ഹൈദരാബാദ് പീഡനക്കേസ്: പ്രതികളെ കൊന്നത് വ്യാജഏറ്റുമുട്ടലിൽ
Mail This Article
ന്യൂഡൽഹി ∙ ഹൈദരാബാദിൽ പീഡനക്കേസ് പ്രതികളായ 4 പേർ പൊലീസ് കസ്റ്റഡിയിൽ വെടിയേറ്റു കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നെന്നും ഇതിലുൾപ്പെട്ട 10 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മിഷൻ ശുപാർശ ചെയ്തു. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന തെലങ്കാന സർക്കാരിന്റെ ആവശ്യം തള്ളിയാണു റിപ്പോർട്ട് പരസ്യമാക്കാൻ കമ്മിഷനെ കോടതി അനുവദിച്ചത്. റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾക്കു സുപ്രീം കോടതി തെലങ്കാന ഹൈക്കോടതിയെ ചുമതലപ്പെടുത്തി.
വെറ്ററിനറി ഡോക്ടറായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം തീവച്ചുകൊന്ന കേസിൽ പിടിയിലായ 4 പേരാണ് 2019 ഡിസംബർ 6നു പൊലീസ് തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ തെലങ്കാനയിലെ ഷംഷാബാദിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. പ്രതികളായ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവർ തെളിവെടുപ്പിനിടെ തങ്ങളുടെ തോക്കുകൾ തട്ടിയെടുത്തു വെടിവച്ചെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിൽ നാലുപേരും കൊല്ലപ്പെട്ടെന്നുമാണു പൊലീസ് ഭാഷ്യം.
എന്നാൽ പ്രതികളായ 4 പേരും കൊല്ലപ്പെടണമെന്ന ഉദ്ദേശ്യത്തിൽ പൊലീസ് അവർക്കെതിരെ വെടിയുതിർത്തതാണെന്നും ഇതേക്കുറിച്ചു പൊലീസ് നൽകിയ വിശദീകരണം കെട്ടിച്ചമച്ചതാണെന്നുമാണു സുപ്രീം കോടതി മുൻ ജഡ്ജി വി.എസ്. സിർപുർക്കർ അധ്യക്ഷനായ കമ്മിഷന്റെ കണ്ടെത്തൽ. സ്വയം പ്രതിരോധത്തിനോ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിലോ അല്ല പൊലീസ് വെടിവച്ചത്. കൊല്ലപ്പെട്ട 4 പ്രതികളിൽ 3 പേർക്കും സംഭവസമയത്തു പ്രായപൂർത്തിയായിരുന്നില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ ഇടപെട്ട വിഷയത്തിൽ ഡിസംബർ 12നു തന്നെ സുപ്രീം കോടതി മൂന്നംഗ കമ്മിഷനെ നിയോഗിച്ചു. ജസ്റ്റിസ് സിർപുർക്കറിനു പുറമേ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ സൊന്ദുർ ബൽഡോത, സിബിഐ മുൻ ഡയറക്ടർ ഡി.ആർ. കാർത്തികേയൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ. കഴിഞ്ഞ ജനുവരിയിൽ കമ്മിഷൻ റിപ്പോർട്ട് രഹസ്യരേഖയായി സുപ്രീംകോടതിക്കു കൈമാറിയിരുന്നെങ്കിലും പരസ്യമാക്കാൻ ഇന്നലെയാണു കോടതി അനുവദിച്ചത്.
പ്രതികളെ കൊന്നതും അതേ സ്ഥലത്ത്
സ്വകാര്യത മാനിച്ചു ‘ദിശ’ എന്നു പിന്നീടു പേരു നൽകപ്പെട്ട യുവ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം 2019 നവംബർ 28നു പുലർച്ചെയാണ് ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. 29നു പ്രതികൾ അറസ്റ്റിലായി.
ഇരുചക്ര വാഹനം കേടായതിനെത്തുടർന്നു രാത്രി വഴിയിൽ ഒറ്റപ്പെട്ടുപോയ യുവതിയെ സഹായിക്കാൻ എന്ന വ്യാജേന അടുത്തുകൂടിയ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം തീവയ്ക്കുകയിരുന്നുവെന്നാണു പൊലീസ് കേസ്. പ്രതികൾ യുവ ഡോക്ടറെ കത്തിച്ച സ്ഥലത്തിനു 100 മീറ്റർ അപ്പുറത്താണു പ്രതികളെയും പൊലീസ് വെടിവച്ചു കൊന്നത്.
∙ എല്ലാം കെട്ടിച്ചമച്ചത്
‘പൊലീസ് പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണ്. ആയുധം പിടിച്ചുവാങ്ങുക, കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുക, പൊലീസ് സംഘത്തെ പരുക്കേൽപ്പിക്കുക, വെടിയുതിർക്കുക തുടങ്ങിയ കാര്യങ്ങൾ പ്രതികൾ ചെയ്തതായി സാഹചര്യ തെളിവുകളിൽ വ്യക്തമാകുന്നില്ല. അതുകൊണ്ടു 10 പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തണം. ആൾക്കൂട്ട ആക്രമണം പോലെ ഉടൻ നീതിയെന്നത് അംഗീകരിക്കാൻ കഴിയില്ല.
പ്രതികളെ സുരക്ഷിതമായി കൊണ്ടുപോകേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. ഇതിൽ വീഴ്ചയുണ്ടാകുന്നത് ഇവരുടെ ഉദ്ദേശ്യം വെളിവാക്കുന്നതാണ്. അറസ്റ്റ്, റിമാൻഡ് ഘട്ടങ്ങളിൽ പ്രതികൾക്കുള്ള നിയമപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ക്രിമിനൽ നടപടി ചട്ടത്തിലെയും മനുഷ്യാവകാശ കമ്മിഷൻ മാർഗരേഖകളിലെ നിർദേശങ്ങളുടെയും സുപ്രീം കോടതി നിർദേശങ്ങളുടെയും ലംഘനമുണ്ടായി.’ – കമ്മിഷന്റെ റിപ്പോർട്ടിൽനിന്ന്
English Summary: Supreme Court terms Hyderabad encounter fake