രാഹുലിന്റെ നേപ്പാൾ യാത്ര വിവാദമാക്കി ബിജെപി
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിലെ ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്തതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. കോൺഗ്രസ് പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബ്ബിൽ ജീവിതം ആസ്വദിക്കുകയാണെന്ന് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയാണ് വിഡിയോ സഹിതം ട്വീറ്റ് ചെയ്തത്. രാഹുൽഗാന്ധി സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതാണെന്നും ചടങ്ങ് നടന്ന ഹോട്ടലിൽ നിന്നുള്ള വിഡിയോയാണെന്നും കോൺഗ്രസ് വിശദീകരിച്ചു.
ഉച്ചത്തിൽ സംഗീതമുള്ള അരണ്ട വെളിച്ചമുള്ള ഹാളിൽ രാഹുൽ ഗാന്ധി നിൽക്കുന്ന വിഡിയോയാണ് ബിജെപി പുറത്തു വിട്ടത്. ഫോണിൽ ടൈപ്പ് ചെയ്യുന്നതിനിടെ അടുത്തു നിൽക്കുന്ന സ്ത്രീയോടു സംസാരിക്കുന്നുമുണ്ട്. മ്യാൻമറിലെ മുൻ നേപ്പാൾ അംബാസഡറുടെ മകളും രാഹുലിന്റെ സുഹൃത്തുമായ മാധ്യമപ്രവർത്തകയുടെ വിവാഹച്ചടങ്ങാണ് അതെന്നാണ് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചത്.
വൈദ്യുതി പ്രതിസന്ധി, വിലക്കയറ്റം എന്നിവയെക്കുറിച്ചു മിണ്ടാത്ത ബിജെപിക്ക് രാഹുലിനെ കുറ്റം പറയാൻ നൂറു നാവാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ക്ഷണിക്കാതെ പാക്കിസ്ഥാനിലേക്ക് മോദി പോയതുപോലെയല്ല, ക്ഷണം കിട്ടി സുഹൃദ് രാജ്യമായ നേപ്പാളിലേക്കാണ് രാഹുൽ പോയതെന്നും അദ്ദേഹം പറഞ്ഞു.
English Summary: Rahul Gandhi seen at a nightclub in the viral video; BJP takes dig at Congress leader