ADVERTISEMENT

ന്യൂഡൽഹി ∙ വൈദ്യുതിക്ഷാമം രൂക്ഷമായതോടെ അസാധാരണ സാഹചര്യങ്ങൾ നേരിടാനുള്ള നിയമം കേന്ദ്രസർക്കാർ പ്രയോഗിച്ചു. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്ന 13 താപനിലയങ്ങളും പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാൻ ഉത്തരവിട്ടു. 

രാജ്യസുരക്ഷയ്ക്കു ഭീഷണി, ക്രമസമാധാന ലംഘനം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ കേന്ദ്രനിർദേശം അനുസരിച്ചു പ്രവർത്തിക്കാൻ ഉൽപാദന കമ്പനികളോട് ആവശ്യപ്പെടുന്നതാണു വൈദ്യുതി നിയമത്തിലെ 11–ാം വകുപ്പ്. ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന എല്ലാ കമ്പനികളും 10 ശതമാനമെങ്കിലും കൽക്കരി ഇറക്കുമതി ചെയ്യാനും നിർദേശമുണ്ട്. 

ആശങ്കാജനകമായ തരത്തിലാണു താപനിലയങ്ങളിലെ കൽക്കരിശേഖരം കുറയുന്നതെന്ന് ഉത്തരവിൽ പറയുന്നു. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് 99 നിലയങ്ങളിൽ കൽക്കരിശേഖരം തീരെകുറവാണ്. 

എന്തുകൊണ്ട്?

ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് വൻ തോതിൽ വില വർധിച്ചതിനാൽ (നിലവിൽ ടണ്ണിന് 140 യുഎസ് ഡോളർ / 10,775 രൂപ) താപനിലയങ്ങൾ ആഭ്യന്തരവിപണിയിലെ കൽക്കരിയെ കൂടുതലായി ആശ്രയിച്ചതാണ് പ്രതിസന്ധിക്കു കാരണം. ആഭ്യന്തര കൽക്കരി ഉൽപാദനം വർധിച്ചെങ്കിലും വൈദ്യുതി ഉപയോഗം 20% കൂടിയതിനാൽ ഇതു മതിയാകില്ല. എല്ലാ കൽക്കരിനിലയങ്ങളും ഇറക്കുമതി ചെയ്യുന്ന കൽക്കരി കൂടി ഉപയോഗിക്കണമെന്ന് പലതവണ നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരം 13 നിലയങ്ങളിലായി 17,600 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുണ്ടെങ്കിലും നിലവിൽ 10,000 മെഗാവാട്ടിന്റെ ഉൽപാദനമേ നടക്കുന്നുള്ളൂ. 

വില കൂടുമോ?

നിലവിലെ കരാർ അനുസരിച്ച് കൽക്കരിയുടെ വിലയിലെ ഏറ്റക്കുറച്ചിലിന്റെ ബാധ്യത സംസ്ഥാനങ്ങളോ വിതരണക്കമ്പനികളോ ഏറ്റെടുക്കാറില്ല. ഒക്ടോബർ 31 വരെ ഈ ബാധ്യത വൈദ്യുതി വാങ്ങുന്ന സംസ്ഥാനങ്ങളിലേക്കു കൈമാറാനാണു നിർദേശം. മിച്ചമുള്ള വൈദ്യുതി ഈ നിലയങ്ങൾ പവർ എക്സ്ചേഞ്ചിലേക്കു കൈമാറണം. ഇതിന്റെ നിരക്കു തീരുമാനിക്കാൻ സമിതിയെ നിയോഗിക്കും. 15 ദിവസത്തിലൊരിക്കൽ നിരക്കു പുനഃപരിശോധിക്കും. 

സംസ്ഥാനത്ത് വൈദ്യുതി നില മെച്ചപ്പെട്ടു

തിരുവനന്തപുരം∙ സംസ്ഥാനത്തെ വൈദ്യുതി നില മെച്ചപ്പെട്ടെന്നും തിങ്കളാഴ്ച വരെ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. മഴ തുടർന്നാൽ ഈ മാസം കാര്യമായ പ്രതിസന്ധി ഉണ്ടാകില്ല. ഇന്നലെ 4300 മെഗാവാട്ടിലേറെ വൈദ്യുതി സംസ്ഥാനത്തു ലഭ്യമായിരുന്നു. എന്നാൽ ഉപയോഗം 4180 മെഗാവാട്ട് ആയി കുറഞ്ഞു. ഉത്തരേന്ത്യയിൽ വൈദ്യുതിയുടെ ആവശ്യം കുറയുകയും വില താഴുകയും ചെയ്തു.

English Summary: Government invoke emergency law to tackle power crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com