയാൽ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. 70 അംഗ സഭയിൽ ബിജെപിക്ക് 47 സീറ്റുണ്ട്.

 

യോഗി ആദിത്യനാഥ്  25ന് സ്ഥാനമേൽക്കും

ന്യൂഡൽഹി∙ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാർച്ച് 25ന് സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. പുതിയ ബിജെപി എംഎൽഎമാരുടെ യോഗം ഇന്ന് ലക്നൗവിൽ നടക്കും. മന്ത്രിസഭയുടെ അന്തിമരൂപവും ഇന്നു തയാറാക്കും. യുപിയിൽ നിരീക്ഷകനായി പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്ന അമിത് ഷാ യോഗത്തിൽ പങ്കെടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിൽ പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 5 വർഷ കാലാവധി പൂർത്തിയാക്കിയ ശേഷം യുപിയിൽ വീണ്ടും ജയിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി.

 

English Summary: N Biren Singh to be the next Chief Minister of Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com