തദ്ദേശീയ കരുത്തോടെ 2 യുദ്ധക്കപ്പലുകൾ കൂടി സേനയിലേക്ക്
Mail This Article
മുംബൈ ∙ ആഭ്യന്തരമായി നിർമിച്ച ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് ഉദയഗിരി എന്നീ യുദ്ധക്കപ്പലുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നീറ്റിലിറക്കി. ആദ്യമായാണു 2 തദ്ദേശീയ യുദ്ധക്കപ്പലുകൾ ഒരുമിച്ചു സേനയുടെ ഭാഗമാകുന്നത്. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പങ്കെടുത്തു. ഡയറക്ടറ്റേറ് ഓഫ് നേവൽ ഡിസൈൻ ചെയ്ത കപ്പലുകൾ മസ്ഗാവ് ഡോക്കിലാണു നിർമിച്ചത്.
ഗുജറാത്തിന്റെ വാണിജ്യതലസ്ഥാനമായ സൂറത്തിന്റെയും ആന്ധ്ര മലനിരകളായ ഉദയഗിരിയുടെയും പേരുകളാണു നൽകിയത്. അത്യാധുനിക സംവിധാനങ്ങളാണ് പുതിയ കപ്പലുകളിലുള്ളതെന്ന് നാവികസേന അറിയിച്ചു.
ഐഎൻഎസ് സൂറത്തിന് 163 മീറ്ററാണ് നീളം. ബറാക് മിസൈൽ, ബ്രഹ്മോസ് മിസൈൽ, റോക്കറ്റ് ലോഞ്ചറുകൾ, പീരങ്കികൾ, രണ്ടു ഹെലികോപ്റ്ററുകൾ എന്നിവയടക്കമുള്ള ആയുധങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. ഉദയഗിരിക്ക് നീളം 142 മീറ്റർ. ഭാരം 6200 ടൺ. മറ്റു യുദ്ധക്കപ്പലുകളെയും മറ്റും സംരക്ഷിക്കലാണ് ദൗത്യം.
English Summary: Two warships handed over to Navy