‘സാധാരണ പടയാളി’യായി ഹാർദിക് ബിജെപിയിൽ
Mail This Article
ന്യൂഡൽഹി ∙ ഗുജറാത്തിലെ പട്ടേൽ വിഭാഗം നേതാവും കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റുമായ ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ സംസ്ഥാന ബിജെപി ഓഫിസിൽ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി.ആർ.പാട്ടീലും മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഒരു സാധാരണ പടയാളിയായി വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് ഹാർദിക് ഇന്നലെ ട്വീറ്റു ചെയ്തിരുന്നു. കോൺഗ്രസിൽ പ്രവർത്തനമില്ലെന്നും ബിജെപിയിൽ രാജ്യസേവനത്തിന് ആഗ്രഹിക്കുന്നവർക്ക് അവസരമുണ്ടെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും വിമർശിച്ചിരുന്ന ഹാർദിക് പട്ടേൽ ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി പാർട്ടിയിൽ അംഗത്വമെടുക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ദേശീയ നേതൃത്വം താൽപര്യം കാണിച്ചില്ല. ഗുജറാത്തിലെ ചടങ്ങിലും ദേശീയ നേതാക്കൾ പങ്കെടുത്തില്ല. കോൺഗ്രസിൽനിന്ന് നേതാക്കളെ ബിജെപിയിലേക്കു കൊണ്ടുവരാൻ ശ്രമിക്കുമെന്നു ഹാർദിക് പറഞ്ഞു.
English Summary: "A Small Soldier": Hardik Patel's Tweet Makes BJP Entry Official