ഓടുന്ന ട്രെയിനിലെ ഒഴിവുള്ള സീറ്റിൽ റിസർവേഷൻ: പദ്ധതി വ്യാപിപ്പിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ ട്രെയിൻ യാത്ര തുടങ്ങിയശേഷം ഒഴിവു വരുന്ന സീറ്റുകളിൽ റിസർവേഷൻ ലഭ്യമാക്കുന്ന രീതിയിൽ എച്ച്എച്ച്ടി (ഹാൻഡ് ഹെൽഡ് ടെർമിനൽ. ഹാങിങ് ടെർമിനൽ എന്ന് റെയിൽവേ പ്രയോഗം) സംവിധാനം വ്യാപിപ്പിക്കുന്നു. ഇപ്പോൾ രാജധാനി, ശതാബ്ദി എക്സ്പ്രസുകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.
സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ ഒഴിവുള്ള ബെർത്തുകൾ ടിക്കറ്റ് എക്സാമിനറുടെ കൈവശം ഉള്ള ഉപകരണം വഴി കേന്ദ്രീകൃത റിസർവേഷൻ സംവിധാനത്തിൽ ലഭ്യമാക്കുന്ന രീതിയാണിത്. തുടർന്നുള്ള സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് റിസർവ് ചെയ്യാം. ആർഎസിക്ക് ബെർത്ത് നൽകാനും വെയ്റ്റ് ലിസ്റ്റ് യാത്രക്കാർക്ക് കൺഫേംഡ് ടിക്കറ്റ് നൽകാനും ഇതു വഴി ടിടിഇക്കു കഴിയും. റിസർവേഷൻ സംവിധാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഇതു വ്യാപിപ്പിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
രാജധാനി, ശതാബ്ദി ട്രെയിനുകളിലായി 550 എച്ച്എച്ച് ടെർമിനലുകളാണ് ഇപ്പോൾ ഉള്ളത്. 10,000 എച്ച്എച്ച്ടികൾ കൂടി വിവിധ മേഖലകൾക്കു നൽകിക്കഴിഞ്ഞു. പ്രീമിയം ട്രെയിനുകളായ തുരന്തോ, ജനശതാബ്ദി, സമ്പർക്ക് ക്രാന്തി, ഹംസഫർ, വന്ദേഭാരത്, ഗരീബ് രഥ് എന്നിവയിലും ചില സൂപ്പർ ഫാസ്റ്റ് ട്രെയിനുകളിലും ആദ്യഘട്ടത്തിൽ ഇത് ഏർപ്പെടുത്തും.
ദക്ഷിണ മേഖലയിൽ 36 ട്രെയിനുകളിൽ ഈ സംവിധാനമുണ്ടാകും. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം–പട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയും ഇതിലുൾപ്പെടും.
Content Highlight: Railway Reservation