റാഞ്ചിയിൽ പ്രതിഷേധം, വെടിവയ്പ്: 2 പേർ കൊല്ലപ്പെട്ടു
Mail This Article
ന്യൂഡൽഹി ∙ പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയുടെ മുൻ വക്താക്കളായ നൂപുർ ശർമയുടെയും നവീൻ ജിൻഡലിന്റെയും അറസ്റ്റ് ആവശ്യപ്പെട്ട് വെള്ളിയാഴ്ച നടന്ന പ്രതിഷേധം പല സംസ്ഥാനങ്ങളിലും സംഘർഷത്തിൽ കലാശിച്ചു.
ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിനിടെ 2 പേർ വെടിയേറ്റു മരിച്ചു. മുദസിർ (16), സഹിൽ അൻസാരി (22) എന്നിവരാണു കൊല്ലപ്പെട്ടത്. വെടിവയ്പിലും കല്ലേറിലും സാരമായി പരുക്കേറ്റ 13 പേരിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്.. പരുക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. റാഞ്ചിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് വിലക്കി. അക്രമങ്ങളെപ്പറ്റി അന്വേഷണത്തിന് രണ്ടംഗ ഉന്നത സമിതിയെ മുഖ്യമന്ത്രി ഹേമന്ത് സോറൻ നിയോഗിച്ചു.
ബംഗാളിലെ ഹൗറ ജില്ലയിൽ സംഘർഷാവസ്ഥ തുടരുന്നു. ഹൗറയിലും മുർഷിദാബാദിലും 14 വരെ ഇന്റർനെറ്റ് വിലക്കി. ഹൗറ സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജൂംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശിൽ വിവിധ ജില്ലകളിൽനിന്നായി 237 പേർ ദേശീയ സുരക്ഷാ നിയമം പ്രകാരം അറസ്റ്റിലായി. സഹാറൻപുർ, ഹത്രസ്, പ്രയാഗ്‌രാജ്, അംബേദ്കർ നഗർ, ഫിറോസാബാദ്, അലിഗഡ് എന്നിവിടങ്ങളിലാണ് അറസ്റ്റ്. സഹാറൻപുരിൽ 2 പ്രതികളുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. ഈ മാസം 3 ന് കാൻപുരിൽ നടന്ന അക്രമസംഭവങ്ങളിൽ മുഖ്യ പ്രതിയായ വ്യക്തിയുടെ ബന്ധുവിന്റെ ബഹുനില കെട്ടിടങ്ങളും ഇടിച്ചുനിരത്തി. നൂപുർ ശർമയുടെ തലവെട്ടുന്നതു ചിത്രീകരിച്ച വിഡിയോയുടെ പേരിൽ കശ്മീരിലെ യുട്യൂബർ ഫൈസൽ വാനി അറസ്റ്റിലായി.
നൂപുർ ശർമയെ പിന്തുണച്ച് പ്രജ്ഞ സിങ്
ഭോപാൽ ∙ വിവാദ പരാമർശങ്ങളുടെ പേരിൽ സസ്പെൻഷനിലായ ബിജെപി വക്താവ് നൂപുർ ശർമയ്ക്കു പിന്തുണയുമായി ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ രംഗത്ത്. ആരെങ്കിലും ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചാൽ, ‘സത്യം’ വിളിച്ചുപറയുമെന്നു നൂപുറിന്റെ വിവാദപരാമർശങ്ങളെ സൂചിപ്പിച്ച് ഭോപാൽ എംപി പറഞ്ഞു.
English Summary: Protest in Ranchi