ബിജെപിയിൽ കലാപം: ബിപ്ലവ് ദേബ് രാജിവച്ചു; മണിക് സാഹ ത്രിപുര മുഖ്യമന്ത്രി
Mail This Article
ന്യൂഡൽഹി ∙ ത്രിപുരയിൽ നാടകീയ നീക്കത്തിലൂടെ ബിജെപി സംസ്ഥാന പ്രസിഡന്റ് മണിക് സാഹ മുഖ്യമന്ത്രിയായി. കഴിഞ്ഞ മാസമാണ് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഇന്നലെ രാജിവച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയ ബിപ്ലവ് ദേബിനോട് രാജിവയ്ക്കാൻ നേതൃത്വം നിർദേശിച്ചിരുന്നു. ഇന്നലെ അടിയന്തരമായി അഗർത്തലയിലെത്തിയ ബിജെപി നിരീക്ഷകരായ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്, വിനോദ് താവ്ഡെ എന്നീ നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാകക്ഷി യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
മന്ത്രി റാം പ്രസാദ് പോളിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ തീരുമാനത്തെ എതിർക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഉപമുഖ്യമന്ത്രി ജിഷ്ണുദേവ് വർമയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. 2016ൽ കോൺഗ്രസ് വിട്ടുവന്നയാളാണ് മണിക് സാഹ.
English Summary: Manik Saha is the new Tripura Chief Minister