ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയ രംഗം വീണ്ടും സജീവമായി. ദേശീയ പുരോഗമന സഖ്യത്തിന്റെ (എൻഡിഎ) ഭാഗമല്ലാത്ത ബിജെഡി, വൈഎസ്ആർസിപി തുടങ്ങിയ കക്ഷികളുടെകൂടി പിന്തുണയോടെ തങ്ങളുടെ സ്ഥാനാർഥിയുടെ വിജയം എളുപ്പമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രതിപക്ഷത്തു പൊതുസ്ഥാനാർഥിക്കായി ചർച്ചകൾ തുടങ്ങി.

ബിജെഡി, ൈവഎസ്ആർസിപി നേതാക്കളുമായി പ്രധാനമന്ത്രിയുൾപ്പെടെ നേരത്തെ ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷത്തെ നേതാക്കളിൽ ശരദ് പവാർ, മമത ബാനർജി, സീതാറാം യച്ചൂരി, എം.കെ.സ്റ്റാലിൻ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഫോണിൽ ചർച്ച നടത്തി. സോണിയ ചുമതലപ്പെടുത്തിയ പ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ മറ്റു പ്രതിപക്ഷ നേതാക്കളുമായി ചർച്ച ആരംഭിച്ചു. മുംബൈയിലുള്ള ഖർഗെ, ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഉദ്ധവ് താക്കറെയെയും കാണും. പ്രതിപക്ഷ നേതാക്കൾ അടുത്തയാഴ്ച യോഗം ചേരാനാണ് ആലോചിക്കുന്നത്. തങ്ങൾ സ്ഥാനാർഥിയെ നിർത്തുന്നില്ലെന്നും പൊതുസ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയത് ശ്രദ്ധേയമായ നീക്കമാണ്.

2017 ൽ ചർച്ച ചെയ്യപ്പെട്ടതുൾപ്പെടെ, കക്ഷിരാഷ്ട്രീയമില്ലാത്ത ചിലരുടെ പേരുകളാണ് പ്രതിപക്ഷത്ത് പരിഗണനയിലുള്ളത്. ഒപ്പം, സ്ഥാനാർഥിത്വത്തിന് പവാർ താൽപര്യപ്പെടുമോയെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ബിജെപി പട്ടിക വർഗത്തിൽനിന്നുള്ള വനിതയെ സ്ഥാനാർഥിയാക്കിയേക്കുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഒരവസരം കൂടി നൽകാനുള്ള സാധ്യത പറയുന്നില്ല. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രതിപക്ഷവുമായും ചർച്ച നടത്തുമെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു. 

2017 ൽ ജയിച്ച എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനു ലഭിച്ച വോട്ടിന്റെ മൂല്യം: 7,02,044. പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാർ: 3,67,314. കോവിന്ദിന് ടിആർഎസ്, ബിജെഡി, ടിഡിപി, വൈഎസ്ആർസിപി, ഐഎൻഎൽഡി എന്നിവയുടെ പിന്തുണ ലഭിച്ചു. ഗുജറാത്തിൽ കോൺഗ്രസിലെ ചില എംഎൽഎമാരും പിന്തുണച്ചു. ഇത്തവണ അകാലി ദളും ശിവസേനയും എൻഡിഎയിലില്ല, ഐഎൻഎൽഡിയുടെയും ടിആർഎസിന്റെയും പിന്തുണയില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ബിജെപി പ്രതീക്ഷിക്കുന്നില്ല.

നിയമസഭകളിലെയും പാർലമെന്റിലെയും മൊത്തം അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് മൊത്തം വോട്ട് മൂല്യം 10,86,431 എന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. ഈ മാസം 23ന് 3 ലോക്സഭാ മണ്ഡലങ്ങളിലും 7 നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പുണ്ട്. ഒപ്പം, ഇന്നത്തെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലവും ചേർത്താലേ വോട്ട് ചിത്രത്തിന് വ്യക്തതയാവൂ.

നിലവിലെ സ്ഥിതി പരിഗണിച്ചാൽ എൻഡിഎയ്ക്ക് തനിച്ചുള്ള വോട്ടുകളുടെ മൂല്യം ഏകദേശം 5.33 ലക്ഷമാണ്. ബിജെഡി, വൈഎസ്ആർസിപി, ടിഡിപി എന്നിവയില്ലാതെ പ്രതിപക്ഷത്തിനുള്ളത് ഏകദേശം 4.48 ലക്ഷം. ബിജെഡി, വൈഎസ്ആർസിപി, ടി‍‍ഡിപി എന്നിവയ്ക്കുള്ളത് ഏകദേശം 81,000. ഈ 3 കക്ഷികൾകൂടി പ്രതിപക്ഷത്തിനൊപ്പം ചേർന്നാൽ മാത്രമേ എൻഡിഎ സ്ഥാനാർഥിക്ക് വെല്ലുവിളിയാകൂ. മൂന്നിൽ ഏതെങ്കിലുമൊരു കക്ഷി എൻഡിഎയുടെ പക്ഷത്തു വോട്ട് ചെയ്താൽ അവരുടെ ജയം എളുപ്പമാവും. 

കേരള വോട്ടുകൾ ഒറ്റപ്പക്ഷത്ത്; ബിജെപി വിരുദ്ധ ചേരിയുടെ സ്ഥാനാർഥിക്ക് 140 വോട്ടും ലഭിച്ചേക്കും

തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് വേണ്ടിവന്നാൽ കേരളത്തിലെ എംഎൽഎമാരുടെ മുഴുവൻ വോട്ടും ഒറ്റ സ്ഥാാനാർഥിക്കു ലഭിച്ചേക്കും. ബിജെപി വിരുദ്ധ ചേരിയുടെ പ്രതിനിധിക്കാകും ആ വോട്ടുകൾ. കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താതിരിക്കുകയും ഇടതുപക്ഷം നിർത്തുകയും ചെയ്താൽ കേരളത്തിലെ യുഡിഎഫ് എംഎൽഎമാർ എന്തു നിലപാട് സ്വീകരിക്കമെന്നതു കൗതുകം ഉയർത്തുന്നു.

കഴിഞ്ഞ തവണ യുപിഎ സ്ഥാനാർഥി മീരാ കുമാറിനാണ് കേരളത്തിലെ 137 എംഎൽഎമാരും വോട്ടു ചെയ്തത്. അന്നു സ്വതന്ത്രനായിരുന്ന പി.സി.ജോർജും മീരാ കുമാറിനു വോട്ട് ചെയ്തു. ഒ.രാജഗോപാലിന്റെ വോട്ട് മാത്രമാണ് എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനു ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചിരുന്നതിനാൽ വേങ്ങരയ്ക്കു നിയമസഭയിൽ പ്രതിനിധി ഉണ്ടായിരുന്നില്ല. പാറയ്ക്കൽ അബ്ദുല്ല സൗകര്യം കണക്കിലെടുത്ത് തമിഴ്നാട് നിയമസഭാ മന്ദിരത്തിലാണ് വോട്ട് ചെയ്തത്.

English Summary: President election strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com