ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യദ്രോഹം സംബന്ധിച്ച 124എ വകുപ്പിന്റെ പ്രയോഗം മരവിപ്പിച്ച സുപ്രീം കോടതി, വേണ്ടത്ര ക്ഷമ കാണിച്ചില്ലെന്നു നിയമമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇടക്കാലവിധി വന്നതിനു പിന്നാലെ, കേന്ദ്ര നിയമമന്ത്രി ‘ലക്ഷ്മണരേഖ’ പ്രയോഗം നടത്തിയത് ഈ അതൃപ്തി മൂലമാണെന്നാണു സൂചന. 

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ 124എ ഒഴിവാക്കേണ്ടതില്ലെന്ന മുൻനിലപാടു മാറ്റി പുനഃപരിശോധനയ്ക്കു തയാറാണെന്നും ഇക്കാര്യം പ്രധാനമന്ത്രി തലത്തിൽ ചർച്ച ചെയ്തെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരിക്കെയാണു സുപ്രീം കോടതിയുടെ അസാധാരണ വിധിയുണ്ടായത്. 1962 ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിശദമായി പരിഗണിച്ചു വിധി പറഞ്ഞ വിഷയമാണു രാജ്യദ്രോഹം. ഇതുന്നയിച്ച് വിശാലബെഞ്ചിനു വിടുന്നതു പോലും എതിർത്തിരുന്ന കേന്ദ്ര സർക്കാർ, 124എയുടെ പ്രയോഗം മരവിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു വ്യക്തം. 

ഹർജികൾ ആദ്യം പരിഗണിച്ചപ്പോൾ തന്നെ 124എ കോളനികാല നിയമമാണെന്നും ഇതു തുടരുന്നതിൽ എന്തു പ്രസക്തിയെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചിരുന്നു. എന്നാൽ, ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞ വിഷയത്തിൽ വിശാലബെഞ്ചിനു വിടുകയെന്നല്ലാതെ മറ്റു 3 അംഗ ബെ‍ഞ്ചിനു വഴികളില്ലായിരുന്നു. ഇതിനിടെ, സർക്കാർ നിലപാടു മാറ്റിയതോടെ കോടതിക്കു കാര്യങ്ങൾ എളുപ്പമായി. 

കേന്ദ്രത്തിനു ചെയ്യാവുന്നത്

കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ മൂന്നാം വാരത്തിനു മുൻപ് തുടർനടപടി സംബന്ധിച്ച് കേന്ദ്ര സർക്കാരിനു വ്യക്തതയുണ്ടാക്കേണ്ടി വരും. നിയമം പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കെ 124എയുടെ പ്രയോഗം പുനഃസ്ഥാപിക്കുക എളുപ്പമാവില്ല. അതേസമയം, പാർലമെന്റ് വഴി പുതിയൊരു നിയമം കൊണ്ടുവരാനോ മറ്റു നിയമങ്ങളിൽ സമാന വ്യവസ്ഥകൾ കൂട്ടിച്ചേർക്കാനോ തടസ്സമുണ്ടാകില്ല.

കോടതിക്കു ചെയ്യാവുന്നത്

124എയുടെ കാര്യത്തിൽ പിന്നോട്ടില്ലെന്ന് ഇടക്കാലവിധിയിൽ തന്നെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. റദ്ദാക്കുകയെന്ന തീരുമാനം സർക്കാരിന്റേതാകട്ടെ എന്ന നിലപാടാണു കോടതി സ്വീകരിച്ചത്. അതേസമയം, സർക്കാർ പാസാക്കുന്നൊരു നിയമം പൗരന്റെ മൗലികാവകാശം ലംഘിക്കപ്പെടുന്നുവെന്നു തോന്നിയാൽ റദ്ദാക്കാൻ സുപ്രീം കോടതിക്ക് കഴിയും. അതുപോലെ, സുപ്രീം കോടതിയുടെ വിധി ശരിയല്ലെന്നു തോന്നിയാൽ അതിനെ മറികടക്കുന്ന നിയമം പാസാക്കാൻ സർക്കാരിനും കഴിയും. 

English Summary: Government of india unsatisfied with supreme court on Sedition law direction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com