ADVERTISEMENT

ന്യൂഡൽഹി ∙ തുടർച്ചയായ തോൽവികളിൽ ദുർബലമായ കോൺഗ്രസിനെ വരുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു ശാക്തീകരിക്കാൻ 8 അംഗ ഉന്നതസമിതി (എംപവേഡ് ആക‍്‍ഷൻ ഗ്രൂപ്പ്) രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചു. പുനരുജ്ജീവന വഴി തേടിയുള്ള ചിന്തൻ ശിബിരം അടുത്തമാസം 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കുമെന്നും പ്രഖ്യാപിച്ചു. 2024 തിരഞ്ഞെടുപ്പിലേക്കുള്ള തന്ത്ര രൂപീകരണമാകും ഇതിന്റെയും മുഖ്യലക്ഷ്യം.

തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങളെക്കുറിച്ചു പഠിച്ച പി.ചിദംബരം അധ്യക്ഷനായ സമിതിയാണ് 8 അംഗ എംപവേഡ് ഗ്രൂപ്പ് നിർദേശിച്ചത്. ഇത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

പുതിയ ഗ്രൂപ്പിൽ പ്രശാന്ത് കിഷോർ ഉണ്ടാകുമോയെന്ന ചോദ്യം കോൺഗ്രസ് തള്ളിയില്ല. വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നായിരുന്നു പ്രതികരണം. പ്രശാന്തിനെ പാർട്ടിയിലെടുക്കാതെ പുറത്തു നിർത്തി അദ്ദേഹത്തിന്റെ സേവനം ഉപയോഗിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യത്തിൽ സോണിയ ഗാന്ധി തീരുമാനം അറിയിച്ചിട്ടില്ല. സമിതി അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിലും അതിനു മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒരുപോലെ നിർണായകമായ രാജസ്ഥാനിൽ തന്നെ ചിന്തൻ ശിബിരം നടത്താനുള്ള തീരുമാനവും സോണിയയുടേതാണ്. നേരത്തെ, ഹിമാചൽപ്രദേശും ഗുജറാത്തും ഉൾപ്പെടെ പരിഗണിച്ചു.

congress-leaders

നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യവും സമൂഹത്തിനും രാജ്യത്തിനും ഇവ സൃഷ്ടിക്കുന്ന വെല്ലുവിളികളും ചർച്ച ചെയ്യുമെന്നു പറയുമ്പോഴും പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ തന്നെയാകും ചിന്തൻ ശിബിരത്തിലും ഉയരുക. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 400 പേരാണ് പ്രതിനിധികൾ.

ആലോചനയ്ക്ക് 6 സമിതി, ജി–23 നേതാക്കളും

ചിന്തൻ ശിബിരത്തിന്റെ ഭാഗമായി രൂപീകരിച്ച 6 സമിതികളിലെ 7 പേർ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി–23 നേതാക്കളാണ്. വിമതസ്വരം ഉയർത്തിയ നേതാക്കളിൽപെടുന്ന ഭൂപേന്ദർ ഹൂഡ കർഷകകാര്യ സമിതിയും മുകുൾ വാസ്നിക് സംഘടനാകാര്യ സമിതിയും നയിക്കും. രമേശ് ചെന്നിത്തല സംഘടനാകാര്യ സമിതിയിൽ അംഗമാണ്. മല്ലികാർജുൻ ഖർഗെ നയിക്കുന്ന രാഷ്ട്രീയ സമിതിയിൽ ഗുലാംനബി ആസാദും ശശി തരൂരും ഉൾപ്പെടുന്നു.

പി.ചിദംബരം അധ്യക്ഷനായ സാമ്പത്തികകാര്യ സമിതിയിൽ ആനന്ദ് ശർമയും മനീഷ് തിവാരിയും സച്ചിൻ പൈലറ്റുമുണ്ട്. ചെന്നിത്തലയ്ക്കു പുറമേ, ആന്റോ ആന്റണി (സാമൂഹിക ശാക്തീകരണം), റോജി എം.ജോൺ (യുവജനകാര്യം) എന്നിവരാണ് കേരളത്തിൽനിന്ന് സമിതിയിലുള്ളത്. യുവജനകാര്യം ഒഴികെ (10 അംഗങ്ങൾ) മറ്റെല്ലാം 9 അംഗ സമിതികളാണ്.

English Summary: Congress announces 'Empowered Action Group-2024', four committees for Chintan Shivir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com