ഉപതിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ മുന്നേറ്റം; ബിജെപിക്കു തിരിച്ചടി
Mail This Article
ന്യൂഡൽഹി ∙ ബംഗാൾ, മഹാരാഷ്ട്ര, ബിഹാർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു തിരിച്ചടി. പ്രതിപക്ഷ കക്ഷികൾക്കു മുന്നേറ്റം. ബംഗാളിൽ അസൻസോൾ ലോക്സഭാ സീറ്റും ബോളിഗഞ്ച് നിയമസഭാ സീറ്റും തൃണമൂൽ കോൺഗ്രസിനു ലഭിച്ചു. ബിഹാറിലെ ബോച്ഹാം നിയമസഭാ സീറ്റിൽ ആർജെഡിയും മഹാരാഷ്ട്രയിലെ കോലാപുർ നോർത്ത്, ഛത്തീസ്ഗഡിലെ ഖൈറാഗഡ് എന്നീ നിയമസഭാ സീറ്റുകളിൽ കോൺഗ്രസും ജയിച്ചു.
ആദ്യമാണ് അസൻസോളിൽ തൃണമൂൽ വിജയിക്കുന്നത്. ബിജെപി വിട്ടെത്തിയ മുൻ കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ ശത്രുഘ്നൻ സിൻഹ 3 ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷം നേടി. തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ബോളിഗഞ്ച് നിയമസഭാ സീറ്റിൽ 20,228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തായി. സിപിഎമ്മിന്റെ സൈറാ ഷാ ഹലിം ആണ് രണ്ടാമത്.
ബാബുൽ സുപ്രിയോ രാജിവച്ച ഒഴിവിലാണ് അസൻസോളിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 2 ലക്ഷത്തോളം വോട്ടിനാണ് ബിജെപി സ്ഥാനാർഥിയായി സുപ്രിയോ ജയിച്ചത്. ശത്രുഘ്നൻ സിൻഹ 6,56,358 വോട്ട് നേടിയപ്പോൾ ബിജെപിയുടെ എംഎൽഎ കൂടിയായ അഗ്നിമിത്ര പോൾ 3,53,149 വോട്ട് നേടി. തൃണമൂൽ കോൺഗ്രസ് 56.6 % വോട്ട് നേടി; ബിജെപി 30.4 %. സിപിഎം 7.8%. കഴിഞ്ഞ 2 ലോക്സഭയിലും ബിജെപി ജയിച്ച മണ്ഡലമാണിത്.
ബോളിഗഞ്ചിൽ ബാബുൽ സുപ്രിയോ 51,199 വോട്ട് നേടിയപ്പോൾ സിപിഎമ്മിന്റെ സൈറാ ഷാ ഹലിം 30,971 വോട്ട് നേടി. ബിജെപിയുടെ കേയാ ഘോഷിന് ജാമ്യസംഖ്യ നഷ്ടമായി. അസൻസോളിലും ബോളിഗഞ്ചിലും കോൺഗ്രസിനും ജാമ്യ സംഖ്യ പോയി. അസൻസോളിൽ കോൺഗ്രസിനു ലഭിച്ചത് 1.30% വോട്ടു മാത്രമാണ്. ബോളിഗഞ്ചിൽ 5.06 ശതമാനവും. അസൻസോൾ നഷ്ടമായതോടെ ബംഗാളിൽ നിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം 17 ആയി.
ബിഹാറിലെ ബോച്ഹാം നിയമസഭാ സീറ്റിൽ ആർജെഡിയുടെ അമർ കുമാർ പാസ്വാൻ 36,658 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി ബേബി കുമാരിയെയാണു തോൽപിച്ചത്. അടുത്തിടെ എൻഡിഎ മുന്നണിയിൽ നിന്നു പുറത്താക്കപ്പെട്ട വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) സ്ഥാനാർഥി ഗീതാകുമാരി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായിരുന്ന വിഐപിക്കായിരുന്നു ബോച്ഹാമിൽ ജയം. അന്തരിച്ച വിഐപി എംഎൽഎ മുസാഫിർ പാസ്വാന്റെ മകനാണ് അമർ കുമാർ.
മഹാരാഷ്ട്രയിൽ കോലാപുർ നോർത്ത് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയശ്രീ ജാധവ് വിജയിച്ചു. ബിജെപി സ്ഥാനാർഥി സത്യജിത് കദമിനെതിരെ 18,901 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ജയം. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ചന്ദ്രകാന്ത് ജാധവിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കുകയായിരുന്നു. മഹാവികാസ് അഘാഡി (എംവിഎ) സഖ്യത്തിൽ കോൺഗ്രസ്, ശിവസേന, എൻസിപി എന്നീ കക്ഷികൾ കൈകോർത്ത തിരഞ്ഞെടുപ്പ് കൂടിയാണിത്.
ഛത്തീസ്‌ഗഡിൽ ഖൈറാഗഡ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ യശോദ വർമ ബിജെപിക്കെതിരെ 20,176 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. 2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) സ്ഥാനാർഥി വിജയിച്ചത് 65,516 വോട്ട് നേടിയാണ്. കോൺഗ്രസിന് ലഭിച്ചത് 31,811 വോട്ട് മാത്രം. ഉപതിരഞ്ഞെടുപ്പിൽ 87,879 വോട്ട് നേടി കോൺഗ്രസ് സീറ്റ് സ്വന്തമാക്കി. ബിജെപിക്ക് 67,703 വോട്ട് ലഭിച്ചു. ജെസിസി (ജെ) നേടിയത് 1,222 വോട്ട് മാത്രം.
English Summary: Setback to bjp as opposition parties win in byelection